| Saturday, 22nd October 2022, 9:50 pm

മുറിവേറ്റ പശുവിനെ പോലെയാണ് അയാള്‍, മോശമെന്ന് പറഞ്ഞാല്‍ പോര, അതുക്കും മേലേ; ലിവര്‍പൂള്‍ സൂപ്പര്‍താരത്തിനെതിരെ ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

നോട്ടിങ്ങാം ഫോറസ്റ്റിനെതിരെ ഞെട്ടിപ്പിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ലിവര്‍പൂളിനെതിരെ കലിപ്പിലായിരിക്കുകയാണ് ആരാധകര്‍. 1-0ത്തിനായിരുന്നു കുഞ്ഞന്‍ ടീമിന് മുമ്പില്‍ ലിവര്‍പൂള്‍ അടിയറവ് പറഞ്ഞത്.

മുന്‍ ലിവര്‍പൂള്‍ ഫോര്‍വേഡായിരുന്ന തയ്‌വോ അവ്‌നോയി ആയിരുന്നു നോട്ടിങ്ഹാം ഫോറസ്റ്റിന് വേണ്ടി കളിയിലെ ഒരേയൊരു ഗോള്‍ നേടിയത്.

ജയിക്കാതെ പോയതിനേക്കാല്‍ ലിവര്‍പൂള്‍ ആരാധകരെ നിരാശപ്പെടുത്തുന്നത് ടീമിന്റെ മോശം പെര്‍ഫോമന്‍സാണ്. മിഡ്ഫീല്‍ഡര്‍മാര്‍ക്കും പ്രതിരോധനിരക്കുമെതിരെയാണ് പ്രധാനമായും വിമര്‍ശനങ്ങള്‍ ഉയരുന്നത്.

മിഡ്ഫീല്‍ഡായ സൂപ്പര്‍താരം ഫാബിഞ്ഞോക്കെതിരെയാണ് കൂടുതല്‍ വിമര്‍ശങ്ങളുമുണ്ടാവുന്നത്. 90 മിനിട്ടില്‍ 11 തവണയാണ് ഫാബിഞ്ഞോയില്‍ നിന്നും പന്ത് കൈവിട്ടു പോയത്. മാത്രമല്ല ആകെ ഒരേ ഒരു ടാക്കിളാണ് മൊത്തം മത്സരത്തില്‍ താരം നടത്തിയത്.

ഈ പെര്‍ഫോമന്‍സിനെതിെര ആരാധകര്‍ ട്വിറ്ററില്‍ കടുത്ത ഭാഷയിലാണ് പ്രതികരിക്കുന്നത്. ഫാബിഞ്ഞോ കുറച്ച് വീക്കാണെന്ന് അറിയാമായിരുന്നു, പക്ഷെ ഇത്രയും പ്രതീക്ഷിച്ചില്ല എന്നാണ് ഒരാളുടെ കമന്റ്. ഇത്രയും സ്ലോ ആയി കളിച്ചതിലൂടെ താരത്തെ ഒന്നിനും കൊള്ളില്ലെന്ന് മനസിലാക്കി തന്നുവെന്നും ഈ കമന്റില്‍ പറയുന്നു.

ഫാബിഞ്ഞോയുടെ ഏറ്റവും മോശം പെര്‍ഫോമന്‍സായിരുന്നു ഇതെന്ന് മറ്റൊരു ട്വീറ്റില്‍ പറയുന്നു. താരത്തെ എത്രയും വേഗം വിറ്റുകളയുന്നതാണ് ലിവര്‍പൂളിന് നല്ലതെന്നും പലരും കമന്റില്‍ പറയുന്നുണ്ട്.

‘മുറിവേറ്റ പശുവിനെ പോലെയാണ് അയാള്‍ ഓടുന്നത്. പത്ത് മീറ്റിറില്‍ കൂടുതല്‍ ഒരു പാസ് നല്‍കാനാകില്ല. എല്ലാ ടാക്കിളും വിഫലമാക്കും. നിര്‍ത്തിപോകാന്‍ സമയമായി,’ എന്നാണ് ഒരാള്‍ പറഞ്ഞത്.

ഈ കമന്റുകള്‍ കുറച്ച് കടുപ്പമാണെന്ന് തോന്നാമെങ്കിലും ആരാധകരെ കുറ്റം പറയാനാകില്ലെന്നാണ് ഫുട്‌ബോള്‍ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഒരു ഡിഫന്‍സ് പ്ലെയറില്‍ നിന്ന് ആരായാലും ഇതില്‍ കൂടുതല്‍
പ്രതീക്ഷിക്കുമെന്നാണ് ഇവര്‍ പറയുന്നത്.

ഏറ്റവും മികച്ച ഡിഫന്‍സ് മിഡ്ഫീല്‍ഡായിരുന്ന ഫാബിയോയുടെ ഇന്നത്തെ അവസ്ഥയില്‍ വേദന പ്രകടിപ്പിക്കുന്നവരുമുണ്ട്. ലിവര്‍പൂളിന്റെ ഏറ്റവും വിശ്വസ്തനായ കളിക്കാരനായിട്ടായിരുന്നു ഒരു കാലത്ത് ഫാബിഞ്ഞോ അറിയപ്പെട്ടിരുന്നത്.

ഫാബിഞ്ഞോ തീര്‍ക്കുന്ന പ്രതിരോധക്കോട്ട മറികടന്ന് ലിവര്‍പൂളിന്റെ ബോക്‌സില്‍ കയറാന്‍ എതിര്‍ടീം പെടാപ്പാട് പെട്ടിരുന്നു. പക്ഷെ കഴിഞ്ഞ കുറച്ച് നാളുകളായി ഫോമില്ലായ്മയുടെ പര്യായമായി മാറിയിരിക്കുകയാണ് താരം.

Content Highlight: Liverpool fans against Fabinho

We use cookies to give you the best possible experience. Learn more