നോര്‍വീജിയന്‍ ഗോളടി മെഷീന്‍ എര്‍ലിങ് ഹാലണ്ടിന്റെ വരവോടെ മാഞ്ചസ്റ്റര്‍ സിറ്റി അജയ്യരായി മാറിയിരിക്കുന്നുവെന്ന് ലിവര്‍പൂര്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്. ലോകത്തെ ഏറ്റവും മികച്ച സ്‌ട്രൈക്കറെന്നാണ് ഹാലണ്ടിനെ ക്ലോപ് വിശേഷിപ്പിച്ചത്.
‘ഇനിയാര്‍ക്കും സിറ്റിയോട് ഏറ്റുമുട്ടാനാകില്ല. ലോകത്തെ ഏറ്റവും മികച്ച ടീമാണ് നിങ്ങളുടെ പക്കലുള്ളത്. അതിനൊപ്പം ഇന്നത്തെ കാലത്തെ ഏറ്റവും മികച്ച സ്‌ട്രൈക്കറെയും കൊണ്ടുവന്നിരിക്കുന്നു. ഇതിനൊന്നും എത്ര ചെലവാകുമെന്ന് നിങ്ങള്‍ നോക്കുന്നേയില്ല. വിജയിക്കാന്‍ എന്താണോ വേണ്ടത്, അത് നിങ്ങള്‍ ചെയ്യുന്നു,’ ക്ലോപ് പറഞ്ഞു.
അതിഗംഭീരമായ പൊട്ടന്‍ഷ്യലുള്ള താരമാണ് ഹാലണ്ടെന്നും ക്ലോപ് പറഞ്ഞു. 2019ല്‍ നടന്ന മാച്ചിന്റെ അനുഭവങ്ങളും ക്ലോപ് പങ്കുവെച്ചു.
ഹാലണ്ട് ആര്‍.ബി സാല്‍സ്ബര്‍ഗിലുണ്ടായിരുന്ന സമയത്ത് ലിവര്‍പൂളുമായി ഏറ്റുമുട്ടിയിരുന്നു. ആ മാച്ചില്‍ തന്നെ താരത്തിന്റെ കഴിവ് തനിക്ക് മനസിലായിരുന്നെന്നാണ് ക്ലോപ് പറയുന്നത്.
‘വളരെ ചെറുപ്പമായിരുന്ന സമയത്ത് പോലും അതിമാരക കഴിവുള്ളവനായിരുന്നു അവന്‍. അവനെ പറ്റി തലപുകഞ്ഞ് ആലോചിക്കുകയാണ് എല്ലാവരും. എങ്ങനെയൊക്കെ പൂട്ടാന്‍ നോക്കിയാലും അവന്‍ ഗോളടിക്കും.
പുതിയ റെക്കോഡുകള്‍ സൃഷ്ടിച്ചുകൊണ്ടാണ് ഹാലണ്ട് മുന്നോട്ടുപോകുന്നത്. മികച്ച കായികക്ഷമതയോടൊപ്പം ടെക്‌നിക്കലായും അവന്‍ മുന്നിട്ടുനില്‍ക്കുന്നുണ്ട്.
അവന്റെ ശ്രദ്ധയും ഏകാഗ്രതയും പിച്ചിലെ കാര്യങ്ങളിലെ ശ്രദ്ധയുമൊക്കെ അസാധാരണ മികവ് പുലര്‍ത്തുന്നതാണ്,’ ക്ലോപ് പറയുന്നു.
22 വയസുകാരനായ ഹാലണ്ട് ഈ സീസണിലാണ് ബുണ്ടസ് ലിഗ ജയന്റ്‌സായ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്നും സിറ്റിയിലെത്തിയത്. ഡോര്‍ട്മുണ്ടില്‍ വെച്ച് തന്നെ ഹാലണ്ട് ഒരു ഗോളടി യന്ത്രമായിരുന്നു.
ഇപ്പോള്‍ സിറ്റിയിലെത്തിയതിന് ശേഷം 13 മാച്ചുകളില്‍ നിന്നായി 20 ഗോളുകള്‍ താരം വാരിക്കൂട്ടി കഴിഞ്ഞു. പ്രീമിയര്‍ ലീഗിലെ ഒരുപിടി റെക്കോഡാണ് അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നത്.
ആദ്യത്തെ ആറ് കളിയില്‍ തന്നെ അദ്ദേഹം പത്ത് ഗോള്‍ നേടിയിരുന്നു. പ്രീമിയര്‍ ലീഗില്‍ ഏറ്റവും വേഗത്തില്‍ പത്ത് ഗോള്‍ തികയ്ക്കുന്ന താരമെന്ന റെക്കോഡ് അദ്ദേഹം ഇവിടെ കുറിച്ചു.
മൂന്ന് ഹാട്രിക്ക് ഇപ്പോള്‍ തന്നെ ഈ സീസണില്‍ ഹാലണ്ട് അടിച്ചിട്ടുണ്ട്. പ്രീമിയര്‍ ലീഗില്‍ ഏറ്റവും വേഗത്തില്‍ രണ്ട് ഹാട്രിക്ക് സ്വന്തമാക്കുന്നതും ഈ നോര്‍വെക്കാരന്‍ തന്നെയാണ്.
ഗോളടി ശീലമാക്കിയ യുവതാരത്തെ റെക്കോഡ് തുകക്കായിരുന്നു ഗ്വാര്‍ഡിയോളയുടെ സിറ്റി സ്വന്തമാക്കിയത്.
Content Highlight: Liverpool Coach Jürgen Klopp praises Erling Haaland says it’s almost impossible to win against Manchester City