| Thursday, 1st August 2024, 10:31 am

ഈജിപ്ഷ്യൻ മാന്ത്രികന്റെ അടാർ തിരിച്ചുവരവ്; ലിവർപൂളിന്റെ ഗർജനത്തിൽ പീരങ്കിപ്പട വീണു

സ്പോര്‍ട്സ് ഡെസ്‌ക്

പുതിയ സീസണിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തില്‍ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. ആഴ്‌സണലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്. ലിങ്കണ്‍ ഫിനാന്‍ഷ്യല്‍ ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ 4-3-3 എന്ന ഫോര്‍മേഷനിലാണ് ഇരുടീമുകളും കളത്തിലിറങ്ങിയത്.

മത്സരം തുടങ്ങി പതിമൂന്നാം മിനിട്ടില്‍ തന്നെ ലിവര്‍പൂള്‍ ലീഡ് നേടുകയായിരുന്നു. ഈജിപ്ഷ്യന്‍ സൂപ്പര്‍താരം മുഹമ്മദ് സലാഹിലൂടെയാണ് ലിവര്‍പൂള്‍ ലക്ഷ്യം കണ്ടത്. പരിക്കിന്റെ പിടിയില്‍ നിന്നും കളത്തിലിറങ്ങിയ സലാ തന്റെ ഗോളടി മികവ് വീണ്ടും ആവര്‍ത്തിച്ചത് പുതിയ സീസണില്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

സലാക്ക് ശേഷം 34ാം മിനിട്ടില്‍ ഫാബിയോ കാര്‍വാലോയിലൂടെ ലിവര്‍പൂള്‍ ഗോള്‍ നേട്ടം രണ്ടാക്കി ഉയര്‍ത്തുകയായിരുന്നു. എന്നാല്‍ ആറ് മിനിട്ടുകള്‍ക്ക് ശേഷം ജര്‍മന്‍ സൂപ്പര്‍താരം കൈ ഹവാര്‍ട്‌സിലൂടെ ഗണ്ണേഴ്സ് ഒരു ഗോള്‍ തിരിച്ചടിച്ചു. ആദ്യപകുതി 2-1ന് സ്വന്തമാക്കിയ ലിവര്‍പൂള്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെയായിരുന്നു രണ്ടാം പകുതിയില്‍ ബൂട്ട് കെട്ടിയത്.

രണ്ടാം പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചില്ല. പീരങ്കിപ്പട മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ലിവര്‍പൂളിന്റെ പ്രതിരോധം ശക്തമായി ഉറച്ചുനില്‍ക്കുകയായിരുന്നു.

മത്സരത്തില്‍ 61 ശതമാനം ബോള്‍ പൊസഷന്‍ ആഴ്‌സണലിന്റെ അടുത്തായിരുന്നു ഉണ്ടായിരുന്നത്. 13 ഷോട്ടുകളാണ് ലിവര്‍പൂളിന്റെ പോസ്റ്റിലേക്ക് ആഴ്‌സണല്‍ ഉതിര്‍ത്തത്. ഇതില്‍ രണ്ടെണ്ണം മാത്രമാണ് ലക്ഷ്യത്തിലേക്ക് എത്തിയത്. മറുഭാഗത്ത് 10 ഷോട്ടുകള്‍ ഉതിര്‍ത്ത ലിവര്‍പൂളിന് നാല് എണ്ണവും ഓണ്‍ ടാര്‍ഗറ്റിലേക്ക് എത്തിക്കാന്‍ സാധിച്ചു.

ഓഗസ്റ്റ് നാലിന് നടക്കുന്ന സൗഹൃദ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയാണ് ലിവര്‍പൂള്‍ നേരിടുക. ഓഗസ്റ്റ് ഏഴിന് നടക്കുന്ന മത്സരത്തില്‍ ബുണ്ടസ് ലീഗ ചാമ്പ്യന്‍മാരായ ബയര്‍ ലെവര്‍കൂസനാണ് പീരങ്കിപ്പടയുടെ എതിരാളികള്‍.

Content Highlight: Liverpool Beat Arsenal in Friendly Match

We use cookies to give you the best possible experience. Learn more