ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ ലോണില്‍ തങ്ങള്‍ക്കൊപ്പം അയക്കണമെന്ന് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ലിവര്‍പൂള്‍ പി.എസ്.ജിയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. സ്‌പോര്‍ട്‌സ് മാധ്യമമായ മിററിന്റെ റിപ്പോര്‍ട്ട് പ്രകാരം വരുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ താരത്തെ ക്ലബ്ബിലെത്തിക്കുന്നതിനായി ലിവര്‍പൂള്‍ പാരീസിയന്‍സുമായി ബന്ധപ്പെടുകയായിരുന്നു.
2018 ഫിഫ ലോകകപ്പ് ജേതാവിനായി റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ, ഇന്റര്‍ മിലാന്‍ തുടങ്ങിയ ക്ലബ്ബുകളും രംഗത്തുണ്ട്. പി.എസ്.ജി വിട്ട് താരം മറ്റേതെങ്കിലും ക്ലബ്ബിലേക്ക് നീങ്ങാനിരിക്കെയാണ് റെഡ്‌സ് തങ്ങളുടെ ആവശ്യം ഉന്നയിച്ച് ഫ്രഞ്ച് ക്ലബ്ബിനെ സമീപിച്ചത്.
മുമ്പ് ലിവര്‍പൂളില്‍ കളിക്കുന്നതിനെ കുറിച്ച് താന്‍ ചിന്തിച്ചിരുന്നെന്നും കാരണം അത് തന്റെ അമ്മയുടെ ക്ലബ്ബ് ആണെന്നും എംബാപ്പെ നേരത്തെ പറഞ്ഞിരുന്നു. ഡെയ്ലി ടെലിഗ്രാഫിനോടാണ് എംബാപ്പെ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘ലിവര്‍പൂള്‍ എന്റെ അമ്മക്ക് ഒരുപാട് ഇഷ്ടമുള്ള ക്ലബ്ബാണ്. അതെന്ത് കൊണ്ടാണെന്ന് എനിക്കറിയില്ല. അഞ്ച് വര്‍ഷം മുമ്പ് ഞങ്ങള്‍ ലിവര്‍പൂളില്‍ പോയിരുന്നു. ഞാന്‍ മൊണാക്കോയിലായിരുന്ന സമയത്ത് അവിടെയുള്ളവരെ കണ്ടുമുട്ടിയിരുന്നു. ലിവര്‍പൂള്‍ വലിയൊരു ക്ലബ്ബാണ്,’ എംബാപ്പെ പറഞ്ഞു.
അതേസമയം, പി.എസ്.ജിയില്‍ എംബാപ്പെയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് എംബാപ്പെ അടുത്ത സീസണോടെ ക്ലബ്ബ് വിടുമെന്ന കാര്യം പി.എസ്.ജിയെ അറിയിച്ചത്. 2024 വരെയാണ് താരത്തിന് പാരീസിയന്‍ ക്ലബ്ബുമായി കരാര്‍ ഉണ്ടായിരുന്നതെങ്കിലും കരാര്‍ അവസാനിച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ തുടരണമെന്ന് പി.എസ്.ജി എംബാപ്പെയോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.
എന്നാല്‍ താരം തന്റെ തീരുമാനം അറിയിച്ചതോടെ ഈ സീസണില്‍ തന്നെ ക്ലബ്ബ് വിടണമെന്ന് പി.എസ്.ജി എംബാപ്പെയോട് ആവശ്യപ്പെടുകയായിരുന്നു. ലോക ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ മൂല്യമുള്ള താരം ഫ്രീ ഏജന്റായി ക്ലബ്ബ് വിടുമ്പോഴുണ്ടാകുന്ന നഷ്ടം ചൂണ്ടിക്കാട്ടി പി.എസ്.ജി താരത്തെ വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഈ സീസണില്‍ എംബാപ്പെ ക്ലബ്ബ് വിടുകയാണെങ്കില്‍ താരത്തിന്റെ ആഗ്രഹ പ്രകാരം സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡുമായി സൈന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. 14 തവണ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് 150 മുതല്‍ 180 മില്യണ്‍ യൂറോയാണ് എംബാപ്പെക്കിട്ടിരിക്കുന്ന മൂല്യം.