ഇന്ത്യന്‍ വ്യവസായിയും കോടീശ്വരനുമായ മുകേഷ് അംബാനി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ലിവര്‍പൂളിനെ സ്വന്തമാക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ക്ലബ്ബിന്റെ ഉടമകളായ ഫെന്‍വേ സ്‌പോര്‍ട്‌സ് ഗ്രൂപ്പ് (എഫ്.എസ്.ജി) ക്ലബ്ബിനെ വില്‍പനക്ക് വെച്ചതിന് പിന്നാലെയാണ് അംബാനി താത്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇംഗ്ലീഷ് മാധ്യമമായ മിറര്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം തങ്ങള്‍ ക്ലബ്ബിന്റെ ഉടമസ്ഥതയില്‍ തുടരുമെന്നും പുതിയ നിക്ഷേപം സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നും എഫ്.എസ്.ജിയുടെ സഹ സ്ഥാപകന്‍ ജോണ്‍ ഡബ്ല്യു. ഹെന്റി അറിയിച്ചതായി റിപ്പോര്‍ട്ടിലുണ്ട്.
ക്ലബ്ബിന്റെ വില്‍പന നടപടികള്‍ സുഗമമാക്കുന്നതിനായി പ്രമുഖ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകളായ ഗോള്‍ഡ്മാന്‍ സാക്‌സിനെയും മോര്‍ഗാന്‍ സ്റ്റാന്‍ലിയെയും ക്ലബ് ഉടമകള്‍ ചുമതലപ്പെടുത്തിയതായി അമേരിക്കന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അംബാനിയും ക്ലബ്ബില്‍ താല്‍പര്യം അറിയിച്ചിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ എട്ടാമത്തെ ധനികനാണ് മുകേഷ് അംബാനി. നിലവില്‍ ഐ.പി.എല്‍ ക്രിക്കറ്റിലെ ഭീമന്‍ ക്ലബ്ബായ മുംബൈ ഇന്ത്യന്‍സിന്റെ ഉടമസ്ഥനായ അംബാനിക്ക് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും നിര്‍ണായക പങ്കുണ്ട്.
ലിവര്‍പൂളിനെ സ്വന്തമാക്കാന്‍ അമേരിക്കയില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നും ആളുകള്‍
രംഗത്തെത്തിയിട്ടുണ്ടെങ്കിലും അതിനെക്കാള്‍ കൂടുതല്‍ തുക അംബാനി ഓഫര്‍ ചെയ്യുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
🥈| Mukesh Ambani, the 8th richest man in the world with a net worth of around £90bn, is interested in buying Liverpool. [@riccosrant] pic.twitter.com/iL7AqgZTZn
2010 ഒക്ടോബറിലാണ് ടോം ഹിക്‌സ്-ജോര്‍ജ് ഗില്ലെറ്റില്‍ നിന്ന് ഫെന്‍വേ ഗ്രൂപ്പ് ലിവര്‍പൂളിനെ 300 മില്യണ്‍ പൗണ്ടിന് സ്വന്തമാക്കിയത്.
എന്നാല്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടെ ക്ലബ്ബ് നേടിയ കിരീടങ്ങളിലൂടെ മൂല്യം കുതിച്ചുയര്‍ന്ന പശ്ചാത്തലത്തില്‍ ഇപ്പോള്‍ വില്‍പന നടന്നാല്‍ നാല് ബില്യണ്‍ പൗണ്ട് വരെ ക്ലബ്ബിന് ലഭിക്കാമെന്നാണ് വിലയിരുത്തല്‍.
പ്രീമിയര്‍ ലീഗ്, ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ ഉള്‍പ്പെടെ 12 കരീടങ്ങള്‍ സ്വന്തമാക്കിയ ലിവര്‍പൂളിന് ഇന്ത്യയിലും നിരവധി ആരാധകരാണുള്ളത്. 2019-20ലാണ് ലിവര്‍പൂള്‍ യുര്‍ഗന്‍ ക്ലോപ്പിന്റെ പരിശീലനത്തിന് കീഴില്‍ ആദ്യമായി പ്രീമിയര്‍ ലീഗ് സ്വന്തമാക്കിയത്.
Content Highlights: Liverpool approached by Mukesh Ambani, says report