| Monday, 4th March 2019, 6:02 pm

വയറ്റില്‍ ഗണപതിയാണ്, അതിനെ പുറത്തെടുത്താലെ അസുഖം മാറൂ; മലപ്പുറത്ത് ജിന്ന് മന്ത്രവാദ കേന്ദ്രത്തില്‍ മരുന്ന് നിഷേധിക്കപ്പെട്ട ലിവര്‍ സിറോസിസ് രോഗി മരിച്ചു

മുഹമ്മദ് ഫാസില്‍

മലപ്പുറം: മഞ്ചേരിയിലെ ദുര്‍മന്ത്രവാദ കേന്ദ്രത്തില്‍ മരുന്ന് നിഷേധിക്കപ്പെട്ട കരള്‍ രോഗ ബാധിതന്‍ മരിച്ചത് ചര്‍ച്ചയാവുന്നു. ലിവര്‍ സിറോസിസ് ബാധിതനായ നിലമ്പൂരിലെ കാരൂളി സ്വദേശി ഫിറോസ് അലിയാണ് മരിച്ചത്. ലിവര്‍ സിറോസിസ് ബാധിതനായ ഫിറോസ് അലിയെ മഞ്ചേശ്വരത്ത് മന്ത്രവാദ ചികിത്സ നടത്തുന്ന അബ്ദുസ്സലാം നദ്വി, ഫിറോസ് എന്നിവര്‍ നടത്തുന്ന മന്ത്രവാദ കേന്ദ്രത്തില്‍ ചികിത്സയ്ക്ക് ഇരയാക്കുകയായിരുന്നു. മരിക്കുന്നതിന് മുമ്പ് ഫിറോസ് അലി തന്റെ സുഹൃത്തിന് അയച്ചു കൊടുത്ത ശബ്ദ സന്ദേശത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. മന്ത്രവാദ കേന്ദ്രം നടത്തുന്ന അബ്ദുസ്സലാം നദ്വി, ഫിറോസ് എന്നിവര്‍ ജിന്ന് സലഫി വിഭാഗത്തില്‍ പെട്ടവരാണെന്ന് മഞ്ചേരി സി.ഐ എന്‍.ബി ഷൈജു ഡൂള്‍ന്യൂസിനോട് പറഞ്ഞു

മന്ത്രവാദത്തില്‍ വിശ്വാസമില്ലാതിരുന്ന തന്നേയും തന്റെ കുടുംബത്തേയും ഫിറോസ് അടക്കമുള്ളവര്‍ പറഞ്ഞ് പറ്റിക്കുകയായിരുന്നുവെന്ന് മരണപ്പെട്ടയാളുടെ ശബ്ദരേഖയില്‍ പറയുന്നു. ലിവര്‍ സിറോസിസിന് താന്‍ ആദ്യം ഹോമിയോ ചികിത്സ നടത്തിയെന്നും എന്നാല്‍ അത് ഫലം കാണാതായപ്പോള്‍ ആയുര്‍വേദ ചികിത്സ നടത്താന്‍ ആരംഭിച്ചതായും ഫിറോസ് അലി പറയുന്നു. എന്നാല്‍ രോഗത്തിന് ശമനം ഉണ്ടായിട്ടും, തനിക്ക് യഥാര്‍ത്ഥത്തില്‍ കരള്‍ രോഗം ഒന്നും ഇല്ലെന്ന് പറഞ്ഞ് കുടുംബത്തെ സ്വാധീനിച്ച്, തന്നെ മന്ത്രവാദ ചികിത്സയ്ക്ക് കൊണ്ട് പോവുകയായിരുന്നുവെന്നും ഫിറോസ് പറയുന്നു.

ഫിറോസിന്റെ വയറ്റിനുള്ളില്‍ ഗണപതിയാണ്, പൂജാരിയാണ്, അതിനെ കൊന്നാലെ അസുഖം മാറൂ എന്നായിരുന്നു മന്ത്രവാദികളുടെ പക്ഷം. ഇരുപത്തിയാറു ദിവസത്തോളം മരുന്ന് നിഷേധിച്ച്, പുറം ലോകവുമായി ബന്ധപ്പെടാന്‍ അനുവദിക്കാതെ, ഫിറോസിനെ ഇവര്‍ മന്ത്രവാദ ചികിത്സയ്ക്ക് വിധേയനാക്കിയതായി ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്. അവര്‍ തന്നെ മരുന്ന് കഴിക്കുന്നതില്‍ നിന്ന് വിലക്കിയതായും ഫിറോസ് പറയുന്നു.

Also Read തെയ്യംകെട്ടിന്റെ മറവിലുള്ള വന്യമൃഗവേട്ട ഇപ്പോഴും വ്യാപകം; ഓരോ വര്‍ഷവും കൊന്നൊടുക്കുന്നത് 200ഓളം വന്യജീവികളെ

ചികിത്സാകേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച തന്നെ ബലമായി പിടിച്ച് കൊണ്ടു വന്ന് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായും ഫിറോസ് പറയുന്നുണ്ട്.

താന്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ വിദേശത്തെ തന്റെ സുഹൃത്തായ ഷിബു പാനോളിയുമായി ഫിറോസ് പങ്കു വെച്ചിരുന്നു. ഫിറോസിന് അനുഭവിക്കേണ്ടി വന്ന ക്രൂരത മറ്റാര്‍ക്കും അനുഭവിക്കേണ്ടി വരരുതെന്നും, ഇത്തരം പ്രാകൃത ചികിത്സാ രീതികള്‍ ഇല്ലാതാവണമെന്നും ഷിബു ഡൂള്‍ന്യൂസിനോട് പറഞ്ഞു. “ഫിറോസ് എന്നെ വിളിച്ചു സംസാരിച്ചപ്പോള്‍ അവന്‍ മരണപ്പെടാന്‍ പോവുകയാണെന്ന് പറഞ്ഞിരുന്നു. ഇതിനു പിന്നിലുള്ള എല്ലാവരേയും നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും ഫിറോസ് എന്നോട് ആവശ്യപ്പെട്ടിരുന്നു. ഫിറോസിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷനില്‍ ഞാന്‍ പരാതി നല്‍കുകയും ചെയ്തിരുന്നു”- ഷിബു പറഞ്ഞു.


ഷിബുവിന്റെ പരാതി പ്രകാരം പൂക്കോട്ടുംപാട് പൊലീസ് ആവശ്യപ്പെട്ടതനസുരിച്ച് മഞ്ചേരി സി.ഐ എന്‍.ബി ഷൈജുവിന്റെ നേതൃത്വത്തില്‍ ഫിറോസിനെ ചികിത്സിച്ച മന്ത്രവാദ കേന്ദ്രത്തില്‍ റെയ്ഡ് നടത്തിയിരുന്നു. “രോഗ ശാന്തിക്കായി ചില വിശ്വാസികള്‍ ഇവരുടെ അടുത്ത് എത്തുന്നുണ്ട്. മതഗ്രന്ഥങ്ങളിലെ സൂക്തങ്ങളും മറ്റും മന്ത്രിച്ച് രോഗിക്ക് ആത്മവിശ്വാസം നല്‍കുന്ന ഒരു രീതിയാണ് ഇവിടത്തേത്. ഇവിടെ മരുന്ന് ഉപയോഗിക്കാറില്ല. ഇതിനെക്കുറിച്ച് മുമ്പ് പരാതികളൊന്നും ലഭിച്ചിട്ടില്ല. എന്തെങ്കിലും പരാതി ലഭിക്കുകയായിരുന്നെങ്കില്‍ പൊലീസിന് ഇടപെട്ട് തടയാമായിരുന്നു”- ഷൈജു പറഞ്ഞു.

മുജാഹിദ് വിഭാഗത്തിലെ ഒരു പ്രത്യേക ആശയവിഭാഗത്തില്‍ പെട്ട ആളുകളാണ് മന്ത്രവാദത്തിന്റെ പിന്നിലെന്നാണ് തനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞതെന്നും ഷൈജു പറഞ്ഞു. “മന്ത്രവാദ ചികിത്സയ്ക്ക് നേതൃത്വം കൊടുക്കുന്നവര്‍ ജിന്ന് സലഫി ഗ്രൂപ്പില്‍ പെട്ടയാളുകളാണെന്നാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. കൊല്ലപ്പെട്ട ഫിറോസ് കെ.എന്‍.എം മുജാഹിദ് വിഭാഗത്തില്‍ പെട്ടയാളുമാണ്”- ഷൈജു പറഞ്ഞു. ഫിറോസിന്റെ കുടുംബം പൊലീസില്‍ പരാതി ന്ല്‍കാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുവാവിന്റെ മരണത്തിന് കാരണമായ മന്ത്രവാദം നടന്നിട്ടുണ്ടെന്നും എന്നാല്‍ ഇതിന് പിന്നിലുള്ളവര്‍ ആരാണെന്ന് പൊലീസ് അന്വേഷണം പൂര്‍ത്തിയായ ശേഷം മാത്രമേ പറയാന്‍ കഴിയൂ എന്ന് കെ.എന്‍.എം നേതാവ് അബ്ദുള്ള കോയ മദനി ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കരുളായി മേഖല കമ്മിറ്റി ഇന്ന് പ്രതിഷേധ് റാലി സംഘടിപ്പിച്ചിരുന്നു

ഫിറോസിന്റെ ശബ്ദരേഖ
ഞാന്‍ ഫിറോസ് കെ.പി കരൂളി, എനിക്ക് ലിവര്‍ സിറോസിസിന്റെ അസുഖമുണ്ട്. ആദ്യം ഹോമിയോ മരുന്നു കുടിച്ചു, പിന്നെ മാറ്റമില്ലെന്ന് കണ്ടപ്പോള്‍ ആയുര്‍വേദ മരുന്ന് കഴിക്കാന്‍ തുടങ്ങി. എനിക്ക് സുഖം തോന്നി തുടങ്ങിയിരുന്നു. എന്നാല്‍ അതിന്റിടയ്ക്ക് കുടുംബങ്ങളെ സ്വാധീനിച്ച് ഈ മന്ത്രവാദികള്‍ എന്നോട് പറഞ്ഞത് ലിവര്‍ സിറോസിസ്, അതില്ല, അങ്ങനയൊരു അസുഖം നിങ്ങള്‍ക്കില്ല, വയറിന്റെ ഉള്ളില്‍ ഗണപതിയാണ്. അതിനെ കൊന്നാലെ നിന്റെ അസുഖം മാറു. അല്ലാതെ വേറൊരു കുഴപ്പവുമില്ല, 26 ദിവസത്തോളം എന്നെ അവിടെ ചികിത്സിച്ചു. ഒരു മരുന്നു പോലും എന്നെ കഴിക്കാന്‍ അനുവദിച്ചില്ല. അതിക്രൂരമായ ചികിത്സാ രീതിയായിരുന്നു.  മരുന്ന് കൊടുക്കാന്‍ പറ്റില്ല, പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച്, വിശ്വാസമില്ലാത്ത എന്നെയും എന്റെ കുടുംബത്തിനേയും ഒക്കെ ഇവര്‍ ചതിക്കുകായിരുന്നു. ഇനി മേലില്‍ വേറാര്‍ക്കും ഈ അനുഭവം ഉണ്ടാവരുത്. ഈ ചികിത്സയ്ക്കു ശേഷം ഞാന്‍ ആരോഗ്യകരമായി തളര്‍ന്നിരിക്കുകയാണ്. മുമ്പ് എനിക്ക് നടക്കാനും ഭക്ഷണം കഴിക്കാനും കഴിയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആകെ തളര്‍ന്നിരിക്കുകയാണ്. ഇവരുടെ ചികിത്സയ്ക്ക് ഒരു ദിവസം പതിനായിരം രൂപ വേണം. എന്റെ കുടുംബത്തിന്റെ കയ്യില്‍ നിന്ന് എത്ര രൂപ അവര്‍ മേടിച്ചു എന്ന് എനിക്കറിയില്ല. അവസാന ദിവസം ഞാന്‍ അവിടെ നിന്ന് ചാടി പോകാന്‍ ശ്രമിച്ചു. അവര്‍ എന്നെ ബലമായി പിടിച്ചു നിര്‍ത്തി ബലം പ്രയോഗിച്ച് രണ്ടു മൂന്ന് ആളുകള്‍ പിടിച്ച്… അതി ക്രൂരമായിരുന്നു അത്. എനിക്ക് എന്റെ മാതാപിക്കള്‍ ഇട്ട പേര് ഫിറോസ് എന്നാണ്. എന്നാല്‍ അവര്‍ എന്നെ ശൈത്താന്‍ ശൈത്താന്‍ എന്ന് മാത്രമാണ് വിളിക്കാറ്.

മുഹമ്മദ് ഫാസില്‍

ഡൂള്‍ന്യൂസ് സബ്എഡിറ്റര്‍, തമിഴ്‌നാട് കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more