ഖത്തർ ലോകകപ്പിലെ ആദ്യ പെനാൽറ്റി ഷൂട്ടൗട്ട് കണ്ട മത്സരത്തിൽ ജപ്പാനെ തകർത്ത് ക്രൊയേഷ്യ. 3-1 നാണ് ക്രൊയേഷ്യ ജപ്പാനെ പരാജയപ്പെടുത്തിയത്. ഷൂട്ടൗട്ടിൽ മൂന്ന് തകർപ്പൻ സേവുകൾ നടത്തിയ ക്രൊയേഷ്യൻ ഗോൾകീപ്പർ ലിവാകോവിച്ചായിരുന്നു മാച്ചിലെ താരം.
2006ൽ പോർച്ചുഗലിന്റെ റിക്കാഡോക്കും 2018ൽ ക്രൊയേഷ്യയുടെ ഡാനിയേൽ സബേസിക്കിനും ശേഷം ആദ്യമായാണ് ഒരു ഷൂട്ടൗട്ടിൽ മൂന്ന് സേവുകൾ നടത്തിയെന്ന റെക്കോഡ് ലിവാകോവിച് പേരിലാക്കുന്നത്. 2015ൽ ക്രൊയേഷ്യൻ ടീമിന്റെ ഭാഗമായ താരം ഇതിനകം 14 സേവുകളാണ് നടത്തിയത്.
അതേസമയം നിശ്ചിത സമയത്തും അധിക സമയത്തും 1-1 സമനിലയായ മത്സരത്തിൽ പെനാൽട്ടി ഷൂട്ടൗട്ടിലായിരുന്നു ക്രൊയേഷ്യയുടെ ജയം. ജപ്പാന് വേണ്ടി ആദ്യ കിക്കെടുത്ത മയാ യോഷിധക്കും ടാകുമ അസാനോക്കും പിഴച്ചപ്പോൾ ക്രൊയേഷ്യയുടെ മരിയോ പസിലിച്ചും മാർക്കോ ലിവാജയും കിക്കുകൾ ഗോളാക്കി.
ജപ്പാനായി കൗറു മിടോമ ആശ്വാസ ഗോൾ നേടിയപ്പോൾ ക്രൊയേഷ്യയുടെ മൂന്നാം കിക്കെടുത്ത മാഴ്സലോ ബ്രോവിച്ചും വലകുലുക്കി. ജപ്പാൻറെ നാലാം കിക്കെടുത്ത ടാകുമി മിമിനോക്ക് പിഴച്ചപ്പോൾ ക്രോയേഷ്യയുടെ നാലാം കിക്കും ഗോളാക്കി നിക്കോള വാൽസിച്ച് ക്രൊയേഷ്യയെ ക്വാർട്ടറിലെത്തിക്കുകയായിരുന്നു.
ആദ്യ പകുതിയുടെ 43ാം മിനിട്ടിൽ ഡെയ്സൻ മെയ്ഡായുടെ ഗോളിൽ മുന്നിലെത്തിയ ജപ്പാനെ 55ാം മിനിട്ടിൽ ഇവാൻ പെരിസിച്ചിൻറെ മിന്നൽ ഹെഡറിലാണ് ക്രൊയേഷ്യ സമനിലയിൽ തളച്ചത്.
നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് അട്ടിമറികൾ നടത്തിയാണ് ജപ്പാൻ ഇക്കുറി ലോകകപ്പിന്റെ പ്രീക്വാർട്ടറിലെത്തിയത്. ആദ്യ മത്സരത്തിൽ ജർമനിയെ 2-1 ന് വീഴ്ത്തിയ ജപ്പാൻ, അവസാന ഗ്രൂപ്പ് മത്സരത്തിൽ സ്പെയിനേയും അട്ടിമറിക്കുകയായിരുന്നു.
Croatia advance to the quarter finals of the World Cup. Japan are out. 🚨🇭🇷🇯🇵 #Qatar2022
ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു യൂറോപ്യൻ വമ്പന്മാർക്കെതിരെ ജപ്പാന്റെ വിജയം.
ഗ്രൂപ്പ് ഇയിലെ ഒന്നാം സ്ഥാനക്കാരായിട്ടായിരുന്നു ജപ്പാൻ പ്രീ ക്വാർട്ടറിലെത്തിയത്. അത്സമയം ക്രൊയേഷ്യ കാനഡക്കെതിരെ വിജയവും മൊറോക്കോ, ബെൽജിയം ടീമുകൾക്കെതിരെ ഗോൾരഹിത സമനിലയും നേടിയാണ് അവസാന 16 ലെത്തിയത്.