ഔട്ടാക്കിയവനും 'ഔട്ടായവനും' പരസ്പരം കെട്ടിപ്പിടിക്കുന്നു; ക്രിക്കറ്റിന്റെ സൗന്ദര്യമെന്ന് ആരാധകര്‍
Sports News
ഔട്ടാക്കിയവനും 'ഔട്ടായവനും' പരസ്പരം കെട്ടിപ്പിടിക്കുന്നു; ക്രിക്കറ്റിന്റെ സൗന്ദര്യമെന്ന് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 23rd September 2023, 6:28 pm

ന്യൂസിലാന്‍ഡിന്റെ ബംഗ്ലാദേശ് പര്യടനം തുടരുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം ഏകദിനമാണ് ഷേര്‍ ഇ ബംഗ്ലാ സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ലോകകപ്പ് കണ്‍മുമ്പില്‍ നില്‍ക്കവെ നടക്കുന്ന പര്യടനമായതിനാല്‍ ഇരുടീമിനെയും സംബന്ധിച്ച് ഈ പരമ്പര നിര്‍ണായകമാണ്.

മത്സരത്തിനിടെ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

മത്സരത്തിന്റെ 46ാം ഓവറില്‍ ബംഗ്ലാ പേസര്‍ ഹസന്‍ മഹ്മൂദ് ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ഇഷ് സോധിയെ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ റണ്‍ ഔട്ടാക്കുകയായിരുന്നു. മന്‍കാദിങ് എന്ന പേരില്‍ പ്രശസ്തമായ ഈ റണ്‍ ഔട്ട് എം.സി.സി നിയമവിധേയമാക്കിയതിനാല്‍ തേര്‍ഡ് അമ്പയര്‍ ഔട്ട് വിളിക്കുകയും സോധി തിരിച്ചുനടക്കുകയുമായിരുന്നു.

എന്നാല്‍ ബംഗ്ലാദേശ് നായകന്‍ ലിട്ടണ്‍ ദാസ് അപ്പീല്‍ പിന്‍വലിക്കുകയും സോധിയെ തിരികെ വിളിക്കുകയുമായിരുന്നു. ക്രീസിലേക്ക് മടങ്ങിയെത്തിയ സോധി ഹസനെ കെട്ടിപ്പിടിച്ച ശേഷമാണ് കളിക്കാനിറങ്ങിയത്.

ഇത് ക്രിക്കറ്റിന്റെ മനോഹാരിതയാണെന്നും കളിക്കളത്തിലെ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിന്റെ ഉദാഹരണമാണെന്നുമാണ് ആരാധകര്‍ പറഞ്ഞത്. എന്നാല്‍ അപ്പീല്‍ പിന്‍വലിക്കേണ്ട ആവശ്യമില്ലായിരുന്നെന്നും നിയമവിധേയമായി മാത്രമാണ് മഹ്മൂദ് വിക്കറ്റ് വീഴ്ത്തിയതെന്നും പറയുന്നവരും കുറവല്ല.

17 പന്തില്‍ 26 റണ്‍സ് നേടി നില്‍ക്കവെയാണ് സോധിയെ മഹ്മൂദ് റണ്‍ ഔട്ടാക്കിയത്. ക്രീസില്‍ തിരിച്ചെത്തിയ സോധി 50ാം ഓവറിലെ രണ്ടാം പന്തില്‍ ഖലീല്‍ അഹ്മദിന്റെ പന്തില്‍ പുറത്താകുമ്പോള്‍ 39 പന്തില്‍ 35 റണ്‍സാണ് നേടിയിരുന്നത്.

അതേസമയം, മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് 254 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 66 പന്തില്‍ 68 റണ്‍സ് നേടിയ ടോം ബ്ലണ്ടലാണ് ടോപ് സ്‌കോറര്‍. 61 പന്തില്‍ 49 റണ്‍സ് നേടിയ ഹെന്റി നിക്കോളാസ്, 39 പന്തില്‍ 35 റണ്‍സടിച്ച ഇഷ് സോധി എന്നിവരാണ് ന്യൂസിലാന്‍ഡ് നിരയിലെ മറ്റ് റണ്‍ ഗെറ്റര്‍മാര്‍.

ബംഗ്ലാദേശിനായി ഖലീല്‍ അഹ്മദും മെഹ്ദി ഹസനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മുസ്തഫിസുര്‍ റഹ്മാന്‍ രണ്ട് വിക്കറ്റും നേടി. നാസും അഹ്മദും ഹസന്‍ മഹ്മൂദുമാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 17 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്. 19 പന്തില്‍ ഒമ്പത് റണ്‍സുമായി തമീം ഇഖ്ബാലും 11 പന്തില്‍ അഞ്ച് റണ്‍സുമായി ലിട്ടണ്‍ ദാസുമാണ് ക്രീസില്‍.

 

Content Highlight: Litton Das withdraws appeal against Ish Sodhi