തന്റെ സ്വപ്‌ന ഇലവനെ തെരഞ്ഞെടുത്തതിന് പിന്നാലെ വിമര്‍ശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങുകയാണ് ബംഗ്ലാദേശിന്റെ സൂപ്പര്‍ താരം ലിട്ടണ്‍ ദാസ്. ഇതിഹാസ താരങ്ങള്‍ ഉള്‍പ്പെട്ട പ്ലെയിങ് ഇലവനില്‍ സ്വയം ക്യാപ്റ്റനായി തെരഞ്ഞെടുത്തതോടെയാണ് താരം എയറിലായിരിക്കുന്നത്.
നിലവില്‍ ഏറ്റവും മികച്ച ഏകദിന താരമായ വിരാട് കോഹ്‌ലി, ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എം.എസ്. ധോണി എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്ന ദാസ്, രണ്ട് ഇന്ത്യന്‍ ഇതിഹാസ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ടീമിന്റെ ഓപ്പണര്‍മാരായി ഇന്ത്യന്‍ വെടിക്കെട്ട് വീരന്‍ വിരേന്ദര്‍ സേവാഗിനെയും ലങ്കന്‍ ഇതിഹാസം സനത് ജയസൂര്യയെയുമാണ് ദാസ് തെരഞ്ഞെടുത്തിരിക്കുന്നത്. വണ്‍ ഡൗണായെത്തുന്നത് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ്.
ഓസീസിനെ രണ്ട് തവണ ലോക കിരീടത്തിലേക്ക് നയിച്ച റിക്കി പോണ്ടിങ്ങിനെയാണ് താരം ടോപ് മിഡില്‍ ഓര്‍ഡറില്‍ ഒന്നാമനായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടീമിന്റെ വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായി ലിട്ടണ്‍ ദാസ് സ്വയം തെരഞ്ഞെടുക്കുകകയായിരുന്നു.
ആറാം നമ്പറില്‍ ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളും തന്റെ സഹതാരവുമായ ഷാകിബ് അല്‍ ഹസനെ തെരഞ്ഞെടുത്ത ദാസ് ഏഴ്, എട്ട് നമ്പറില്‍ സ്പിന്‍ ഇതിഹാസങ്ങളായ ഷെയന്‍ വോണ്‍, മുത്തയ്യ മുളീധരന്‍ എന്നിവരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
ഒമ്പത്, പത്ത് പൊസിഷനില്‍ പാക് ഇതിഹാസങ്ങളായ ഷോയ്ബ് അക്തറും വസീം അക്രവും എത്തുമ്പോള്‍ പതിനൊന്നാമനായി ലങ്കന്‍ ലെജന്‍ഡ് ചാമിന്ദ വാസും എത്തുന്നതോടെ ദാസിന്റെ ഡ്രീം ഇലവന്‍ പൂര്‍ത്തിയാകും.
ലിട്ടണ്‍ ദാസിന്റെ ഡ്രീം ഒ.ഡി.ഐ ഇലവന്‍
വിരേന്ദര്‍ സേവാഗ്
സനത് ജയസൂര്യ
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
റിക്കി പോണ്ടിങ്
ലിട്ടണ്‍ ദാസ് (ക്യാപ്റ്റന്‍/ വിക്കറ്റ് കീപ്പര്‍)
ഷാകിബ് അല്‍ ഹസന്‍
ഷെയ്ന്‍ വോണ്‍
മുത്തയ്യ മുരളീധരന്‍
ഷോയ്ബ് അക്തര്‍
വസീം അക്രം
ചാമിന്ദ വാസ്
തന്റെ ഡ്രീം ഇലവനെ തെരഞ്ഞെടുത്തതിന് പിന്നാലെ ലിട്ടണ്‍ ദാസിനെതിരെ ട്രോളുകളും ഉയരുന്നുണ്ട്. ‘ഈ ഇതിഹാസങ്ങളുടെ ടീമിലേക്ക് സ്വയം നോമിനേറ്റ് ചെയ്ത് തന്നെ വലിയ തെറ്റാണ്, ഇതിനേക്കാളുപരി ഇവരുടെ ക്യാപ്റ്റനുമാകണോ?’ ‘ആഗ്രഹത്തിന് പരിധി നിശ്ചയിക്കുന്നത് കളിയാക്കലുകള്‍ കുറയാന്‍ ഗുണം ചെയ്യും’ ‘ ഏഷ്യാ കപ്പില്‍ ബംഗ്ലാദേശ് ടീമിനെ നയിക്കാന്‍ പോലും സാധിക്കാത്തവനാണ് ലെജന്‍ഡ്‌സ് ഇലവനെ നയിക്കാന്‍ പോകുന്നത്,’ തുടങ്ങിയ വിമര്‍ശനങ്ങളാണ് ദാസിനെതിരെ ഉയരുന്നത്.
വരാനിരിക്കുന്ന ഏഷ്യാ കപ്പാണ് ഇനി ദാസിന് മുമ്പിലുള്ളത്. ടീമില്‍ താരം വിക്കറ്റ് കീപ്പറാണ്.
ഏഷ്യാ കപ്പിനുള്ള ബംഗ്ലാദേശ് സ്‌ക്വാഡ്
മുഹമ്മദ് നയീം, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ, ഷമിം ഹൊസൈന്‍, തന്‍സിദ് ഹസന്‍, തൗഹിദ് ഹിരോദി, ആഫിഫ് ഹൊസൈന്‍, മെഹ്ദി ഹസന്‍, ഷാകിബ് അല്‍ ഹസന്‍ (ക്യാപ്റ്റന്‍), ലിട്ടണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), മുഷ്ഫിഖര്‍ റഹീം (വിക്കറ്റ് കീപ്പര്‍), എദാബോത് ഹുസൈന്‍, ഹസന്‍ മഹ്‌മൂദ്, മുസ്താഫിസുര്‍ റഹ്‌മാന്‍, നാസും അഹമ്മദ്, ഷോരിഫുള്‍ ഇസ്‌ലാം, താസ്‌കിന്‍ അഹമ്മദ്.
Content Highlight: Litton Das selects his dream ODI eleven