Advertisement
Sports News
പോണ്ടിങ്ങും സച്ചിനുമൊക്കെയുള്ള ലിസ്റ്റില്‍ നായകന്‍ ലിറ്റണ്‍ ദാസ്; താരത്തിന്റെ ഓള്‍ ടൈം ഇലവന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2023 Aug 11, 04:15 pm
Friday, 11th August 2023, 9:45 pm

ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഇലവനെ തെരഞ്ഞെടുത്ത് ബംഗ്ലാദേശ് ബാറ്റര്‍ ലിറ്റണ്‍ ദാസ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്‍ എം.എസ്. ധോണിയും മോഡേണ്‍ ഡേ ക്രിക്കറ്റിലെ കിങ് വിരാട് കോഹ്‌ലിയും ഇല്ലാത്ത ഇലവനിന്റെ നായകനായി ലിറ്റണ്‍ തെരഞ്ഞെടുത്തത് അദ്ദേഹത്തെ തന്നെയാണ് എന്നാണ് പ്രത്യേകത.

രണ്ട് ഇന്ത്യന്‍ താരങ്ങളാണ് ലിറ്റണ്‍ ദാസിന്റെ ലിസ്റ്റിലുള്ളത്. അദ്ദേഹത്തെ തന്നെ നായകനാക്കിയതിനാല്‍ ഒരുപാട് ട്രോളുകള്‍ ലിറ്റണെ തേടിയെത്തുന്നുണ്ട്.

ലിറ്റന്‍ ദാസിന്റെ പ്ലേയിങ് 11ല്‍ ഓപ്പണര്‍മാരായി ശ്രീലങ്കയുടെ സനത് ജയസൂര്യയും ഇന്ത്യയുടെ വീരേന്ദര്‍ സെവാഗുമാണുള്ളത്. രണ്ട് പേരും ലോക ക്രിക്കറ്റിനെ വിറപ്പിച്ച ഓപ്പണര്‍മാരാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സവിശേഷമായ മികവ് ഇവര്‍ക്കുണ്ട്. ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന് പേരെടുത്ത ബാറ്ററാണ് സെവാഗ്. ജയസൂര്യ ഇടം കൈ ബാറ്റിങ്ങിനോടൊപ്പം ബൗളിങ്ങുകൊണ്ടും ടീമിന് ഉപകാരിയായി മാറിയ കളിക്കാരനാണ്.

മൂന്നാം നമ്പറില്‍ ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറാണുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സെഞ്ച്വറി, റണ്‍സ് എന്നീ റെക്കോഡുകള്‍ ഇപ്പോഴും സച്ചിന്റെ പേരില്‍ തകര്‍ക്കപ്പെടാതെ നില്‍ക്കുന്നു. ഓപ്പണര്‍ റോളിലാണ് സച്ചിന്‍ കൂടുതല്‍ ശോഭിച്ചത്. എന്നാല്‍ ദാസിന്റെ പ്ലേയിങ് 11ല്‍ മൂന്നാം സ്ഥാനത്താണ് സച്ചിനുള്ളത്. നിലവിലെ ഇന്ത്യന്‍ നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയെ ലിറ്റന്‍ ദാസ് പരിഗണിച്ചിട്ടില്ല.

മുന്‍ ഓസീസ് നായകനായ റിക്കി പോണ്ടിങ്ങിനാണ് നാലാം നമ്പറില്‍ അവസരം. ഏകദിനത്തില്‍ ഗംഭീര റെക്കോഡുകള്‍ അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് പോണ്ടിങ്. ഓസീസിന് രണ്ട് ലോകകപ്പ് കിരീടം നേടിക്കൊടുത്ത നായകനാണ് പോണ്ടിങ്. എന്നാല്‍ അദ്ദേഹത്തിനെ മാറ്റി ലിറ്റണ്‍ തന്നെ ക്യാപ്റ്റനായതാണ് കൗതുകം.

അഞ്ചാം നമ്പര്‍ ബാറ്ററും ലിറ്റന്‍ ദാസാണ്. ആറാം നമ്പറില്‍ ബംഗ്ലാദേശിന്റെ ഇടം കയ്യന്‍ സ്പിന്‍ ഓള്‍റൗണ്ടറായ ഷാക്കിബ് അല്‍ ഹസനാണ്. മൂന്ന് ഫോര്‍മാറ്റിലും കളിച്ച് മികവുകാട്ടിയിട്ടുള്ള ഷാക്കിബ് ലീഗ് ക്രിക്കറ്റുകളിലും സൂപ്പര്‍ താരമാണ്. ഏഴാം നമ്പറില്‍ ശ്രീലങ്കയുടെ ചാമിന്ദ വാസിനാണ് അവസരം. ഇടം കയ്യന്‍ പേസറായ വാസ് മികച്ച ലൈനും ലെങ്തുംകൊണ്ട് ബാറ്റര്‍മാരെ വിറപ്പിച്ച താരമാണ്.

 

എട്ടാം നമ്പറില്‍ മുന്‍ പാക് ഇതിഹാസം വസീം അക്രമാണുള്ളത്. ഇടം കയ്യില്‍ സ്വിങ് മാന്ത്രികത ഒളിപ്പിച്ച അക്രത്തിന്റെ പന്തുകള്‍ക്ക് മുന്നില്‍ പതറാത്തവര്‍ ചുരുക്കമാണ്. അക്രത്തെപ്പോലെ റിവേഴ്സ് സ്വിങ് ചെയ്യിക്കുന്ന മറ്റൊരു ബൗളറില്ലെന്ന് തന്നെ പറയാം. ഒമ്പതാം നമ്പറില്‍ മുന്‍ പാകിസ്താന്‍ സൂപ്പര്‍ പേസര്‍ ഷോയ്ബ് അക്തറിനാണ് അവസരം. ക്രിക്കറ്റിലെ വേഗമേറിയ പന്തിന്റെ റെക്കോഡ് ഇപ്പോഴും അക്തറിന്റെ പേരില്‍ തുടരുകയാണ്.

10ാം നമ്പറില്‍ മുത്തയ്യ മുരളീധരനാണ് സ്ഥാനം. ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നറായ മുരളീധരന്‍ ഒരു കാലഘട്ടത്തെയാകെ വിസ്മയിപ്പിച്ച ബൗളറാണ്. 11ാമന്‍ മുന്‍ ഓസീസ് ഇതിഹാസം ഷെയ്ന്‍ വോണാണ്. ഏകദിനത്തില്‍ വലിയൊരു കരിയര്‍ അവകാശപ്പെടാനാവില്ലെങ്കിലും കളിച്ച കാലം കൊണ്ട് എല്ലാവരുടെയും ശ്രദ്ധ നേടിയെടുക്കാന്‍ വോണിന് സാധിച്ചു. ഇതിനോടകം മണ്‍മറഞ്ഞുപോയ ഇതിഹാസമാണ് വോണ്‍.

ലിറ്റണ്‍ ദാസിന്റെ ഓള്‍ടൈം ഏകദിനം 11- സനത് ജയസൂര്യ, വീരേന്ദര്‍ സെവാഗ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, റിക്കി പോണ്ടിങ്, ലിറ്റണ്‍ ദാസ് (ക്യാപ്റ്റന്‍), ഷാക്കിബ് അല്‍ ഹസന്‍, ചാമിന്ദ വാസ്, വസീം അക്രം, ഷോയ്ബ് അക്തര്‍, മുത്തയ്യ മുരളീധരന്‍, ഷെയ്ന്‍ വോണ്‍.

Content Highlight: Litton Das selects his all tim ODI Eleven selecting him as captain over Ricky Ponting