| Wednesday, 2nd November 2022, 7:08 pm

ഒരു വശത്ത് ഇന്ത്യ തകര്‍ക്കുമ്പോഴും മറുവശത്ത് നാഗനൃത്തമാടി ലിട്ടണ്‍ ദാസ്; കുറിച്ചത് എണ്ണം പറഞ്ഞ രണ്ട് ഗംഭീര റെക്കോഡുകള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പില്‍ വീണ്ടുമൊരു ലാസ്റ്റ് ഓവര്‍ ക്ലൈമാക്‌സിനായിരുന്നു അഡ്‌ലെയ്ഡ് സാക്ഷ്യം വഹിച്ചത്. മഴമൂലം സ്‌കോര്‍ പുനര്‍നിശ്ചയിച്ച മത്സരത്തില്‍ കടുവകളുടെ കൂട്ടക്കുരുതി നടത്തിയാണ് വിജയത്തോടെ ഇന്ത്യ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതെത്തിയത്. അഞ്ച് റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.

മുന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ അപരാജിത ഇന്നിങ്‌സായിരുന്നു ഇന്ത്യക്ക് തുണയായത്. 44 പന്തില്‍ നിന്നും 64 റണ്‍സ് നേടിയ കോഹ്‌ലിയും അര്‍ധ സെഞ്ച്വറി നേടിയ കെ.എല്‍. രാഹുലും കട്ടക്ക് കൂടെ നിന്ന സൂര്യകുമാര്‍ യാദവും ചേര്‍ന്നപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 184ലെത്തിയിരുന്നു. ആറ് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ഇന്ത്യ വിജയലക്ഷ്യം കുറിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് മികച്ച തുടക്കമായിരുന്നു ലിട്ടണ്‍ ദാസ് നല്‍കിയത്. വമ്പനടികളുടെ വെടിക്കെട്ടിന് താരം തിരികൊളുത്തവെ മഴയെത്തുകയും അല്‍പനേരത്തേക്ക് മത്സരം നിര്‍ത്തി വെക്കുകയുമായിരുന്നു.

ഡക്ക്‌വര്‍ത്ത് ലൂയീസ് നിയമപ്രകാരം 16 ഓവറില്‍ 151 റണ്‍സ് എന്ന് വിജയലക്ഷ്യം പുനര്‍നിശ്ചയിക്കുകയായിരുന്നു. എന്നാല്‍ മഴമാറി കളി തുടങ്ങി നിമഷങ്ങള്‍ക്കകം തന്നെ ലിട്ടണ്‍ ദാസ് പുറത്താവുകയായിരുന്നു.

ബൗണ്ടറി ലൈനിനടുത്ത് നിന്നുള്ള കെ.എല്‍. രാഹുലിന്റെ ഡയറക്ട് ഹിറ്റില്‍ ലിട്ടണ്‍ ദാസ് പുറത്താകുമ്പോള്‍ ബംഗ്ലാ സ്‌കോര്‍ 68ല്‍ എത്തിയിരുന്നു.

27 പന്തില്‍ നിന്നും ഏഴ് ബൗണ്ടറിയും മൂന്ന് സിക്‌സറുമടക്കം 222.22 സ്‌ട്രൈക്ക് റേറ്റില്‍ 60 റണ്‍സായിരുന്നു താരം സ്വന്തമാക്കിയത്.

സഹ ഓപ്പണറായിരുന്ന നജ്മുല്‍ ഹൊസൈന്‍ ഷാന്റോയും നൂറുല്‍ ഹസനുമൊഴികെ എല്ലാവരും വീണപ്പോള്‍ ബംഗ്ലാദേശ് വിജയത്തിന് അഞ്ച് റണ്‍സകലം കാലിടറി വീഴുകയായിരുന്നു.

വിജയത്തിന് പിന്നാലെ ഗ്രൂപ്പ് രണ്ടില്‍ ഒന്നാമതെത്താനും ഇന്ത്യക്കായി.

മത്സരം തോറ്റെങ്കിലും ലിട്ടണ്‍ ദാസിന്റെ പ്രകടനം ഏറെ കയ്യടി നേടിയിരുന്നു. മത്സരത്തിലെ ഏറ്റവും മികച്ച പ്രകടനം പിറന്നത് ലിട്ടണിന്റെ ബാറ്റില്‍ നിന്നും തന്നെയായിരുന്നു. എന്നാല്‍ മറ്റ് താരങ്ങളില്‍ നിന്നും മികച്ച പിന്തുണ ലഭിക്കാത്തതായിരുന്നു ബംഗ്ലാദേശിന്റെ തോല്‍വിക്ക് കാരണം.

മത്സരത്തിനിടെ ടി-20യിലെ രണ്ട് തകര്‍പ്പന്‍ റെക്കോഡുകളും ലിട്ടണ്‍ ദാസ് തന്റെ പേരിന് നേരെ കുറിച്ചിരുന്നു.

ഐ.സി.സി ടി-20 ലോകകപ്പില്‍ പവര്‍പ്ലേക്കുള്ളില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന മൂന്നാമത് മാത്രം ബാറ്റര്‍ എന്ന റെക്കോഡാണ് ഇതില്‍ ഒന്നാമത്തേത്. 21 പന്തില്‍ നിന്നുമാണ് താരം ഫിഫ്റ്റി തികച്ചത്.

2014 ലോകകപ്പില്‍ അയര്‍ലന്‍ഡ് താരം സ്റ്റീഫന്‍ മൈബര്‍ഗ്, 2021ല്‍ ഇന്ത്യന്‍ സൂപ്പര്‍ താരം കെ.എല്‍. രാഹുല്‍ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് ബാറ്റര്‍മാര്‍.

ടീം സ്‌കര്‍ 50 പിന്നിടുന്ന അതേസമയം തന്നെ അര്‍ധ സെഞ്ച്വറി തികക്കുന്ന ആദ്യ താരം എന്ന മറ്റൊരു റെക്കോഡും താരം സ്വന്തമാക്കിയിട്ടുണ്ട്.

ഇന്‍ഡിവിജ്വല്‍ സ്‌കോര്‍ 45ലും ടീം സ്‌കോര്‍ 48ലും നില്‍ക്കവെ സിക്‌സറടിച്ചുകൊണ്ടാണ് ലിട്ടണ്‍ ദാസ് തന്റെയും ടീമിന്റെയും 50 പൂര്‍ത്തിയാക്കിയത്. 11 പന്തില്‍ നിന്നും മൂന്ന് റണ്‍സ് മാത്രമായിരുന്നു സഹ ഓപ്പണര്‍ ഷാന്റോ നേടിയത്.

ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെ മൂന്നാം സ്ഥാനത്ത് തുടരുകയാണ് ബംഗ്ലാദേശ്. നാല് മത്സരത്തില്‍ നിന്നും രണ്ട് വീതം ജയവും തോല്‍വിയുമായി നാല് പോയിന്റാണ് ബംഗ്ലാദേശിനുള്ളത്.

നവംബര്‍ ആറിനാണ് ബംഗ്ലാദേശിന്റെ അടുത്ത മത്സരം. അഡ്‌ലെയ്ഡില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനാണ് എതിരാളികള്‍.

Content highlight: Litton Das scripts two massive record in T20 cricket

We use cookies to give you the best possible experience. Learn more