ശ്രീലങ്ക-ബംഗ്ലാദേശ് മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിന് ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം.
ജയത്തോടൊപ്പം മത്സരത്തില്‍ ഒരു മോശം നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബംഗ്ലാദേശ് താരം ലിട്ടണ്‍ ദാസ്. മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ലിട്ടോണ്‍ പുറത്താവുകയായിരുന്നു. ദില്‍ഷന്‍ മധുശങ്കയുടെ പന്തില്‍ ക്ലീന്‍ ബൗൾഡായാണ് താരം പുറത്തായത്.
ഇതിന് പിന്നാലെ ബംഗ്ലാദേശിനായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഗോള്‍ഡന്‍ ഡക്കാവുന്ന രണ്ടാമത്തെ താരമായാണ് ലിട്ടണ്‍ ദാസ് മാറിയത്. 12 തവണയാണ് ഏകദിനത്തില്‍ ലിട്ടണ്‍ പൂജ്യത്തിന് പുറത്തായത്. ഏകദിനത്തില്‍ 19 തവണ ഗോള്‍ഡന്‍ ഡക്കായ തമിം ഇഖ്ബാലാണ് ഈ പട്ടികയില്‍ ഒന്നാമതുഉള്ളത്.
അതേസമയം മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 48.5 ഓവറില്‍ 255 റണ്‍സിന് പുറത്താവുകയായിരുന്നു. ബംഗ്ലാദേശ് ബൗളിങ്ങില്‍ ഷോരിഫുള്‍ ഇസ്‌ലാം, ടാസ്‌കിന്‍ അഹമ്മദ്, തന്‍സീം ഹസന്‍ സാക്കീബ് എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ലങ്കന്‍ ബാറ്റിങ് തകര്‍ന്നടിയുകയായിരുന്നു.
ശ്രീലങ്കക്കായി ജനിത് ലിയാങ്കെ 69 പന്തില്‍ 67 റണ്‍സും നായകന്‍ 75 പന്തില്‍ 59 റണ്‍സും നേടി നിര്‍ണായക ഇന്നിങ്‌സ് കാഴ്ചവെച്ചു.
മറുപടി ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശ് 44.4 ഓഫറില്‍ ആറ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. നായകന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയുടെ സെഞ്ച്വറി കരുത്തിലാണ് ബംഗ്ലാദേശ് ജയിച്ചു കയറിയത്.
129 പന്തില്‍ നിന്ന് 122 റണ്‍സ് നേടി കൊണ്ടായിരുന്നു ബംഗ്ലാദേശ് നായകന്റെ തകര്‍പ്പന്‍ പ്രകടനം. 13 ഫോറുകളും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു നജ്മുല്‍ ഹുസൈന്റെ ബാറ്റിങ്. മുഷ്ഫിക്കര്‍ റഹീം 84 പന്തില്‍ പുറത്താവാതെ 73 റണ്‍സ് നേടി വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു.
മാര്‍ച്ച് 15നാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുക. സാഹുര്‍ അഹമ്മദ് ചൗധരി സ്റ്റേഡിയമാണ് വേദി.
Content Highlight: Litton Das create a unwanted record in ODI