കൊച്ചി: പ്രേക്ഷക പ്രശംസകള്‍ക്കിടയില്‍ ചിറകടിച്ച് പറക്കുകയാണ് സൗബിന്റെ പറവ. ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച കുട്ടികളും എല്ലാവരുടേയും പ്രിയപ്പെട്ടവരായി മാറിക്കഴിഞ്ഞു. അതോടൊപ്പം തന്നെ പറവ കണ്ടവരൊക്കെ പറയുന്ന മറ്റൊന്ന് ചിത്രത്തിന്റെ ഛായാഗ്രഹണത്തെ കുറിച്ചാണ്.
മട്ടാഞ്ചേരിയെ അതേപടി സ്‌ക്രീനിലേക്ക് എത്തിക്കുകയായിരുന്നു ലിറ്റില്‍ സ്വയംപെന്ന യുവ ഛായാഗ്രാഹകന്‍. ഓരോ ഫ്രെയിമും ഗംഭീരം. സൗബിനെ കണ്ടതും പറവയിലെത്തിയതിനെ കുറിച്ചുമെല്ലാം സ്വയംപ് മനസു തുറക്കുകയാണ്. ഐ.ഇ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സ്വയംപ് ആ രസകരമായ നിമിഷത്തെ കുറിച്ച് മനസു തുറന്നത്.
“ചാര്‍ലിയുടെ ചിത്രീകരണ സമയത്താണ് ഞാന്‍ സൗബിനെ കാണാന്‍ ചെല്ലുന്നത്. ചാര്‍ലിയില്‍ ദുല്‍ഖറും സൗബിനും തമ്മിലുളള ഓടിന്റെ മുകളിലുളള രംഗം ചിത്രീകരിക്കുമ്പോഴാണ് ഞാന്‍ ചെല്ലുന്നത്. ഞാനും ഓടിന്റെ മുകളില്‍ കയറി. ദുല്‍ഖര്‍ താഴെ ചിത്രീകരണത്തിനായി പോയി. രാത്രി 10 മണി മുതല്‍ രാവിലെ അഞ്ച് മണി വരെ സൗബിന്‍ പറവയുടെ കഥ പറഞ്ഞു.” അദ്ദേഹം പറയുന്നു.
എനിക്ക് കഥ ഇഷ്ടമായെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ഈ ചിത്രത്തിലേക്ക് എന്നെ പരിഗണിക്കുന്നത്. കഥ കേട്ടപ്പോള്‍ തന്നെ രസമായി തോന്നി. പ്രാവിന്റെ രംഗങ്ങള്‍ ചിത്രീകരിക്കുക എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണെന്ന് അറിയാമായിരുന്നു. സൗബിന്‍ പ്രാവിനെയൊക്കെ വളര്‍ത്തിയത് കൊണ്ട് തന്നെ ഇതിനെ കുറിച്ച് എല്ലാം അറിയാമെന്ന് എനിക്ക് മനസ്സിലായി. ആ ഒരു ആത്മവിശ്വാസവും ധൈര്യവും എനിക്ക് ഉണ്ടായിരുന്നു. സ്വായംപ് കൂട്ടിച്ചേര്‍ക്കുന്നു.