| Thursday, 6th June 2024, 3:45 pm

ലിറ്റില്‍ ഹാര്‍ട്ട്‌സ് ജി.സി.സി രാജ്യങ്ങളില്‍ വിലക്കി, കുറച്ച് നിഗൂഢതകള്‍ പുറത്തുവരാനുണ്ട്, കാത്തിരിക്കുക: സാന്ദ്രാ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷെയ്ന്‍ നിഗത്തിനെ നായകനാക്കി ആന്റോ ജോസ് പെരേരയും എബി ജോസ് പെരേരയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ലിറ്റില്‍ ഹാര്‍ട്ട്‌സ്. സാന്ദ്രാ തോമസ് നിര്‍മിക്കുന്ന ചിത്രത്തില്‍ മഹിമാ നമ്പ്യാരാണ് നായിക. ബാബുരാജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജൂണ്‍ ഏഴിന് ചിത്രം റിലീസാകനിരിക്കെ ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

ലോകത്തുള്ള എല്ലാ മലയാളികളിലേക്കും ഈ സിനിമ എത്തിക്കണമെന്ന ആഗ്രഹത്തിന് വലിയൊരു ആഘാതമാണ് ഈ തീരുമാനമെന്നും വിലക്കിനുള്ള കാരണം ഇപ്പോള്‍ പറയാനാകില്ലെന്നും സാന്ദ്ര പറഞ്ഞു. ഇതിന് പിന്നിലുള്ള നിഗൂഢത അടുത്ത ദിവസങ്ങളില്‍ പുറത്തുകൊണ്ടുവരുമെന്നും സാന്ദ്രാ തോമസ് കൂട്ടിച്ചേര്‍ത്തു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സാന്ദ്ര ഇക്കാര്യം അറിയിച്ചത്.

‘ആത്മാവും ഹൃദയവും നല്‍കി ഞങ്ങള്‍ നിര്‍മിച്ച സിനിമയാണ് ലിറ്റില്‍ ഹാര്‍ട്ട്‌സ്. വളെര ഖേദത്തോടെ ഞാനറിയിക്കട്ടെ, ലിറ്റില്‍ ഹാര്‍ട്ട്‌സ് ജി.സി.സി രാജ്യങ്ങളില്‍ പ്രദര്‍ശനമുണ്ടാകില്ല. ഗവണ്മെന്റ് പ്രദര്‍ശനം വിലക്കിയിരിക്കുന്നു. ഈ സിനിമ ലോകമൊട്ടുക്കും പ്രദര്‍ശനത്തിനെത്തിക്കണമെന്ന ഞങ്ങളുടെ ആഗ്രഹത്തിനേറ്റ വലിയ മുറിവാണിത്.

പ്രവാസി സുഹൃത്തക്കളോട് ഞാന്‍ ക്ഷമ ചോദിക്കുന്നു. നിലവിലെ വിലക്കിനിടയായ കാരണത്തെ തുറന്നു പറയാനാവില്ല. ഒന്നുറപ്പിച്ചോളൂ, ഒരു നിഗൂഢത പുറത്തുവരാനുണ്ട്. കാത്തിരിക്കു… ക്ഷമിക്കൂ. നാളെ (07-06-2024)ന് തിയേറ്ററില്‍ വരിക, സിനിമ കാണുക, മറ്റുള്ളവരോട് കാണാന്‍ പറയുക. എല്ലായ്‌പ്പോഴും കൂടെ നിന്നത് പോലെ ഇനിയും കൂടെ നില്‍ക്കുക. നന്ദി’, സാന്ദ്രാ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഹോമോസെക്ഷ്വല്‍ കണ്ടന്റ് ഉള്ളതിനാല്‍ മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററും, മമ്മൂട്ടി ചിത്രം കാതലും ഇതിനുമുമ്പ് ജി.സി.സി രാജ്യങ്ങളില്‍ വിലക്കിയിരുന്നു. ലിറ്റില്‍ ഹാര്‍ട്‌സിന്റെ വിലക്കിന് പിന്നിലെ കാരണം അണിയറപ്രവര്‍ത്തകരും പുറത്തുവിട്ടിട്ടില്ല.

Content Highlight: Little Hearts movie banned in Gulf countries

We use cookies to give you the best possible experience. Learn more