റിയാദ്: മക്കയില്‍ ഹജ്ജ് പുരോഗമിക്കുന്നതിനിടെ തീര്‍ത്ഥാടകരെ സഹായിക്കുന്ന ബാലന്റെ വീഡിയോ അറബ് ലോകത്ത് വൈറലാകുന്നു. തന്റെ സമീപത്തെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കുട്ടി വളരെ ഊര്‍ജ്ജസ്വലനായി പ്ലാസ്റ്റിക് ബാഗുകള്‍ പറിച്ചു നല്‍കുന്നതാണ് വീഡിയോയിലുള്ളത്.
തങ്ങളെ സഹായിക്കുന്ന ബാലനെ തീര്‍ത്ഥാടകര്‍ അഭിനന്ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഹാജിമാരെ സഹായിക്കുന്നതിനായി അവസാനം മറ്റൊരു കുട്ടികൂടെ എത്തുന്നത് കൂടെയാണ് വീഡിയോ അവസാനിക്കുന്നത്.
ഹാജിമാരെ സഹായിക്കുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പരിശീലനം സിദ്ധിച്ച നിരവധി വളണ്ടിയര്‍മാരാണ് മക്കയിലെത്തിയത്.
നാളെയാണ് ഇത്തവണത്തെ ഹജ്ജ് പൂര്‍ത്തിയാകുന്നത്. ഇന്ന് മിനായില്‍ നിന്നും വിടപറയുന്ന ഹാജിമാര്‍ കഅ്ബ പ്രദക്ഷിണം ചെയ്യുന്നതോടെയാണ് കര്‍മങ്ങള്‍ പൂര്‍ത്തിയാകുക.
സൗദി ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരം 23,52,122 പേര്‍ ഇത്തവണ ഹജ്ജ് നിര്‍വഹിച്ചിട്ടുണ്ടെന്നാണ്. ഇവരില്‍ 17,52,014 തീര്‍ഥാടകര്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ആഭ്യന്തര തീര്‍ഥാടകര്‍ 6,00,108 പേരാണ്.