മൊസ്യൂള്‍: ഐസിസ് ഭീകരരുടെ പിടിയില്‍ നിന്നും തങ്ങലെ രക്ഷിച്ച ഇറാഖ് സൈന്യത്തോട് നന്ദി രേഖപ്പെടുത്തി പത്തുവയസുകാരിയുടെ വീഡിയോ. സൈന്യത്തോട് ആദരസൂചകമായി “ഈ കാലുകള്‍ ഞാനൊന്നു ചുംബിച്ചോട്ടെ?” എന്നാണ് ആയിഷ ചോദിക്കുന്നത്.
2014 മുതല്‍ മൊസ്യൂളിന്റെ നിയന്ത്രണം ഏറ്റെടുത്ത ഐസിസ് ഭീകരര്‍ തന്റെ പിതാവിനെ കൊലപ്പെടുത്തിയ കാര്യങ്ങളും ആയിഷ ഓര്‍ത്തെടുക്കുന്നുണ്ട്. ആയിഷയെയും മാതാവിനെയും ഇറാഖ് സൈന്യം രക്ഷപ്പെടുത്തുമ്പോള്‍ മൂന്നുദിവസത്തോളമായി അവര്‍ ഭക്ഷണം പോലും കഴിച്ചിരുന്നില്ല.
ഒരുപാട് നന്ദിയുണ്ട് എന്നാണ് പട്ടാളക്കാരോട് ആയിഷ പറയുന്നത്.
“നിങ്ങളോട് വളരെ നന്ദിയുണ്ട്. ഞങ്ങളെ രക്ഷിക്കാന്‍ നിങ്ങള്‍ ഒരിക്കലും വരില്ലെന്നാണ് ഞാന്‍ കരുതിയത്. ഞാനും എന്റെ ഉമ്മയും രണ്ടു ദിവസത്തോളമായി ഭക്ഷണമോ വെള്ളമോ കിട്ടാതെ കഴിയുന്നു. ഉപ്പയെ തീവ്രവാദികള്‍ കൊണ്ടുപോയി കൊല ചെയ്തു.”
എന്റെ ഗ്രാമത്തില്‍ നിന്നും ഒരു പാട് കുട്ടികളെ ഈ ഭീകരര്‍ കൊണ്ടുപോയിട്ടുണ്ട്. അവര്‍ക്ക് എന്തുസംഭവിച്ചെന്ന് ഞങ്ങള്‍ക്ക് അറിയില്ല. ചിലര്‍ കൊല്ലപ്പെട്ടിട്ടുണ്ടാവും. ആ ഭീകരന്‍ ഉമ്മയുടെ ആഭരണങ്ങളും പണവും കവര്‍ന്നു. ഞങ്ങളുടെ പക്കല്‍ ഇപ്പോള്‍ ഒന്നുമില്ല. നന്ദി, നന്ദി. ഈ കാലുകളില്‍ ഞാനൊന്ന് ചുംബിച്ചോട്ടെ?” പെണ്‍കുട്ടി ചോദിക്കുന്നു.
മൊസ്യൂളില്‍ നിന്നും 18 മൈല്‍ അകലെയുളള കാഫര്‍ ഗ്രാമത്തിലാണ് ആയിഷയും കുടുംബവും കഴിഞ്ഞിരുന്നത്. 2014 മുതല്‍ ഈ പ്രദേശം ഐസിസ് നിയന്ത്രണത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞ വ്യാഴാഴ്ചത്തെ ശക്തമായ വ്യോമാക്രമണത്തിനും ഘോരമായ പോരാട്ടത്തിനും ശേഷം ഐസിസ് ഭീകരരില്‍ നിന്നും ഇറാഖ് സൈന്യം ഈ പ്രദേശത്തെ മോശിപ്പിച്ചു.