പാകിസ്ഥാന്‍-ബംഗ്ലാദേശ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ പാകിസ്ഥാന്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് റണ്‍സ് എന്ന നിലയിലാണ്.
ഒന്നാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിന്റെ അവിശ്വസനീയമായ തിരിച്ചുവരവിനാണ് റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഒന്നാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ബംഗ്ലാദേശ് 262 റണ്‍സിനാണ് പുറത്തായത്. സെഞ്ച്വറി നേടിയ ലിട്ടണ്‍ ദാസിന്റെ കരുത്തിലാണ് ബംഗ്ലാദേശ് മികച്ച സ്‌കോറിലേക്ക് നീങ്ങിയത്.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ബംഗ്ലാദേശ് തകര്‍ന്നടിയുകയായിരുന്നു. 26 റണ്‍സ് എടുക്കുന്നതിനിടെ ആറ് വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. ഈ സമ്മര്‍ദഘട്ടത്തില്‍ ലിട്ടണ്‍ ദാസിന്റെ ചിറകിലേറി ബംഗ്ലാദേശ് മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു.
228 പന്തില്‍ 138 റണ്‍സ് നേടി കൊണ്ടാണ് ലിട്ടണ്‍ തിളങ്ങിയത്. 13 ഫോറുകളും നാല് സിക്‌സുമാണ് താരം നേടിയത്. ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ സ്വന്തമാക്കിയത്.
Litton Das played a brilliant knock, scoring 138 off 228 balls with 13 fours and 4 sixes before getting out! 👏
ടെസ്റ്റ് ക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ ഏഴാം നമ്പറില്‍ ഇറങ്ങി ഒരു താരം നേടുന്ന അഞ്ചാമത്തെ മികച്ച സ്‌കോര്‍ ആണിത്. 2003ല്‍ ഹാമില്‍ട്ടണില്‍ നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡ് താരം ഡാനിയല്‍ വെട്ടോറി നേടിയ 137 റണ്‍സ് മറികടന്നു കൊണ്ടാണ് ലിട്ടണ്‍ ദാസ് ഈ നേട്ടം സ്വന്തമാക്കിയത്. ലിട്ടണിന് പുറമെ മെഹദി ഹസന്‍ മിറാസ് 124 പന്തില്‍ 78 റണ്‍സും നേടി നിര്‍ണായകമായി.
Before getting out, Mehidy Hasan Miraz scored a crucial 78 off 124 balls, hitting 12 fours and a six!👏
പാകിസ്ഥാന്‍ ബൗളിങ്ങില്‍ ആറ് വിക്കറ്റുകള്‍ നേടി ഖുറം ഷെഹ്‌സാദ് മിന്നും പ്രകടനമാണ് നടത്തിയത്. 21 ഓവറില്‍ മൂന്ന് മെയ്ഡന്‍ ഉള്‍പ്പെടെ 90 വിട്ടു നല്‍കിയാണ് താരം ആറ് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. മിര്‍ ഹംസ, സല്‍മാന്‍ അലി ആഘ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും നേടി നിര്‍ണായകമായി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 274 റണ്‍സിനാണ് പുറത്തായത്. പാകിസ്ഥാനായി സൈം അയ്യൂബ് 110 പന്തില്‍ 58 റണ്‍സും ക്യാപ്റ്റന്‍ ഷാന്‍ മസൂദ് 69 പന്തില്‍ 57 റണ്‍സും സല്‍മാന്‍ അലി 95 പന്തില്‍ 54 റണ്‍സും നേടി മികച്ച പ്രകടനമാണ് നടത്തിയത്.
ബംഗ്ലാദേശ് ബൗളിങ്ങില്‍ മെഹദി ഹസന്‍ അഞ്ച് വിക്കറ്റും ടാസ്‌കിന്‍ അഹമ്മദ് മൂന്ന് വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി. നഹിദ് റാണ, ഷാകിബ് അല്‍ ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
Content Highlight: Liton Das Great Prerformance Against Pakistan in Test