തിരുവനന്തപുരം: കേരളത്തിലെ ജലസ്രോതസുകളില്‍ 73 ശതമാനവും മലിനമാണെന്ന് സാക്ഷരതാ മിഷന്റെ പഠന റിപ്പോര്‍ട്ട്. കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍. 44 നദികളാല്‍ സമ്പന്നമായ കേരളത്തില്‍ ശുദ്ധജല ദൗര്‍ലഭ്യം ഭാവിയില്‍ രൂക്ഷമാകുമെന്നാണ് പഠനത്തില്‍ നിന്നും വ്യക്തമാകുന്നത്.
പരിസ്ഥിതി സാക്ഷരതാ പരിപാടിയുടെ ഭാഗമായാണ് സാക്ഷരതാ മിഷന്‍ കേരളത്തിലെ ജലസ്രോതസ്സുകളുടെ സ്ഥിതി വിവരപഠനം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കേരളത്തിലെ ജലസ്രോതസ്സുകളുടെ അവസ്ഥ വെളിവാകുന്നത്.
കേരളത്തിലെ 3606 ജലസ്രോതസുകളിലായി നടത്തിയ പഠനത്തിലാണ് 73 ശതമാനവും മലിനമാണെന്ന് കണ്ടെത്തിയത്. 1302 കുളങ്ങള്‍, 941 തോടുകള്‍, 153 പുഴഭാഗങ്ങള്‍, 16 കായല്‍ ഭാഗങ്ങള്‍ 1107 പൊതുകിണറുകള്‍ എന്നിവിടങ്ങളിലാണ് പഠനം നടത്തിയത്. ഏറ്റവും കൂടുതല്‍ പൊതുകിണര്‍ പഠനവിധേയമാക്കിയത് തൃശ്ശൂര്‍ ജില്ലയിലാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുളങ്ങള്‍ പഠനവിധേയമാക്കിയത് പാലക്കാടും ഏറ്റവും കൂടുതല്‍ തോടുകളും പഠനവിധേയമാക്കിയത് തിരുവനന്തപുരത്തുമാണ്.
അവലംബം: സാക്ഷരതാ മിഷന്‍ സ്ഥിതിവിവര പഠനറിപ്പോര്‍ട്ട്
കേരളത്തിലെ 26.9 ശതമാനം ജലസ്രോതസ്സുകള്‍ പൂര്‍ണ്ണമായും 46.1 ശതമാനം ജലസ്രോതസ്സുകള്‍ ഭാഗികമായും മലിനമാണെന്നാണ് പഠനത്തില്‍ നിന്നും വ്യക്തമായത്. ഭാഗികമായി മലിനപ്പെട്ട ജലസ്രോതസ്സുകള്‍ കുടിക്കാന്‍ ഒഴികെയുള്ള കാര്യങ്ങള്‍ക്ക് ( അലക്കല്‍, കൃഷിയാവശ്യം, കന്നുകാലികളെ കുളിപ്പിക്കല്‍ തുടങ്ങിയവ) ഉപയോഗിക്കുന്നുണ്ട്.
ഏറ്റവും കൂടുതല്‍ ജലസ്രോതസ്സുകള്‍ എറണാകുളത്താണ് മലിനമാക്കപ്പെട്ടിട്ടുള്ളത്. 84.5 ശതമാനം. അതില്‍ തന്നെ പകുതിയിലധികവും പൂര്‍ണ്ണമായും മലിനമാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജലസ്രോതസ്സുകളുള്ള കണ്ണൂര്‍ ജില്ലയില്‍ 82.9 ശതമാനവും മലിനമാക്കപ്പെട്ടവയാണ്. പ്രധാനമായും കുളങ്ങളേയും കിണറുകളെയുമാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. ആകെ ജലസ്രോതസ്സുകളില്‍ 36.1 ശതമാനം കുളങ്ങളും 30.7 ശതമാനം പൊതുകിണറുകളുമായിരുന്നു.
പഠനവിധേയമാക്കിയ ജലസ്രോതസ്സുകളില്‍ 27 ശതമാനം മാത്രമാണ് മലിനമാകാത്തതുള്ളത്. കുടിക്കുന്നതിന് ഉപയോഗിക്കുന്ന ജലസ്രോതസ്സുകളാണ് ഇവയെല്ലാം. മിക്ക ജില്ലകളിലേയും ജലസ്രോതസ്സുകളില്‍ പഠനം നടത്തിയതിനാല്‍ തന്നെ കേരളത്തിന്റെ ആകെ ജലസ്രോതസ്സുകളെ സംബന്ധിച്ചുള്ള സാമ്പിള്‍ പഠനറിപ്പോര്‍ട്ടായി ഇത് പരിഗണിക്കാവുന്നതാണെന്നും പഠനം അവകാശപ്പെടുന്നു.
ആലപ്പുഴയിലെ ജലസ്രോതസ്സുകളില്‍ 97 ശതമാനവും മലിനമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 87 ശതമാനം ഭാഗികമായും 10 ശതമാനം പൂര്‍ണ്ണമായും മലിനമാക്കപ്പെട്ടിട്ടുണ്ട്. അതേസമയം തൃശ്ശൂരിലെ 66 ശതമാനം ജലസ്രോതസ്സും മലിനമല്ലാത്തതാണ്.
അതേസമയം വയനാട് ജില്ലയില്‍ മലിനമാക്കപ്പെട്ട ജലസ്രോതസ്സുകളും കുടിവെള്ളാവശ്യത്തിനുപയോഗിക്കുന്നുണ്ടെന്നാണ് ജില്ലാതല റിപ്പോര്‍ട്ടില്‍ പറയുന്നത്.
മലിനീകരണത്തിന് ഇടയാക്കുന്ന സാഹചര്യങ്ങള്‍:
ജലസ്രോതസ്സുകള്‍ മലിനമാക്കുന്നതില്‍ 53 ശതമാനം പങ്കും വഹിക്കുന്നത് പ്ലാസ്റ്റിക് അടക്കമുള്ള ഖരമാലിന്യമാണ്. ഗാര്‍ഹിക മാലിന്യം മൂലം 23.24 ശതമാനമാണ് ജലസ്രോതസ്സുകള്‍ മലിനമാകുന്നത്. ജില്ല തിരിച്ചുള്ള കണക്കുകളില്‍ മലപ്പുറം ജില്ലയിലെ ജല സ്രോതസ്സുകളില്‍ 68 ശതമാനവും മലിനമാകുന്നത് ഖരമാലിന്യം കൊണ്ടാണ്. തലസ്ഥാന ജില്ലയില്‍ ഇതിന്റെ തോത് 63 ശതമാനമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഖരമാലിന്യങ്ങള്‍ വലിയതോതില്‍ മലിനീകരണത്തിന് കാരണമാകുന്നുണ്ട്. ഗാര്‍ഹിക മാലിന്യങ്ങളിലെ 55 ശതമാനത്തില്‍ ഹോട്ടലില്‍ നിന്നുള്ള ജൈവമാലിന്യങ്ങളുമുണ്ട്. കുടിവെള്ളം മലിനമാക്കാന്‍ ഹോട്ടല്‍ മാലിന്യങ്ങള്‍ 40 ശതമാനം പങ്കു വഹിക്കുന്നുണ്ട്.
ജലസ്രോതസ്സുകളുടെ അപകടാവസ്ഥയ്ക്ക് പ്രധാനകാരണങ്ങളില്‍ ഒന്ന് സംരക്ഷണഭിത്തികളുടെ അഭാവമാണ്. കേരളത്തിലെ കിണറുകളടക്കം പല ജലസ്രോതസ്സുകളും സംരക്ഷണഭിത്തിയില്ലാത്തതാണ്. പഠനം നടത്തിയ 30.6 ശതമാനം പുഴ, തോട്, കായല്‍ തുടങ്ങിയവയില്‍ 28 ശതമാനവും മണലൂറ്റല്‍ കൊണ്ട് അപകടാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അവലംബം: സാക്ഷരതാ മിഷന്‍ സ്ഥിതിവിവര പഠനറിപ്പോര്‍ട്ട്
മലിനീകരണത്തെക്കുറിച്ചുള്ള പൊതുജനങ്ങളുടെ അവബോധത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ജലസ്രോതസ്സുകള്‍ മലിനമായതിന്റെ കാരണങ്ങളെക്കുറിച്ച് 70 ശതമാനം ആളുകള്‍ക്കും സാമാന്യധാരണയുണ്ട്. 25 ശതമാനം പേര്‍ ധാരണയില്ല എന്നാണ് അഭിപ്രായപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം 70 ശതമാനം പേര്‍ക്ക് മലിനീകരണത്തെക്കുറിച്ച് ധാരണയുള്ളപ്പോഴും പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങളില്‍ ഇവര്‍ക്ക് സജീവമായി ഇടപെടാന്‍ കഴിയുന്നില്ല. മാത്രമല്ല പരിസ്ഥിതി സൗഹാര്‍ദമായ ജീവിതശൈലി രൂപപ്പെടുത്താന്‍ കഴിയാത്തതുകൊണ്ടാണ് ഇത്രയധികം ജലസ്രോതസുകള്‍ മലിനപ്പെടാന്‍ കാരണമെന്നാണ് സാക്ഷരതാ മിഷന്റെ അനുമാനം.
പരിസ്ഥിതി വിഷയങ്ങളെക്കുറിച്ചുള്ള അടിസ്ഥാനകാര്യത്തിലെ അജ്ഞതയാണ് ഇതിനു കാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രശ്നങ്ങളുടെ ഭവിഷ്യത്തുക്കളെക്കുറിച്ച് പൊതുജനങ്ങള്‍ ബോധവാന്‍മാരല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭാഗികമായി മലിനമാക്കപ്പെട്ട ജലസ്രോതസ്സുകളെ പൂര്‍വ്വസ്ഥിതിയില്‍ എളുപ്പം എത്തിക്കാനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ജലമലിനീകരണത്തിന് കാരണമായി പൊതുവായി ഖര-ദ്രവ-ഗാര്‍ഹിക മാലിന്യങ്ങളാണെങ്കിലും എറണാകുളത്ത് മലിനമായ ജലസ്രോതസ്സുകളില്‍ 55 ശതമാനവും കൈയേറ്റം മൂലമാണെന്നുള്ള ഞെട്ടിപ്പിക്കുന്ന വസ്തുതയും റിപ്പോര്‍ട്ടിലുണ്ട്. മറ്റു പല ജില്ലകളിലും കൈയേറ്റം മൂലം ജലസ്രോതസ്സുകള്‍ മലിനമാക്കപ്പെടുന്നത് 10 ശതമാനത്തില്‍ താഴെയാണെന്നത് വിഷയത്തിന്റെ ഗൗരവം സൂചിപ്പിക്കുന്നു.
അവലംബം: സാക്ഷരതാ മിഷന്‍ സ്ഥിതിവിവര പഠനറിപ്പോര്‍ട്ട്
കൈയേറ്റത്തോടൊപ്പം അമിതമായ വളപ്രയോഗം, വയല്‍ നികത്തല്‍, അനിയന്ത്രിതമായ പാറപൊട്ടിക്കല്‍, വനനശീകരണം, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, നീരുറവകളും ചാലുകളും നികത്തല്‍ തുടങ്ങിയവ ജലസ്രോതസ്സുകളുടെ നാശത്തിനും മലിനീകരണത്തിനും കാരണമാവുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. കുടിവെള്ളത്തോടൊപ്പം ജലാശയങ്ങളില്‍ കാണുന്ന ജൈവസമ്പത്ത് നഷ്ടമാകുന്നതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
പുഴകളില്‍ രൂപപ്പെടുന്ന മണ്‍തിട്ടകളും തുരുത്തുകളും തോടുകളുടെ ഗതിമാറുന്നതിനും കൃഷിനാശത്തിനും പരിസ്ഥിതി ആഘാതത്തിനും കാരണമാകുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവ ജലനിര്‍ഗമന ശേഷി കുറയ്ക്കുകയും ചെയ്യുന്നു.
കടപ്പാട്: ഡെക്കാണ്‍ ക്രോണിക്കിള്‍
മത്സ്യസമ്പത്ത് ക്രമാതീതമായി കുറഞ്ഞുവരികയാണ്. അതേസമയം ജലസംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും 86 ശതമാനം ആളുകളും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ അത്തരം കര്‍മപദ്ധതികളുടെ അഭാവം മൂലമാണ് ആളുകള്‍ ഇതില്‍ പങ്കാളികളാകാത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജലസംരക്ഷണത്തിനായി മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങള്‍:
റിപ്പോര്‍ട്ടില്‍ അതിവിപുലമായ പരിസ്ഥിതി സാക്ഷരതാപ്രവര്‍ത്തനങ്ങളുടെയും സര്‍ക്കാര്‍-സര്‍ക്കാര്‍ ഇതര ഏജന്‍സികളുടെയും ഇടപെടലുകള്‍ അനിവാര്യമാണെന്നും പരാമര്‍ശിക്കുന്നുണ്ട്. സാക്ഷരതാ പ്രവര്‍ത്തനം പോലെ ജനകീയ പരിസ്ഥിതി സാക്ഷരതാ പ്രവര്‍ത്തനം ആവശ്യമാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
മലിനീകരണത്തെ തടയാനും ജലാശയങ്ങളെ രക്ഷിക്കാനും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രാഥമിക പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാഠപുസ്തകം തയ്യാറാക്കി സാക്ഷരതാക്ലാസുകള്‍ സംഘടിപ്പിക്കുക എന്നതാണ് ആദ്യമായി മിഷന്‍ മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശങ്ങളില്‍ ഒന്ന്.
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജലസ്രോതസ്സുകളുടെ നവീകരണം സാധ്യമാക്കുക, ജലസ്രോതസ്സുകളുടെ സംരക്ഷണ ഭിത്തി നിര്‍മ്മിക്കുക, ജൈവസാന്നിധ്യം വീണ്ടെടുക്കുക എന്നിവയും റിപ്പോര്‍ട്ടിലെ ശുപാര്‍ശകളാണ്.
കടപ്പാട്: കേരള.മി
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ഇതിന് മുന്‍കൈ എടുക്കേണ്ടത്. ജനകീയ പങ്കാളിത്തത്തോടെ സമ്പൂര്‍ണ്ണമായി മലിനപ്പെട്ട ജലസ്രോതസ്സുകളെ പൂര്‍വ്വസ്ഥിതിയിലേക്ക് വീണ്ടെടുക്കുന്നതിന് അടിയന്തര പദ്ധതി നടപ്പാക്കുക എന്നതും തദ്ദേശസ്ഥാനങ്ങള്‍ക്കുള്ള ചുമതലയാണെന്ന് റിപ്പോര്‍ട്ടിലുണ്ട്.
പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി നിര്‍മ്മിച്ച നിയമങ്ങള്‍ കര്‍ക്കശമാക്കി നടപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ചെയ്യേണ്ടത്. അമിത വളപ്രയോഗം, മണലൂറ്റല്‍, കുന്നിടിക്കല്‍, വയല്‍ നികത്തല്‍, ജലസ്രോതസ്സുകളുടെ കൈയേറ്റം, വനനശീകരണം, മാരക വിഷമുള്ള കീടനാശിനികളുടെ ഉപയോഗം എന്നിവ ജലമലിനീകരണത്തിന് കാരണമാണെന്ന് പഠനങ്ങളില്‍ വ്യക്തമായ സാഹചര്യത്തില്‍ ഈ വിഷയങ്ങളില്‍ നിലവിലെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.
വികസനപ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി സൗഹാര്‍ദ്ദപരമായിരിക്കണമെന്നും ശുപാര്‍ശയുണ്ട്. അതോടൊപ്പം ആദിവാസി മേഖലകളിലും പട്ടികജാതി കോളനികള്‍, നഗരചേരിപ്രദേശം-തീരദേശം എന്നിവിടങ്ങളിലും പ്രത്യേക പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളും മാലിന്യനിര്‍മ്മാര്‍ജ്ജനപ്രവര്‍ത്തനവും ഉള്‍പ്പെടുത്തിയുള്ള പാക്കേജ് ആവിഷ്‌കരിക്കണമെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ചെയ്യേണ്ടവയാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അവലംബം: സാക്ഷരതാ മിഷന്‍ സ്ഥിതിവിവര പഠനറിപ്പോര്‍ട്ട്
58,643 വീടുകളില്‍ സര്‍വെ നടത്തിയാണ് സാക്ഷരതാ മിഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 25000 ത്തോളം പേര്‍ ഉള്‍പ്പെട്ട സര്‍വെ അംഗങ്ങളാണ് പഠനം നടത്തിയത്.
അതേസമയം വയനാടന്‍ ഉത്ഭവസ്ഥാനങ്ങളില്‍ നിന്നുള്ള ഉറവകളിലും കാര്യമായ വരള്‍ച്ച ഉണ്ടെന്നാണ് പുറത്തുവരുന്ന കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജില്ലയിലെ പ്രകൃതിദത്ത ഉറവകളില്‍ 70 ശതമാനവും അപ്രത്യക്ഷമാകുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തോടുകളുടെയും പുഴയുടെയും ഉത്ഭവസ്ഥാനങ്ങളില്‍ ഉണ്ടായിരുന്നതില്‍ മൂന്നിലൊന്നിലധികം നീര്‍ച്ചാലുകളാണ് ഇല്ലാതായത്.
പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത് ഭാവിയില്‍ കടുത്ത കുടിവെള്ള ക്ഷാമത്തിനും ജലദൗര്‍ലഭ്യത്തിലേക്കും മലിനീകരണം കേരളത്തെ നയിക്കുമെന്നാണ്. മഴവെള്ളത്തെ വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്താതെ വെറുതെ പാഴാക്കി കളയുന്നതും അനിയന്ത്രിതമായ മണലെടുപ്പും കാരണമാണ് ഇതുവരെ ജലദൗര്‍ലഭ്യത്തിനു കാരണമായി ഏറ്റവും കൂടുതല്‍ കണക്കാക്കിയിരുന്നെങ്കില്‍ കൈയേറ്റങ്ങളും മലിനീകരണത്തിന് വലിയ പങ്കു വഹിക്കുന്നു എന്നതാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ പ്രൊജക്ട് സമര്‍പ്പിക്കുക, ജനകീയ പങ്കാളിത്തത്തോടെ ജലസ്രോതസ്സുകളുടെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുക, ഗൗരവമായ പഠനങ്ങള്‍ നടത്തുക എന്നതാണ് സാക്ഷരതാ മിഷന്‍ ജല സ്രോതസ്സുകശളുടെ വീണ്ടെടുപ്പിനായി അടിയന്തരമായി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ജനങ്ങള്‍ പൊതുവായി ഉപയോഗിക്കുന്ന കുളങ്ങള്‍, നീരുറവകള്‍, തോടുകള്‍, പൊതുകിണറുകള്‍ തുടങ്ങിയ, നദികള്‍, കായലുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. ശാസ്ത്രീയവും ആഴത്തിലുള്ളതുമായ പഠനങ്ങളും സാമൂഹിക ഇടപെടലും ഇതിനാവശ്യമാണെന്നും ജനകീയ പങ്കാളിത്തമുള്ള പ്രാഥമിക പഠനം എന്ന നിലയിലാണ് ഈ പഠനമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
ജലസ്രോതസ്സുകളുടെ സംരക്ഷണപ്രവര്‍ത്തനങ്ങളുടെ സാധ്യതകളും അനിവാര്യതയും പ്രദേശിക തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് പഠന റിപ്പോര്‍ട്ട്.
ജലസ്രോതസ്സുകളുടെ സ്ഥിതി വിവരപഠനറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഒരോ വാര്‍ഡിലെയും ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിന് പ്രദേശിക സ്വഭാവമുള്ള ശുപാര്‍ശകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഉദാഹരണമായി ആലപ്പുഴയില്‍ കയര്‍ ഭൂവസ്ത്രത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തുകയും കോട്ടയത്ത് മാലിന്യങ്ങള്‍ ജലാശയത്തിലേക്ക് തള്ളുന്നത് തടയുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.