|

ലാലേട്ടനെ വെച്ച് സിനിമ പ്ലാന്‍ ചെയ്യുന്നുണ്ട്: ലിസ്റ്റിന്‍ സ്റ്റീഫന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്യാന്‍ തയ്യാറെടുപ്പുകള്‍ നടക്കുന്നുവെന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. സിനിമയുടെ സ്‌ക്രിപ്റ്റ് വര്‍ക്ക് ഏകദേശം പൂര്‍ത്തിയായി വരുന്നെന്നും മോഹന്‍ലാലിനോട് ഇനി കഥ പറയാന്‍ പോകണം എന്നും ലിസ്റ്റിന്‍ പറയുന്നു.

മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ലിസ്റ്റിന്‍ ഇക്കാര്യം പറഞ്ഞത്.
‘ലാലേട്ടനെ വെച്ച് ചെയ്യാന്‍ ഒരു ചിത്രം പ്ലാന്‍ ചെയ്യുന്നുണ്ട്. അതിന്റെ സ്‌ക്രിപ്റ്റ് വര്‍ക്ക് ഏകദേശം കംപ്ലീറ്റ് ആയി വരുന്നു. എന്നാല്‍ ലാലേട്ടനോട് കഥ പറഞ്ഞിട്ടില്ല. ആന്റണി ചേട്ടനോട് മാത്രമാണ് ഇതിനെ പറ്റി സംസാരിച്ചിട്ടുള്ളത്,’ ലിസ്റ്റിന്‍ പറഞ്ഞു.

സ്‌ക്രിപ്റ്റിങ് മാത്രമേ ഏതാണ്ട് പൂര്‍ത്തിയായിട്ടുള്ളുവെന്നും ചിത്രത്തെ കുറിച്ച് മറ്റൊന്ന് പറയാറായിട്ടില്ലയെന്നും ലിസ്റ്റിന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കരുതെന്നും അദ്ദേഹം പറയുന്നുണ്ട്.

‘സിനിമയെ കുറിച്ച് യാതൊന്നും പറയാറായിട്ടില്ല, സ്‌ക്രിപ്റ്റ് കൊണ്ട് ഞാന്‍ വരുന്നു എന്ന് ലാലേട്ടന്‍ അറിഞ്ഞിട്ട് പോലും കാണില്ല, പക്ഷെ ഞാന്‍ ഈ പറയുന്ന കേട്ട് പലരും വാര്‍ത്തകള്‍ കൊടുക്കുക ലിസ്റ്റിന്‍ സ്റ്റീഫനും മോഹന്‍ലാലും ഒന്നിക്കുന്നുവെന്നാകും അവിടെ വരെ ഒന്നും എത്തിയിട്ടില്ല,’ ലിസ്റ്റിന്‍ പറയുന്നു.

അതേസമയം താനും അല്‍ഫോണ്‍സ് പുത്രനും ഒന്നിച്ച ഗോള്‍ഡിന് നേരിട്ട പരാജയത്തെക്കുറിച്ചും അഭിമുഖത്തില്‍ ലിസ്റ്റിന്‍ പറയുന്നുണ്ട്.

ഗോള്‍ഡിനെപ്പറ്റി കേള്‍ക്കുന്ന ഗോസിപ്പുകള്‍ ഒക്കെ വെറുതെയാണെന്നും. ഹാര്‍ഡ് ഡിസ്‌ക്ക് കാണാതെ പോയെന്നൊക്കെ വെറുതെ പറയുന്നതാണെന്നും ലിസ്റ്റിന്‍ കൂട്ടിച്ചേര്‍ക്കുന്നു.


‘ഉദ്ദേശിച്ച റിസള്‍ട്ട് ലഭിച്ചില്ല എന്ന് മാത്രമാണ് ആ സിനിമക്ക് സംഭവിച്ചത്. അതായത് ആ സിനിമ നിര്‍മിച്ചതിന്റെ പേരില്‍ സാമ്പത്തിക നഷ്ടമൊന്നും ഉണ്ടായിട്ടില്ല. കൊവിഡ് ടൈമില്‍ എടുത്ത പടമാണ് ഗോള്‍ഡ്. നല്ല കഥയുമായി അല്‍ഫോണ്‍സ് പുത്രന്‍ വന്നാല്‍ ഇനിയും സിനിമ ചെയ്യും’ ലിസ്റ്റിന്‍ പറയുന്നു.

Content Highlight: Listin Stephen telling that he has a plan to do a movie with Mohanlal