|

കണ്ടാല്‍ തന്നെ സ്‌പെല്ലിങ് മിസ്റ്റേക്കുണ്ടെന്ന് തോന്നും; ആ സിനിമയില്‍ സുരാജിനെ നായകനാക്കാന്‍ കാരണമുണ്ട്: ലിസ്റ്റിന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിലാസിനി സിനിമാസിന്റെ ബാനറില്‍ നടന്‍ സുരാജ് വെഞ്ഞാറമൂട് ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് ഇ.ഡി (എക്‌സ്ട്രാ ഡീസന്റ്). ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിനൊപ്പം ചേര്‍ന്നാണ് സുരാജ് ഇ.ഡി നിര്‍മിക്കുന്നത്. വിനു എന്ന കഥാപാത്രമായി സുരാജ് തന്നെയാണ് ഈ സിനിമയില്‍ എത്തുന്നത്.

ഇതുവരെ കാണാത്ത ലുക്കിലാണ് നടന്‍ ഇ.ഡിയില്‍ അഭിനയിക്കുന്നത്. ഈയിടെ ഇറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറില്‍ നിന്ന് സുരാജിന്റേത് ഒരു സൈക്കോ കഥാപാത്രമാണെന്നാണ് സൂചന.

ഇ.ഡിയിലെ സുരാജിന്റെ ലുക്കിനെ കുറിച്ച് പറയുകയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സുരാജിന്റെ ലുക്കില്‍ നിന്ന് തന്നെ ഈ സിനിമയെ കുറിച്ച് മനസിലാകും. ക്ലീന്‍ ഷേവും ചെയ്ത് ഒരു കണ്ണാടിയും വെച്ച് നില്‍ക്കുന്ന സുരാജിനെ കാണുമ്പോള്‍ എന്തോ ഒരു സ്‌പെല്ലിങ് മിസ്റ്റേക്കുള്ള ഒരുത്തനായിട്ട് തോന്നുന്നില്ലേ. വേറെ ഏത് നായകനെ വെച്ച് കഴിഞ്ഞാലും ഈ ലുക്ക് കിട്ടില്ല (ചിരി).

അതുകൊണ്ടാണ് സുരാജിലേക്ക് ഈ സിനിമ വന്നത്. കണ്ടാല്‍ തന്നെ എന്തോ സ്‌പെല്ലിങ് മിസ്റ്റേക്കുണ്ടെന്ന് ഓഡിയന്‍സിന് തോന്നണം. വേറെ ആര് ക്ലീന്‍ ഷേവ് ചെയ്താലും കുറച്ചുകൂടെ സൗന്ദര്യവും മറ്റും വരുമല്ലോ. ഇവിടെ സൂരാജ് ക്ലീന്‍ ഷേവ് ചെയ്തിട്ട് ആ കണ്ണട കൂടെ വെക്കുമ്പോള്‍ കറക്ടാകും (ചിരി),’ ലിസ്റ്റിന്‍ സ്റ്റീഫന്‍ പറയുന്നു.

ഇ.ഡി (എക്‌സ്ട്രാ ഡീസന്റ്):

ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത് വരാനിരിക്കുന്ന ഡാര്‍ക്ക് ഹ്യൂമര്‍ ഴോണറിലൊരുങ്ങിയ ചിത്രമാണ് ഇ.ഡി. ആഷിഫ് കക്കോടി രചന നിര്‍വഹിക്കുന്ന സിനിമയില്‍ ഒരു കുടുംബത്തെ ചുറ്റിപറ്റിയുള്ള കഥയാണ് പറയുന്നത്.

സുരാജ് വെഞ്ഞാറമൂടിനൊപ്പം ഗ്രേസ് ആന്റണി, ശ്യാം മോഹന്‍ എന്നിവരുടെ ഫണ്‍ കോമ്പോയാണ് ഹൈലൈറ്റ്. അവര്‍ക്ക് പുറമെ വിനയപ്രസാദ്, റാഫി, സുധീര്‍ കരമന, ദില്‍ന പ്രശാന്ത് അലക്‌സാണ്ടര്‍, ഷാജു ശ്രീധര്‍, സജിന്‍ ചെറുകയില്‍, വിനീത് തട്ടില്‍ എന്നിവരാണ് ഇ.ഡിക്കായി ഒന്നിക്കുന്നത്.

Content Highlight: Listin Stephen Talks About Suraj Venjaramoodu’s Character In Extra Decent Movie