|

എത്ര ഹൈപ്പുള്ള സിനിമയാണെങ്കിലും റിവ്യൂ മോശമാണെങ്കില്‍ ആരും കാണില്ല: ലിസ്റ്റിന്‍ സ്റ്റീഫന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എമ്പുരാന്‍ സിനിമ മലയാളം ഇന്‍ഡസ്ട്രിയിലെ സകല കളക്ഷന്‍ റെക്കോഡുകളും തകര്‍ത്തുകൊണ്ട് മുന്നേറുകയാണ്. റിലീസ് ചെയ്ത് ഒരാഴ്ച്ച ആകുമ്പോള്‍ 200 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ കളക്ഷന്‍ എന്നാല്‍ ചിത്രത്തെച്ചൊല്ലി പല വിവാദങ്ങളും ഉടലെടുക്കുകയും 24 എഡിറ്റുകള്‍ വരുത്താന്‍ അണിയറപ്രവര്‍ത്തകര്‍ നിര്‍ബന്ധിതരാവുകയും ചെയ്തിരുന്നു.

ഇപ്പോള്‍ സിനിമയുടെ ഹൈപ്പിനെ കുറിച്ചും റിവ്യൂസിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍.

എമ്പുരാന് പ്രീ ബുക്കായി തന്നെ ഒരുപാട് കളക്ഷന്‍ വന്നിട്ടുണ്ടെന്നും കേരളത്തിലും കേരളത്തിന് പുറത്തും വലിയരീതിയില്‍ കളക്ഷനും ഹൈപ്പും സിനിമക്കുണ്ടായിട്ടുണ്ടെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറയുന്നു. എത്ര ഹൈപ്പുള്ള സിനിമയാണെങ്കിലും റിവ്യൂ മോശമാണെങ്കില്‍ സിനിമ ആളുകള്‍ കാണില്ലെന്നും അതാണ് സിനിമയുടെ പ്രാക്ടീസെന്നും ലിസ്റ്റിന്‍ പറയുന്നു. വണ്‍ ടൂ ടോക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലിസ്റ്റിന്‍.

‘ഇവിടെ മാത്രമല്ല ഓവര്‍സീസില്‍ നല്ല കളക്ഷന്‍ ഉണ്ട്. സിനിമയുടെ മൊത്തത്തിലുള്ള കളക്ഷന്‍ പ്രീ ബുക്ക്ഡ് ആയി തന്നെ വന്നിരിക്കുകയാണ്. അഡ്മിഷന്റെ കാര്യത്തില്‍. അത്രയും ഹൈപ്പ് ഈ പടത്തിന് അവിടെയെല്ലാം കിട്ടിയിട്ടുണ്ട്. അത് കേരളത്തില്‍ നിന്ന് മാത്രമല്ല. എത്ര കളക്ഷനുണ്ടെന്ന് പറഞ്ഞാലും നല്ല സിനിമയും കൂടി ആണെങ്കില്‍ മാത്രമാണ് അത് ആളുകള്‍ പോയി കാണുക. എത്ര ഹൈപ്പുളള സിനിമയാണെങ്കിലും റിവ്യൂ ഭയങ്കര മോശമായി വന്നാല്‍ സിനിമ ആരും പോയി കാണില്ല. അതാണ് സിനിമയുടെ ഒരു പ്രാക്ടീസ്.

ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ പറയുമ്പോഴും ഒരു സംവിധായകന്‍ എന്ന രീതിയില്‍ താന്‍ മികച്ചതാണ് എന്ന് പൃഥ്വിരാജ് തെളിയിച്ചിരിക്കുകയാണ്. ഒരു വലിയ സംവിധായകനായിട്ട് വീണ്ടും മാറിയിരിക്കുകയാണ് അല്ലെങ്കില്‍ ഒരു മികച്ച സംവിധായകനാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. പൃഥ്വിയെ സംബന്ധിച്ച് ഏതൊരു ഭാഷയിലും വലിയ സിനിമയും ചെയ്യാന്‍ കഴിയുമെന്നുള്ളതിന് ഒരു ഉദാഹരണം കൂടെയാണ് എമ്പുരാന്‍ എന്ന സിനിമ. ഉള്ളടക്കത്തിന്റെ കാര്യത്തില്‍ അല്ല. ഇങ്ങനെയൊരു വര്‍ക്ക് താന്‍ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് എവിടെയും കാണിക്കാന്‍ ആയിട്ട് പറ്റും,’ ലിസ്റ്റിന്‍ സ്റ്റീഫന്‍ പറയുന്നു.

രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് ലിസ്റ്റിന്‍ നിര്‍മാതാവായി എത്തുന്നത്. മാജിക് ഫ്രെയിംസ് അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ കമ്പനിയാണ്.

Content Highlight: Listin stephen talks about  movie’s  hype and reviews 

Latest Stories