ഏറെ പ്രതീക്ഷയോടെ മലയാളത്തിൽ പ്രഖ്യാപിച്ച സിനിമയായിരുന്നു രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം. നിവിൻ പോളി, ഇന്ദ്രജിത്ത്, അർജുൻ അശോകൻ, പൂർണിമ ഇന്ദ്രജിത്ത്, നിമിഷ സജയൻ തുടങ്ങി വമ്പൻ താരനിര അണിനിരന്ന ചിത്രം ഒരുപാട് വൈകിയായിരുന്നു റിലീസിന് എത്തിയത്.
സാമ്പത്തിക പ്രതിസന്ധികൾ കാരണം മുടങ്ങികിടന്ന സിനിമ പിന്നീട് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ആയിരുന്നു ഏറ്റെടുത്ത് തിയേറ്ററുകളിൽ എത്തിച്ചത്.
എന്നാൽ തുറമുഖം സിനിമ എല്ലാവർക്കും ഒരു നഷ്ടമായിരുന്നു എന്നാണ് ലിസ്റ്റിൻ പറയുന്നത്. പലരും വിചാരിച്ചിട്ട് നടക്കാത്ത കാര്യം ഒരു ത്രില്ല് തോന്നിയത് കൊണ്ടാണ് താൻ ഏറ്റെടുത്തതെന്നും ലിസ്റ്റിൻ പറയുന്നു. വേൾഡ് ബിസിനസ് മലയാളിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ലിസ്റ്റിൻ.
‘പലരും ആ സിനിമ പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ പോവുകയായിരുന്നു. ഒരുപാട് ചർച്ചകൾ നടക്കും പരാജയപ്പെടും അതായിരുന്നു അവസ്ഥ. എനിക്കൊരു ത്രില്ല് തോന്നി അത് ഏറ്റെടുക്കാൻ. നിവിന്റെ കൂടെ ഒരു സിനിമ ചെയ്യേണ്ട കാര്യം ചർച്ചയിൽ ഉണ്ടായിരുന്നു.
അതിന്റെ ഇടയിലാണ് ഇത് വരുന്നത്. പലരും വിചാരിച്ചിട്ട് നടക്കാത്ത ഒരു കാര്യമല്ലേ അപ്പോഴൊന്ന് ശ്രമിച്ചു നോക്കാം എന്ന് കരുതി. ഞാൻ എല്ലാവരുമായിട്ട് സംസാരിച്ചു. എല്ലാവരെയും കൺവിൻസ് ചെയ്തു.
ഒത്തിരിപേർക്ക് നഷ്ടം സംഭവിച്ച സിനിമയാണ് തുറമുഖം. എല്ലാവരോടും സംസാരിച്ചപ്പോൾ ആ നഷ്ടം സഹിക്കാൻ അവർ തയ്യാറായത് കൊണ്ടാണ് ആ പടം ഇറങ്ങാൻ ഉള്ള സാഹചര്യം ഉണ്ടാവുന്നത്.
എനിക്ക് കുറച്ച് നഷ്ടം ആ സിനിമയിൽ സംഭവിച്ചിട്ടുണ്ട്. ആ സിനിമയ്ക്കായി ഇൻവെസ്റ്റ് ചെയ്ത കുറേ പേർക്ക് നഷ്ടം സംഭവിച്ചിട്ടുണ്ട്. എല്ലാവർക്കും നഷ്ടമായിരുന്നു സംഭവിച്ചത്. എല്ലാവർക്കും പൈസ പോയിട്ടുണ്ട്. നിവിൻ ആദ്യം പറഞ്ഞ ശമ്പളം പോലും അവന് കിട്ടിയിട്ടില്ല,’ലിസ്റ്റിൻ സ്റ്റീഫൻ പറയുന്നു.
Content Highlight: Listin Stephen Talk About Thuramukham Movie