ഒരിടവേളക്ക് ശേഷം വരുന്ന പൃഥ്വിരാജ് നായകനാവുന്ന മാസ് ആക്ഷന്‍ ഹീറോ ചിത്രമാണ് കടുവ. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം വിവേക് ഒബ്രോയ് ആണ് വില്ലന്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റേയും മാജിക് ഫ്രെയിംസിന്റേയും ബാനറില്‍ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
കടുവയുടെ ക്ലൈമാക്‌സ് ചിത്രീകരിച്ചപ്പോഴുണ്ടായ രസകരമായ അനുഭവം പങ്കുവെക്കുകയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍. കടുവയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന പ്രസ് മീറ്റിലായിരുന്നു ലിസ്റ്റിന്റെ പ്രതികരണം.
‘കോട്ടയത്ത് കടുവയുടെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുകയായിരുന്നു. എട്ടൊമ്പത് ദിവസം കൊണ്ട് ക്ലൈമാക്‌സ് ഷൂട്ട് ചെയ്യാനാണ് പ്ലാന്‍ ചെയ്തത്. പക്ഷേ അത് 14 ദിവസത്തോളം നീണ്ട് പോയി. പള്ളിപ്പെരുന്നാളും അതിനോടനുബന്ധിച്ചുള്ള ജനകൂട്ടവുമൊക്കെയുള്ള പരിപാടിയായിരുന്നു. ഷൂട്ട് തുടങ്ങിയാലും എന്തെങ്കിലും കാരണം കൊണ്ട് നിന്ന് പോകും. പിന്നേം തുടങ്ങും. അങ്ങനെ പോവാരുന്നു.
അങ്ങനെ ദിവസങ്ങള്‍ മുമ്പോട്ട് പോകുമ്പോള്‍ വിവേക് ഒബ്രോയ്ക്ക് ഡേറ്റില്ല. രാജുവിനാണെങ്കിലും ഇത് തീര്‍ത്തിട്ട് ആട് ജീവിതത്തിന് പോകണം. വലിയ സെറ്റപ്പിലാണ് ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുന്നത്. അവിടെ പോത്തുകളും പന്നി കൂട്ടങ്ങളും ഉണ്ടായിരുന്നു. ഭയങ്കര വലിപ്പമുള്ള പോത്താണ്. അത്രയും പോത്തുകള്‍ക്ക് ദിവസവും ഭക്ഷണം കൊടുക്കാന്‍ തന്നെ ദിവസവും രണ്ടര ലക്ഷത്തോളം രൂപയാവും. അത് കൊടുത്ത് ഇതിനെ മെയിന്റേന്‍ ചെയ്തുകൊണ്ട് പോവുകയാണ്.
അപ്പോള്‍ പോത്തിനെ കൊണ്ടുവന്നവന്‍ പറഞ്ഞു, ലിസ്റ്റിനേ ഇത് ഞായറാഴ്ച വെട്ടാനുള്ള പോത്താണ്, പെട്ടെന്ന് ഷൂട്ട് ചെയ്യണമെന്ന്. നീ ഒന്ന് വെയ്റ്റ് ചെയ്യ്, ഭക്ഷണമൊക്കെ ഞാന്‍ തരാമെന്ന് പറഞ്ഞു നോക്കി. ഭക്ഷണമോ പൈസയോ ഒന്നുമല്ല, ഈ ഞായറാഴ്ച വെട്ടാന്‍ പോത്തില്ലെന്ന് അവന്‍ പറഞ്ഞു.
ഞാന്‍ ചെന്ന് ഷാജി ചേട്ടാ പൃഥ്വിരാജിനും ഡേറ്റില്ല, വിവേക് ഒബ്രോയിക്കും ഡേറ്റില്ല, പോത്തും കിട്ടില്ല, പോത്തുകാരന്‍ എന്തായാലും ഞായറാഴ്ച ഉണ്ടാവില്ലെന്ന് പറഞ്ഞു. നീ പോത്തിനോട് എങ്ങനെയെങ്കിലും പറഞ്ഞ് അഡ്ജസ്റ്റ് ചെയ്യാന്‍ നോക്കെന്നാണ് എന്നോട് പറഞ്ഞത്. ഈ പ്രശ്‌നങ്ങള്‍ക്കിടയിലാണ് പ്രൊഡ്യൂസ് ചെയ്യുന്നത്. പോത്തിനോടും കമ്മ്യൂണിക്കേറ്റ് ചെയ്യുക, ആര്‍ട്ടിസ്റ്റുകളോടും കമ്മ്യൂണിക്കേറ്റ് ചെയ്യുക, വളരെ രസകരമായ അനുഭവമായിരുന്നു,’ ലിസ്റ്റിന്‍ പറഞ്ഞു.
Content Highlight: Listin Stephen shares an interesting experience he had while filming the climax of kaduva