Advertisement
രാജുവിന്റെ തീരുമാനം അറിയാല്ലോ, ഇതല്ല ഇതിനപ്പുറവും കണ്ടിട്ടുള്ളതാണ് എന്ന ലെവലിലാണ്: ലിസ്റ്റിന്‍ സ്റ്റീഫന്‍
Film News
രാജുവിന്റെ തീരുമാനം അറിയാല്ലോ, ഇതല്ല ഇതിനപ്പുറവും കണ്ടിട്ടുള്ളതാണ് എന്ന ലെവലിലാണ്: ലിസ്റ്റിന്‍ സ്റ്റീഫന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jun 30, 06:23 pm
Thursday, 30th June 2022, 11:53 pm

മലയാളത്തില്‍ ഒരിടവേളക്ക് ശേഷം എത്തുന്ന മാസ് ആക്ഷന്‍ ചിത്രമാണ് കടുവ. റിയലിസ്റ്റിക് സിനിമകളില്‍ മുങ്ങി കിടന്ന മലയാളത്തിലേക്ക് എത്തുന്ന പൃഥ്വിരാജിന്റെ ആക്ഷന്‍ ഹീറോ ചിത്രത്തെ പ്രതീക്ഷയോടെയാണ് മലയാളികള്‍ നോക്കി കാണുന്നത്. സംവിധായകന്‍ ഷാജി കൈലാസിന്റെ മടങ്ങിവരവെന്ന നിലയിലും കടുവക്ക് പ്രത്യേകത ഉണ്ട്.

കടുവ പ്രേക്ഷകര്‍ സ്വീകരിക്കുമോയെന്ന് പേടി പൃഥ്വിരാജിനുണ്ടായിരുന്നു എന്ന് പറയുകയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍. കടുവയുടെ കൊച്ചിയിലെ പ്രമോഷന്‍ പരിപാടിയില്‍ വെച്ച് മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘മറ്റ് ഭാഷകളില്‍ നിന്നും വരുന്ന സിനിമകള്‍ നമ്മള്‍ ഇവിടെ എടുക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. അതിന് കയ്യടികള്‍ ഉയരുന്നു, ഭയങ്കര ഇനീഷ്യല്‍ ഉണ്ടാവുന്നു. റിയലിസ്റ്റിക് സിനിമകളാണ് നമ്മള്‍ എടുത്തുകൊണ്ടിരിക്കുന്നത്.

May be an image of 5 people, beard, people standing and indoor

കടുവ പോലൊരു സിനിമ നമ്മള്‍ ചെയ്തുകഴിഞ്ഞാല്‍ അവര്‍ ആ അര്‍ത്ഥത്തില്‍ തന്നെ എടുക്കുമോ എന്ന പേടിയാണ് രാജുവിന്. രാജു ധൈര്യം കാട്ടിയാലല്ലേ മറ്റുള്ളവര്‍ക്കും ധൈര്യം വരുകയുള്ളൂവെന്ന് ഞാന്‍ പറയും. പിന്നെ നമ്മള്‍ ചെയ്താല്‍ മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെടുമെന്ന് രാജുവിന് തോന്നും. പിന്നെ രാജുവിന്റെ തീരുമാനം അറിയാമല്ലോ, വിജയിച്ചില്ലേലും കുഴപ്പമില്ല, ഇതല്ല ഇതിനപ്പുറവും കണ്ടിട്ടുള്ളതാണ് എന്ന ലെവലിലാണ് രാജു ഇരിക്കുന്നത്. അതുകൊണ്ട് കടുവയില്‍ വീണ്ടുമൊരു പരീക്ഷണം നടത്തുകയാണ്,’ ലിസ്റ്റിന്‍ പറഞ്ഞു.

ജൂലൈ ഏഴിന് ആയിരിക്കും കടുവ റിലീസ് ചെയ്യുക. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നു. വിവേക് ഒബ്‌റോയ് ചിത്രത്തില്‍ വില്ലനായി ഡി.ഐ.ജിയായിട്ട് അഭിനയിക്കുന്നു.

Content Highlight: Listin Stephen says that Prithviraj was afraid that kaduva would be accepted by the audience