പൊളിറ്റിക്‌സും മറ്റ് കളികളും ഇല്ലെങ്കില്‍ ഈ വര്‍ഷത്തെ ദേശീയ അവാര്‍ഡ് അവനുള്ളതാണ്: ലിസ്റ്റിന്‍ സ്റ്റീഫന്‍
Entertainment
പൊളിറ്റിക്‌സും മറ്റ് കളികളും ഇല്ലെങ്കില്‍ ഈ വര്‍ഷത്തെ ദേശീയ അവാര്‍ഡ് അവനുള്ളതാണ്: ലിസ്റ്റിന്‍ സ്റ്റീഫന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 5th June 2024, 3:47 pm

ആടുജീവിതം എന്ന സിനിമയിലെ അഭിനയത്തിന് പൃഥ്വിരാജിന് നാഷണല്‍ അവാര്‍ഡ് കിട്ടേണ്ടതാണെന്ന് പറയുകയാണ് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. പൃഥ്വിയുടെ ഇതുവരെയുള്ള എല്ലാ സിനിമകളിലും ഒരു സീനിലെങ്കിലും പൃഥ്വി അഭിനയിച്ചതായി തോന്നിയിട്ടുണ്ടെന്നും ആടുജീവിതത്തില്‍ മാത്രമാണ് അങ്ങനെ തോന്നാത്തതെന്നും ലിസ്റ്റിന്‍ പറഞ്ഞു. അത്രമാത്രം എഫര്‍ട്ട് ഈ സിനിമക്ക് വേണ്ടി പൃഥ്വി എടുത്തിട്ടുണ്ടെന്നും ലിസ്റ്റിന്‍ പറഞ്ഞു. തന്റെ സുഹൃത്തായതുകൊണ്ടല്ല ഇത് പറഞ്ഞതെന്നും ഒരു സിനിമാസ്വാദകന്‍ എന്ന നിലക്കാണ് പറയുന്നതെന്നും ലിസ്റ്റിന്‍ പറഞ്ഞു.

ബ്ലെസി എന്ന മനുഷ്യന്‍ തന്റെ ജീവിതം മുഴുവനായി സമര്‍പ്പിച്ച സിനിമയാണ് ഇതെന്നും മരുഭൂമിയിലെ സീനുകള്‍ക്ക് വേണ്ടി പൃഥ്വി തന്റെ ശരീരത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ആര്‍ക്കും കണ്ടില്ലെന്ന് നടിക്കാന്‍ പറ്റില്ലെന്നും പൊളിറ്റിക്‌സോ മറ്റ് കളികളോ നടന്നിട്ടില്ലെങ്കില്‍ ഈ വര്‍ഷത്തെ നാഷണല്‍ അവാര്‍ഡ് പൃഥ്വിക്ക് തന്നെ കിട്ടുമെന്നും ലിസ്റ്റിന്‍ പറഞ്ഞു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ലിസ്റ്റിന്‍ ഇക്കാര്യം പറഞ്ഞത്.

‘ഇതുവരെ പൃഥ്വിരാജ് ചെയ്ത എല്ലാ സിനിമയിലും അവന്‍ അഭിനയിച്ചതായി തോന്നിയിട്ടുണ്ട്. പക്ഷേ ആടുജീവിതത്തില്‍ മാത്രം അങ്ങനെ തോന്നിയിട്ടില്ല. പൂര്‍ണമായും കഥാപാത്രത്തിലേക്കിറങ്ങി ചെന്ന് ചെയ്ത സിനിമയാണ് ആടുജീവിതം. മരുഭൂമിയില്‍ പെട്ടുപോയപ്പോഴുള്ള അവസ്ഥയൊക്കെ ഗംഭീരമായാണ് പൃഥ്വി ചെയ്തുവെച്ചിരിക്കുന്നത്. ബ്ലെസി എന്ന സംവിധായകന്റെ വിഷന്‍ എത്ര വലുതാണെന്ന് സിനിമ കണ്ടപ്പോള്‍ നമുക്ക് മനസിലായി.

ആ സീനിനൊക്കെ വേണ്ടി പൃഥ്വി നടത്തിയ ട്രാന്‍സ്‌ഫോര്‍മേഷന്‍ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ആദ്യം വെയിറ്റ് കുറച്ചു, അപ്പോഴേക്ക് കൊറോണ വന്നു ലോക്ക്ഡൗണായി. അതിന്റെ ഇടയില്‍ സിനിമകള്‍ ചെയ്യാന്‍ വേണ്ടി വെയിറ്റ് കൂട്ടി, അതിന് ശേഷം വീണ്ടും വെയിറ്റ് കുറച്ചു. വേറെയാരും ഇങ്ങനെ ചെയ്യില്ല. പൊളിറ്റിക്‌സോ മറ്റ് കളികളോ നടന്നില്ലെങ്കില്‍ ഈ വര്‍ഷത്തെ നാഷണല്‍ അവാര്‍ഡ് പൃഥ്വിക്ക് തന്നെ കിട്ടും.

ഇത് ഞാന്‍ സുപ്രിയയോട് പറഞ്ഞപ്പോള്‍ അവരും ഇതേ കോണ്‍ഫിഡന്‍സിലാണ്. പൃഥ്വിയുടെ ആ കഷ്ടപ്പാടൊക്കെ ഏറ്റവും അടുത്ത് നിന്ന് കണ്ടത് സുപ്രിയയാണല്ലോ. അപ്പോള്‍ അടുത്ത കൊല്ലം ദല്‍ഹിയിലേക്ക് പോകേണ്ടി വരുമെന്ന് ഞാന്‍ അവരോട് പറഞ്ഞിട്ടുണ്ട്,’ ലിസ്റ്റിന്‍ പറഞ്ഞു.

Content Highlight: Listin stephen saying that Prithviraj would get National award for Aadujeevitham