മലയാളികള്‍ക്ക് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച നിര്‍മാതാവാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍. സിനിമാ കരിയറില്‍ താന്‍ നിര്‍മിക്കണ്ടെന്നു വിചാരിച്ച സിനിമകളില്‍ ചിലത് തിയേറ്ററില്‍ വലിയ വിജയമായിട്ടുണ്ടെന്നും അതിലൊന്നാണ് രോമാഞ്ചമെന്നും ലിസ്റ്റിന്‍ പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ലിസ്റ്റിന്‍ ഇക്കാര്യം പറഞ്ഞത്.
മ്യൂസിക്കലി നന്നായി വര്‍ക്കായ സിനിമയാണ് അതെന്നും കഥ കേട്ട സമയത്ത് അത് തനിക്ക് അത്രക്ക് വര്‍ക്കായിരുന്നില്ലെന്നും ലിസ്റ്റിന്‍ പറഞ്ഞു. ആ കഥയില്‍ പറയുന്ന ലൈഫ് തനിക്ക് സ്‌ട്രെയ്ഞ്ചായിരുന്നെന്നും അതുകൊണ്ടാണ് ആ സിനിമ ചെയ്യണ്ട എന്ന് തീരുമാനിച്ചതെന്നും ലിസ്റ്റിന്‍ പറഞ്ഞു. തിയേറ്ററില്‍ ഹിറ്റായ ശേഷം മൂന്നുനാല് തവണ ആ സിനിമ കണ്ടിരുന്നെന്നും ലിസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.
‘റിസ്‌കെടുക്കാന്‍ താത്പര്യമില്ലാഞ്ഞിട്ടല്ല ഞാന്‍ രോമാഞ്ചം ചെയ്യണ്ട എന്ന് തീരുമാനിച്ചത്. ആ സിനിമ മ്യൂസിക്കലി ഭയങ്കരമായി വര്‍ക്കായ ഒന്നാണ്. അതിന്റെ കഥ കേട്ട സമയത്ത് എനിക്ക് അതൊട്ടും വര്‍ക്കായില്ല കാരണം, അതില്‍ പറയുന്ന ബംഗ്ലൂര്‍ ലൈഫൊക്കെ എനിക്ക് അത്ര പരിചയമില്ലാത്തതാണ്. അതൊക്കെ കൊണ്ട് ഞാനത് വേണ്ടെന്ന് വെച്ചു.
ഞാന്‍ ചെയ്യുന്ന സിനിമകള്‍ മാത്രമേ ഹിറ്റാകുള്ളൂ എന്നുള്ള അഹങ്കാരമൊന്നും എനിക്കില്ല. എനിക്ക് രോമാഞ്ചം വര്‍ക്കായില്ല, പക്ഷേ ഭൂരിഭാഗം ആളുകള്‍ക്കും അത് വര്‍ക്കായി. ഞാന്‍ ആ സിനിമ മൂന്നുനാല് തവണ തിയേറ്ററില്‍ നിന്ന് കണ്ടു. എവിടെയാണ് എന്റെ സെലക്ഷന്‍ പാളിയതെന്ന് മനസിലാക്കാന്‍ അതെന്നെ വളരെ നന്നായി സഹായിച്ചു.’ ലിസ്റ്റിന്‍ പറഞ്ഞു.
Content Highlight: Listin Stephen saying that he rejected Romancham movie