മലയാളസിനിമയില്‍ മാറ്റത്തിന് തുടക്കം കുറിച്ച ചിത്രങ്ങളിലൊന്നാണ് ട്രാഫിക്ക്. രാജേഷ് പിള്ള സംവിധാനം ചെയ്ത ചിത്രം വന്‍ വിജയമായിരുന്നു. കുഞ്ചാക്കോ ബോബന്‍, വിനീത് ശ്രീനിവാസന്‍, ആസിഫ് അലി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. ട്രാഫിക്കിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍.
ചിത്രത്തിലെ ഒരു കഥാപാത്രം ചെയ്യാന്‍ പൃഥ്വിരാജിനെ സമീപിച്ചിരുന്നെന്നും എന്നാല്‍ ആ സമയത്ത് അത് നടന്നില്ലെന്നും ലിസ്റ്റിന്‍ പറഞ്ഞു. പിന്നീട് ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്ത സമയത്തും ഒരു കഥാപാത്രം ചെയ്യാന്‍ വേണ്ടി പൃഥ്വിയുമായി കോണ്ടാക്ട് ചെയ്‌തെന്നും എന്നാല്‍ താന്‍ പറഞ്ഞ പ്രതിഫലം പൃഥ്വിക്ക് ഓക്കെയായില്ലെന്നും ലിസ്റ്റിന്‍ പറഞ്ഞു.
പിന്നീട് പൃഥ്വിയുമായി ഒരു സിനിമ ചെയ്യാന്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വന്നെന്നും വിമാനം എന്ന സിനിമയിലൂടെയാണ് തങ്ങള്‍ ആദ്യമായി ഒന്നിച്ചതെന്നും ലിസ്റ്റിന്‍ പറഞ്ഞു. എന്നാല്‍ എബി എന്ന ചിത്രവുമായി വിമാനത്തിന് സാമ്യമുണ്ടായിരുന്നെന്നും അക്കാരണത്താല്‍ വിമാനം ബോക്‌സ് ഓഫീസില്‍ പരാജയമായെന്നും ലിസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു ലിസ്റ്റിന്‍.
‘ട്രാഫിക് എന്ന സിനിമയിലേക്ക് ഞാന്‍ പൃഥ്വിയെയും കാസ്റ്റ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നു. പക്ഷേ ആ സമയത്ത് പൃഥ്വിക്ക് ഡേറ്റില്ലാത്തതുകൊണ്ട് അത് നടന്നില്ല. പിന്നീട് ആ സിനിമ തമിഴില്‍ റീമേക്ക് ചെയ്ത സമയത്തും ഞാന്‍ പൃഥ്വിയെ സമീപിച്ചിരുന്നു. പക്ഷേ അന്ന് പൃഥ്വി പറഞ്ഞ പ്രതിഫലും എനിക്ക് ഓക്കെയായില്ല. അത്ര വലിയ തുകയായിരുന്നില്ല. പക്ഷേ ഞാന്‍ പ്ലാന്‍ ചെയ്തതിനെക്കാള്‍ അധികമായിരുന്നു പൃഥ്വി പറഞ്ഞത്.
പിന്നീട് പൃഥ്വിയുമായി ഞാന്‍ ഒരു സിനിമ ചെയ്തത് 2017ലാണ്. വിമാനമായിരുന്നു ഞങ്ങള്‍ ഒന്നിച്ച ആദ്യസിനിമ. പക്ഷേ അതൊരു പരാജയമായിരുന്നു. അതിന്റെ കാരണം പലയിടത്തും പറഞ്ഞിട്ടുള്ളതാണ്. എബി എന്ന് പറയുന്ന സിനിമയുടെ പ്രമേയവുമായി വിമാനത്തിന് ഉണ്ടായ സാമ്യം കാരണമാണ് അത് പരാജയപ്പെട്ടത്,’ ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.
Content Highlight: Listin Stephen saying that he planned to cast Prithviraj in Traffic movie