അതിന് ശേഷമേ റിലീസ് തീയതി പ്രഖ്യാപിക്കാനാവൂ; ഗോള്‍ഡ് അപ്‌ഡേഷനുമായി ലിസ്റ്റിന്‍ സ്റ്റീഫന്‍
Film News
അതിന് ശേഷമേ റിലീസ് തീയതി പ്രഖ്യാപിക്കാനാവൂ; ഗോള്‍ഡ് അപ്‌ഡേഷനുമായി ലിസ്റ്റിന്‍ സ്റ്റീഫന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 5th September 2022, 3:03 pm

അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ നയന്‍താരയും പൃഥ്വിരാജും കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമയാണ് ഗോള്‍ഡ്. സെപ്റ്റംബര്‍ എട്ട് ഓണത്തിന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നീട്ടി വെച്ചതായി അല്‍ഫോണ്‍സ് നേരത്തെ അറിയിച്ചിരുന്നു.

എല്ലാ വര്‍ക്കുകളും പൂര്‍ത്തിയായി ഫസ്റ്റ് കോപ്പി കയ്യില്‍ കിട്ടിയതിന് ശേഷം മാത്രമേ ഗോള്‍ഡ് റിലീസ് ചെയ്യുകയുള്ളു എന്ന് അറിയിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ഫേസ്ബുക്കിലൂടെയാണ് ലിസ്റ്റിന്‍ ഇക്കാര്യം അറിയിച്ചത്.

‘ഹായ്,
ഞങ്ങളുടെ നിര്‍മാണത്തില്‍ ഒരുങ്ങിയ ‘ഗോള്‍ഡ്’ എന്ന ചിത്രം എല്ലാ വര്‍ക്കുകളും പൂര്‍ത്തിയായി ഫസ്റ്റ് കോപ്പി കയ്യില്‍ കിട്ടിയതിനു ശേഷമാകും പുതിയ റിലീസ് തീയതി പ്രഖ്യാപിക്കുക. നിങ്ങളെപ്പോലെ തന്നെ പ്രതീക്ഷകളോടെ ഞങ്ങളും കാത്തിരിക്കുകയാണ് റിലീസ് തീയതി പ്രഖ്യാപിക്കാന്‍,’ ലിസ്റ്റിന്‍ പറഞ്ഞു.

അതേസമയം ചിത്രം റിലീസ് തീയതി പ്രഖ്യാപിക്കാത്തതിലുള്ള നിരാശയും ലിസ്റ്റിന്റെ പോസ്റ്റിന്റെ കമന്റ് ബോക്‌സില്‍ ആരാധകര്‍ പങ്കുവെക്കുന്നുണ്ട്. ഓണത്തിന് തിയേറ്ററിലെ ഫസ്റ്റ് ചോയിസ് ഗോള്‍ഡായിരുന്നു എന്നും ഒരു പാട്ടെങ്കിലും പുറത്ത് വിടണമെന്നും ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്. ഇനി ഇപ്പോള്‍ ക്രിസ്മസിന് കാണാമെന്നും ചിലര്‍ പറയുന്നു.

പ്രേമം സിനിമയ്ക്കു ശേഷം തിയേറ്ററില്‍ എത്തുന്ന അല്‍ഫോണ്‍സ് പുത്രന്റെ ചിത്രമാണ് ഗോള്‍ഡ്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന ടീസറും പോസ്റ്ററുമെല്ലാം വൈറലായിരുന്നു. വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് നിര്‍മാണം.

Content Highlight: Listin Stephen said that the gold will be released only after getting the first copy in hand with all the works complete