| Saturday, 22nd October 2022, 3:40 pm

ഗോള്‍ഡ് ഡിലീറ്റായോ? സിസ്റ്റം ഹാങ്ങായെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ്. പൃഥ്വിരാജ്, നയന്‍താര എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന ചിത്രം ഓണത്തിന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു.

ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ കൂടിയായ ലിസ്റ്റിന്‍ സ്റ്റീഫന്‍ ഗോള്‍ഡിന്റെ റിലീസിനോട് അനുബന്ധിച്ചുള്ള ചോദ്യത്തിന് നല്‍കിയ രസകരമായ ഉത്തരം ശ്രദ്ധ നേടുകയാണ്. കുമാരി എന്ന പുതിയ ചിത്രത്തിന്റെ പ്രസ് മീറ്റില്‍ ഗോള്‍ഡിന്റെ എന്തെങ്കിലും അപ്‌ഡേറ്റ് പ്രതീക്ഷിക്കാനാവുമോ എന്നായിരുന്നു ചോദ്യം. ‘സിസ്റ്റം ഹാങ്ങായി കിടക്കുവാ, അതൊന്ന് റെഡിയായിട്ട് വേണം അതിന്റെ ഒരു അപ്‌ഡേറ്റ് തരാനായിട്ട്. സീരിയസായി പറഞ്ഞതാണ്,’ എന്നാണ് ലിസ്റ്റിന്‍ പറഞ്ഞത്.

ഫൂട്ടേജ് ഡിലീറ്റായി എന്നൊരു ഗോസിപ്പ് കേട്ടു എന്ന് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞപ്പോള്‍ അത് വേറൊരു സിസ്റ്റത്തില്‍ കിടപ്പുണ്ടായിരുന്നു. അതുകൊണ്ട് കുഴപ്പമില്ലെന്നായിരുന്നു ലിസ്റ്റിന്റെ മറുപടി.

അതേസമയം കുമാരി എന്ന ചിത്രം ഇതുവരെ മലയാളത്തില്‍ വരാത്ത ഴോണറിലുള്ള സിനിമയാണെന്നാണ് സംവിധായകന്‍ നിര്‍മല്‍ സഹദേവ് പറഞ്ഞത്. ‘ഇതൊരു ഫിക്ഷണല്‍ വേള്‍ഡാണ്. മലയാളത്തില്‍ ഇതുവരെ അറ്റംപ്റ്റ് ചെയ്യാത്ത ഒരു ഴോണര്‍ തന്നെയായിരിക്കും. വേറെ ഴോണറുമായി സാമ്യതകളുണ്ട്. ഇതുവരെ ചെയ്യാത്ത വ്യത്യസ്തമായ ഒരു കാര്യമാണ്. മിത്തിന്റെ ഒപ്പം തന്നെ ചില കാര്യങ്ങള്‍ കൂടെയുണ്ട്. അത് പുതുമയുള്ളതായിരിക്കും,’ നിര്‍മല്‍ പറഞ്ഞു.

രണം എന്ന ചിത്രത്തിന് ശേഷം നിര്‍മല്‍ സഹദേവ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമാരി. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ എത്തുന്നത്. ഒക്ടോബര്‍ 28ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Listin Stephen’s  interesting answer to a question related to Gold’s release is getting attention

We use cookies to give you the best possible experience. Learn more