|

വിജയിലേക്കുള്ള ചവിട്ടുപടിയായിട്ടാണ് ആ ചിത്രങ്ങളെ കാണുന്നത്; ലിസ്റ്റിന്‍ സ്റ്റീഫന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായി എത്തിയ കടുവ മികച്ച പ്രതികരണങ്ങള്‍ നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനുമാണ് ചിത്രം നിര്‍മിക്കുന്നത്.

ഇപ്പോഴിതാ ചിത്രം മികച്ച അഭിപ്രായങ്ങള്‍ നേടി പ്രദര്‍ശനം തുടരുമ്പോള്‍ റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ വിജയ് സിനിമകള്‍ കേരളത്തില്‍ വിതരണത്തിന് എത്തിച്ചതിനെ പറ്റിയും, മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ വിജയ് ചിത്രം ഉണ്ടാകുമോ എന്നതിനെ പറ്റിയും പറയുകയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍.

‘വിജയ് സിനിമയിലേക്കുള്ള ചവിട്ടുപടികള്‍ ആയിട്ടാണ് വിതരണത്തിന് എത്തിച്ച ചിത്രങ്ങളെ കാണുന്നത്. വിജയിയുമായി പല തവണ മീറ്റ് ചെയ്തിട്ടുണ്ട്. കേരളത്തിലേക്കുള്ള എല്ലാ സിനിമകളുടെ വിതരണവും നമ്മള്‍ തന്നെയാണ് എടുക്കുന്നത്. ലാഭവും നഷ്ടവും ഉണ്ടായിട്ടുണ്ട് എന്നൊക്കെ പറയാമല്ലോ. തമിഴിലും ഹിന്ദിയിലുമൊക്കെ സിനിമകള്‍ ചെയ്തിട്ടുണ്ട്.

വലിയ സിനിമ ചെയ്യാന്‍ നമുക്ക് പറ്റും എന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തുക. അങ്ങനെ വിജയ് പോലുള്ള താരമൂല്യമുള്ള നടനെവെച്ച് സിനിമ ചെയ്യുക എന്നതാണല്ലോ ഒരു നിര്‍മാതാവ് എന്ന നിലയിലുള്ള ആഗ്രഹം. എന്നെ സംബന്ധിച്ചിടത്തോളം മോസ്റ്റ് ഡിമാന്‍ഡിങ് പ്രൊഡ്യൂസര്‍ ആവുക എന്നതാണ് കാര്യം’ ;ലിസ്റ്റിന്‍ പറയുന്നു. വിജയിയുടെ ബിഗിലും, മാസ്റ്ററും, ബീസ്റ്റും വിതരണത്തിന് എത്തിച്ചത് ലിസ്റ്റിന്റെ മാജിക്ക് ഫ്രെയിംസ് ആയിരുന്നു.

Content Highlight : Listin Stephen open up about the chances do a  vijay movie in the future under the banner of Magic frames

Video Stories