| Monday, 24th July 2023, 7:42 pm

വിനായകൻ പറഞ്ഞത് കുറച്ച് കൂടിപ്പോയി; അത് പറയേണ്ടിയിരുന്നില്ല: ലിസ്റ്റിൻ സ്റ്റീഫൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടൻ വിനായകൻ അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സോഷ്യൽ മീഡിയ വഴി അധിക്ഷേപിച്ചത് കുറച്ച് കൂടി പോയെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. അദ്ദേഹം മരിച്ചുകഴിഞ്ഞ് കക്ഷി രാഷ്ട്രീയങ്ങൾക്കതീതമായി എല്ലാ പാർട്ടിക്കാരും ബഹുമാനിച്ചെന്നും അത്തരമൊരു സാഹചര്യത്തിൽ വിനായകൻ അങ്ങനെയൊന്നും പറയേണ്ടിയിരുന്നില്ലെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഉമ്മൻ ചാണ്ടി സാർ മരിച്ചുകഴിഞ്ഞപ്പോൾ അദ്ദേഹത്തിന് ഒന്നുകൂടി പവറായി. കാരണം അത്രയും ഭയങ്കരമായ ശവസംസ്കാര ചടങ്ങായിരുന്നു നടന്നത്. അദ്ദേഹത്തെ കാണാൻ പറ്റാതെ ടി.വിയിലൂടെ വരെ കണ്ടവർ ഉണ്ട്. ഇങ്ങനെയൊരു സാഹചര്യത്തിൽ സിനിമ ഫീൽഡിൽ നിന്നും ഒരാൾ ഇങ്ങനെ പറയേണ്ടിയിരുന്നില്ല. വിനായകൻ പറഞ്ഞത് കുറച്ച് കൂടി പോയി എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്.

ജാതിയോ മതമോ നോക്കാതെ, എല്ലാ തരത്തിലുള്ള പാർട്ടിക്കാരും ജനങ്ങളും ഉമ്മൻ ചാണ്ടി സാർ ചെയ്‌ത നല്ല കാര്യങ്ങൾ മാത്രം പറഞ്ഞുകൊണ്ടിരുന്നപ്പോൾ വിനായകൻ അങ്ങനെ പറയേണ്ടിയിരുന്നില്ല. പറഞ്ഞത് കുറച്ച് കൂടി പോയെന്നാണ്‌ എനിക്ക് തോന്നുന്നത്. സംഘടനയുടെ അഭിപ്രായം എന്താണെന്ന് എനിക്കറിയില്ല. എന്റെ അഭിപ്രായമിതാണ്. ആ പെരുമാറ്റം ബുദ്ധിമുട്ടുണ്ടാക്കി, അത് അനാവശ്യമായിരുന്നു. സംഘടനാ യോഗത്തിൽ ശക്തമായ വിമർശനം ഉണ്ടായി. പ്രൊഡ്യൂസർമാരുടെ മീറ്റിങ്ങിലും പുള്ളിക്ക് എതിരായിരുന്നു എല്ലാവരും,’ ലിസ്റ്റിൻ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന് പിന്നാലെ വിനായകന്‍ ഫേസ്ബുക്ക് ലൈവില്‍ വന്ന് ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇത് വ്യാപകമായി വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും സാമൂഹിക മാധ്യമങ്ങളില്‍ ഇതിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വിനായകന്‍ ഈ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് പിന്‍വലിച്ചിരുന്നു.

വിനായകന്‍ ഉമ്മന്‍ ചാണ്ടിയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചെന്ന് ആരോപിച്ച് ഡി.സി.സി ജനറല്‍ സെക്രട്ടറി അജിത് അമീര്‍ ബാവ കൊച്ചി അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.

Content Highlights: Listin Stephen on Vinayakan

We use cookies to give you the best possible experience. Learn more