Entertainment
"ലിസ്റ്റിൻ ചേട്ടനേ നന്നായി തള്ളാൻ അറിയൂ, ഒന്ന് തള്ളിയിട്ട് പോണം", ടൊവിനോ ആവശ്യപെട്ടു: ലിസ്റ്റിൻ സ്റ്റീഫൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 20th May 2023, 6:23 pm

ടൊവിനോ തോമസിനെ പ്രധാന കഥാപാത്രമാക്കി ലിസ്റ്റിൻ സ്റ്റീഫന്റെ നിർമാണത്തിൽ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമാണ് എ. ആർ. എം (അജയന്റെ രണ്ടാം മോഷണം). ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ടൊവിനോ തന്റെ പിറന്നാൾ ദിനത്തിൽ പ്രേക്ഷകർക്ക് സമ്മാനിച്ചിരുന്നു.

സിനിമയെപ്പറ്റി സംസാരിക്കവെ നടൻ ടൊവിനോ തോമസിനെ രസകരമായി ട്രോളുകയാണ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. സിനിമയെപ്പറ്റി ഒന്ന് പുകഴ്ത്തി പറയണമെന്നാണ് ടൊവിനോ തന്നോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും പക്ഷെ താൻ അങ്ങനെ പുകഴ്ത്തി പറയേണ്ട ആവശ്യമില്ലെന്നും ചിത്രം വളരെ മികച്ചതായിരിക്കുമെന്നുമാണ് എ. ആർ. എമ്മിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട ചടങ്ങിൽ സംസാരിക്കവേ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞത്. ടൊവിനോ തോമസ്, സുരഭി ലക്ഷ്മി, സംവിധായകൻ ജിതിൻ ലാൽ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.

‘ലിസ്റ്റിൻ ചേട്ടനേ നന്നായി തള്ളാൻ അറിയൂ, അതുകൊണ്ട് പടത്തെപ്പറ്റി നന്നായി തള്ളണമെന്ന് ടൊവിനോ പറഞ്ഞിട്ടുണ്ട് (ചിരിച്ചുകൊണ്ട്). പക്ഷെ ഞാൻ തള്ളാൻ ഉദ്ദേശിക്കുന്നില്ല. ഈ ചിത്രം വളരെ മികച്ചതായിരിക്കും.

ടൊവിനോയുടെയും ഡയറക്ടർ ജിതിന്റെയും കഠിന പ്രയത്നം ഈ ചിത്രത്തിന് പിന്നിൽ ഉണ്ട്. ഞാൻ ഈ ചിത്രം തുടങ്ങുന്നതിന്റെ കുറച്ചുനാൾ മുൻപ് മാത്രമാണ് വന്നത്. കാരണം ഈ സിനിമയുടെ മുഴുവൻ ക്രെഡിറ്റ് ടൊവിനോക്കും ഡയറക്ടർക്കും അതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്കും മാത്രമായിരിക്കും. സിനിമയിൽ നിർമാതാവെന്നാൽ പണം മുടക്കുന്നതുമാത്രമാണ്. പക്ഷെ ഈ സിനിമയെ സംബന്ധിച്ച് അതിൽ നിന്നെല്ലാം വിട്ട് ഒരുപാട് ദൂരം സഞ്ചരിച്ചു. മലയാളത്തിന് അഭിമാനമായിട്ട് മാറാൻ പോകുന്ന ഒരു ചിത്രമായിരിക്കും ഇത്. കാരണം പാൻ ഇന്ത്യൻ ലെവലിൽ നിൽക്കുന്ന ചിത്രമാണിത്.


ഹിന്ദിയിലും, തമിഴിലും, തെലുങ്കിലും , കന്നടയിലും പ്രമുഖരായ നടന്മാരുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രത്തിന്റെ പ്രൊമോഷൻ തുടങ്ങിയത്. ഞങ്ങൾ എല്ലാ ഇന്ഡസ്ട്രിയിലെയും വലിയ വലിയ ഡിസ്ട്രിബ്യുട്ടർമാരെ സമീപിച്ചിട്ടുണ്ട്. അവരുടെ എല്ലാം ബാനറിൽ ആയിരിക്കും ഈ സിനിമ മറ്റു സംസ്ഥാനങ്ങളിൽ റിലീസ് ആകുന്നത്,’ ലിസ്റ്റിൻ പറഞ്ഞു.

ചിത്രത്തിന്റെ ടീസർ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. തമിഴിൽ സംവിധായകൻ ലോകേഷ് കനകരാജും ആര്യയും, മലയാളത്തിൽ പൃഥ്വിരാജും, ഹിന്ദിയിൽ ഹൃതിക് റോഷനും, തെലുങ്കിൽ നാനിയും, കന്നടയിൽ രക്ഷിത് ഷെട്ടിയും ചേർന്നാണ് ടീസർ പുറത്തുവിട്ടത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജോമോൻ ടി. ജോൺ ആണ്.

Content highlight: Listin Stephen on Tovino and Ajayante Randam Moshanam