സിനിമാസെറ്റിൽ ഷാഡോ പോലീസ് ആവശ്യമെങ്കിൽ വരട്ടെ, പ്രശ്നമില്ല: ലിസ്റ്റിൻ സ്റ്റീഫൻ
Entertainment
സിനിമാസെറ്റിൽ ഷാഡോ പോലീസ് ആവശ്യമെങ്കിൽ വരട്ടെ, പ്രശ്നമില്ല: ലിസ്റ്റിൻ സ്റ്റീഫൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 12th May 2023, 5:16 pm

ഷാഡോ പോലീസ് സെറ്റിൽ വരുമോ എന്നുള്ളതിനെപ്പറ്റി തനിക്കറിയില്ലയെന്നും സിനിമ സെറ്റിൽ ഷാഡോ പോലീസ് വരികയാണെങ്കിൽ വരട്ടെയെന്നും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ.
അവർ വരുന്നതിനെപ്പറ്റി തനിക്കറിയില്ലെന്നും മാധ്യമങ്ങൾ വഴിയുള്ള അറിവാണ് തനിക്ക് ഇതിനെപ്പറ്റിയുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഗരുഡൻ എന്ന ചിത്രത്തിന്റെ പൂജാവേളയിൽ മാധ്യമങ്ങളോട്സം സാരിക്കുകയായിരുന്നു അദ്ദേഹം.

‘ഷാഡോ പോലീസ് ആവശ്യമുണ്ടെങ്കിൽ വരട്ടെ. അതിൽ പ്രശ്നമില്ല. സിനിമയിലുള്ളവർ തന്നെയാണല്ലോ പ്രശ്നങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ആരും അങ്ങനെയൊരു പരാതി കൊടുത്തിട്ടില്ല. മാധ്യമങ്ങൾ വഴി പറഞ്ഞുള്ള അറിവാണ് അവർക്കും ഉള്ളത്. ഷാഡോ പോലീസ് വരുമോ എന്നുള്ളത് എനിക്ക് അറിയില്ല,’ ലിസ്റ്റിൻ പറഞ്ഞു.

നടൻ പൃഥ്വിരാജിനെതിരെയുള്ള വ്യാജ വാർത്തയെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. മാധ്യമങ്ങളിലൂടെ പരക്കുന്നത് വെറും വാർത്തകളാണെന്നും ഫെയിമിൽ നിൽക്കുമ്പോൾ റെയ്‌ഡുകൾ വരുന്നത് സർവ്വസാധാരണയാണെന്നും അദ്ദേഹം പറഞ്ഞു.

‘പൃഥ്വിരാജിനെതിരെയുള്ളത് വെറും വാർത്ത മാത്രമാണ്. അതൊരു സത്യമായിട്ടുള്ള വാർത്തയല്ല.

നമുക്ക് ഇൻകം ടാക്‌സിന്റെയും ജി. എസ്‌. ടി യുടെയും റെയ്‌ഡുവന്നിട്ടുണ്ട്. ഇതൊക്കെ സർവ്വ സാധാരണമാണ്. കാരണം ഞങ്ങളൊക്കെ ഒരു ഫെയിമുള്ള ഇൻഡസ്ട്രിയിലാണ് വർക്ക് ചെയ്യുന്നത്.

ഞങ്ങൾ ചില കാര്യങ്ങളൊക്കെ തുറന്നുപറയും, അല്ലെങ്കിൽ കുറച്ച് ഷോ ഓഫ് ചെയ്യേണ്ടുന്ന മേഖലയാണ് സിനിമ. അതിന്റെ അടിസ്ഥാനത്തിൽ വാർത്തകളും ഷോ ഓഫ് ആകുന്നു.


ഇപ്പോൾ പൃഥ്വിരാജ് സുകുമാരൻ ഇ. ഡി ക്ക് ഇരുപത്തിയഞ്ചുകോടി രൂപ അടച്ചിട്ടുണ്ടെങ്കിൽ തന്നെ അതിന്റെ ഒരു റെസിപ്റ്റുണ്ടാകും. ഇവിടെ ഒരു രൂപയുടെ പോലും റെസിപ്റ്റില്ല.
പേര് പറഞ്ഞ്‌, കൃത്യമായ ഒരു തുകയും പറഞ്ഞപ്പോഴാണ് പൃഥ്വിരാജ് ഇതിനെതിരായി പ്രതികരിച്ചത്. അത് ശരിയല്ലല്ലോ.

ഇ. ഡി യുടെ നോട്ടീസ് വന്നാൽ അതിനുവേണ്ടപേപ്പറുകൾ കൊടുക്കാൻ ഞങ്ങളുടെ കയ്യിൽ ഉണ്ട്,’ ലിസ്റ്റിൻ പറഞ്ഞു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് 25 കോടി രൂപ പൃഥ്വിരാജ് പിഴയായി നൽകിയെന്ന വ്യാജ വാർത്ത നൽകിയതിന്റെ പേരിൽ മറുനാടൻ മലയാളിക്കെതിരെ പൃഥ്വിരാജ് കേസ് കൊടുത്തിരുന്നു. അതിന് പിന്നാലെ മാനനഷ്ട കേസ് കൊടുക്കാൻ താൻ ഒരുങ്ങുകയാണെന്ന് പൃഥ്വിരാജ് അറിയിച്ചു.

Content Highlights: Listin Stephen  on shadow police on cinema set