| Sunday, 23rd July 2023, 6:57 pm

ട്രാഫിക്കിലേക്ക് ഞാൻ രാജുവിനെ വിളിച്ചു, ശമ്പളത്തിന്റെ വ്യത്യാസത്തിൽ അന്നത് നടന്നില്ല: ലിസ്റ്റിൻ സ്റ്റീഫൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ട്രാഫിക്ക് എന്ന ചിത്രത്തിലേക്ക് പൃഥ്വിരാജ് വിളിച്ചെങ്കിലും ശമ്പളത്തിന്റെ വ്യത്യാസത്തിൽ അദ്ദേഹവുമായി സിനിമ ചെയ്യാൻ കഴിഞ്ഞില്ലെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. പിന്നീട് പൃഥ്വിരാജിന്റെ കൂടെ വിമാനം എന്ന ചിത്രം ചെയ്തെങ്കിലും പ്രതീക്ഷിച്ച വിജയം കിട്ടാതെ വന്നെന്നും പിന്നീട് ചെയ്ത ചിത്രം കൊണ്ട് ആദ്യം ഒരുമിച്ച ചിത്രത്തിലുണ്ടായ നഷ്ടം നികത്താൻ പറ്റിയെന്നും ലിസ്റ്റിൻ പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാജുവിനെ ഞാൻ ആദ്യം കാണുന്നത് ക്ലാസ്സ്മേറ്റ്സ് എന്ന ചിത്രത്തിൻറെ സെറ്റിൽ വെച്ചാണ്. എന്നെ കണ്ടപ്പോൾ തന്നെ കൈ കൂപ്പി നമസ്കാരം എന്നൊക്കെ പറഞ്ഞു. പുള്ളീടെ ചേട്ടൻ ഇന്ദ്രജിത് വഴിയാണ് ഞാൻ കാണാൻ പോയത്. കോട്ടയത്ത് ക്ലാസ്സ്‌മേറ്റ്സിന്റെ ഷൂട്ട് നടക്കുന്നുണ്ടെന്ന് പറഞ്ഞ് ഫോൺ വിളിച്ചപ്പോൾ ഞാൻ പോയതാണ്. പുള്ളീടെ അന്നത്തെ ആ ഒരു നമസ്കാരം മാത്രമാണ് എനിക്ക് ആദ്യത്തെ കാഴ്ചയിലേതായി ഓർമയുള്ളൂ.

പിന്നീട് ട്രാഫിക് സിനിമ നിർമിക്കുമ്പോൾ രാജുവിനോട് ഒരു കഥാപാത്രം ചെയ്യാൻവേണ്ടിയിട്ട് പറഞ്ഞിരുന്നു, അന്ന് ശമ്പളത്തിന്റെ വ്യത്യാസത്തിൽ പുള്ളിയുമായിട്ട് അത് ചെയ്തില്ല. പിന്നീട് വിമാനം എന്ന ചിത്രവുമായിട്ടാണ് പൃഥ്വിരാജുമായി ഞാൻ അസ്സോസിയേറ്റ് ചെയ്യുന്നത്. അതുപോലെ തന്നെയുള്ള മറ്റൊരു കഥയുള്ള പടം വന്നതുകൊണ്ടൊക്കെ അതൊരു പരാജയം ആയിരുന്നു. അതുകൊണ്ടുണ്ടായ ലോസ് എന്നെ പണം തന്നൊന്നും സഹായിക്കണ്ട നല്ലൊരു പ്രോജക്ട് തന്ന് സഹായിച്ചാൽ മതിയെന്ന് പറഞ്ഞപ്പോൾ രാജു ഓക്കേ പറഞ്ഞു.

ഒരു സിനിമ പരാജയമായതുകൊണ്ട് കഥകൾ കേൾക്കുമ്പോൾ ഇതും കൂടി ശരിയായില്ലെങ്കിൽ വലിയ ലോസ് ഉണ്ടാകുമെന്നുള്ള തോന്നൽ വരും. പിന്നീട്, കഥ മാറ്റി നിർത്തിയിട്ട് സേഫായ ഒരു പ്രോജക്ട് കിട്ടുമോയെന്നു നോക്കി. ആ സമയത്തും ഒന്നും ഓക്കേ ആകാതെ വന്നു. അങ്ങനെ ഒരിക്കലാണ് ബ്രദേഴ്സ്‌ ഡേ എന്ന ചിത്രം വരുന്നത്. അത് മറ്റൊരാളായിരുന്നു പ്രൊഡ്യൂസ് ചെയ്യേണ്ടിയിരുന്നത്. അത് എന്തൊക്കെയോ കാരണംകൊണ്ട് പ്രൊഡ്യൂസർ മാറി. അപ്പോൾ രാജുവിനോട് ചോദിച്ചു ഞാൻ ചെയ്‌തോട്ടെയെന്ന്. കഥപോലും ഞാൻ കേട്ടില്ല. കാരണം സേഫ് ആയിട്ടുള്ള ഒരു പ്രോജക്ട് ആണ് അപ്പോൾ എനിക്ക് വേണ്ടിയിരുന്നത്. അങ്ങനെ ബ്രദേഴ്സ്‌ ഡേ ഏറ്റെടുത്ത് ചെയ്തു. ആദ്യത്തേതിൽ നിന്നും പോയ ലോസ്സിന്റെ 50 ശതമാനം തിരികെ കിട്ടി. അങ്ങനെ ഞങ്ങൾ കൂടുതൽ അസ്സോസിയേറ്റ് ചെയ്തപ്പോൾ പേട്ട എന്ന ചിത്രം ഒരുമിച്ച് വിതരണം ചെയ്തു. അതിനു ശേഷം ഡ്രൈവിങ് ലൈസൻസ് ഒരുമിച്ച് ചെയ്തു അതും സക്സസ് ആയി.

പിന്നീട് ജനഗണമനയുടെ സബ്ജെക്റ്റ് കൊടുത്തു അത് അവന് ഡബിൾ ഓക്കേ ആയിരുന്നു. പിന്നീട് കടുവയുടെ കഥ വന്നു. എല്ലാ പടങ്ങളും ചെയ്ത് കഴിഞ്ഞാണ് കൊവിഡ് വന്നത്. പടങ്ങൾ ഒന്നും റിലീസായില്ലായിരുന്നു. അപ്പോൾ എനിക്ക് ഒരു ചെറിയ പടം ചെയ്തേപറ്റൂ എന്ന അവസ്ഥ ആയിരുന്നു. അങ്ങനെ അൽഫോൺസിന്റെ ഗോൾഡ് ഞങ്ങൾ ഒരുമിച്ച് ചെയ്‌തു,’ ലിസ്റ്റിൻ പറഞ്ഞു.

Content Highlights: Listin Stephen on Prithviraj Sukumaran

We use cookies to give you the best possible experience. Learn more