ബ്രദേഴ്സ് ഡേ എന്ന ചിത്രത്തിൽ താൻ അഭിനയിച്ച ഭാഗത്തിലെ ഡയലോഗ് മാറ്റിയെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. അഭിനയിച്ചപ്പോൾ തന്റെ ആത്മവിശ്വാസം പോയതുകൊണ്ടാണ് ഡയലോഗ് മാറ്റിഅവിടെ പാട്ട് കയറ്റിയതെന്നും ഒരിക്കൽ അഭിനയത്തിനിടയിൽ കോൺഫിഡൻസ് പോയപ്പോൾ പൃഥ്വിരാജ് തന്നെ കളിയാക്കിയെന്നും ലിസ്റ്റിൻ തമാശയോടെ പറഞ്ഞു.
അഭിനയിക്കാൻ മോഹമില്ലേ എന്ന ചോദ്യത്തിന് മൂവി വേൾഡ് മീഡിയക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘അഭിനയിക്കാൻ എന്നെ ഒരുപാട് ചിത്രങ്ങളിലേക്ക് വിളിച്ചിട്ടുണ്ട്. ഡയലോഗ് പഠിച്ച് പറയേണ്ട സന്ദർഭത്തിൽ എനിക്ക് കോൺഫിഡൻസ് കുറയും.
ഞാൻ തന്നെ നിർമിച്ച ‘എന്താടാ സജി’ എന്ന ചിത്രത്തിൽ എനിക്കൊരു വേഷം ഉണ്ടായിരുന്നു. ബൈജു എഴുപുന്ന ചെയ്ത വേഷം ഞാൻ ആയിരുന്നു ചെയ്യേണ്ടിയിരുന്നത്. അതൊരു നർമ പ്രാധാന്യമുള്ള റോളായിരുന്നു. ഷൂട്ട് ചെയ്യേണ്ട അന്ന് രാവിലെ എണീറ്റപ്പോൾ എനിക്ക് കോൺഫിഡൻസ് പോയി. ഞാൻ അപ്പോൾ തന്നെ ബൈജു ചേട്ടനെ വിളിച്ചു. എനിക്ക് ഒരേയൊരു ഉപകാരം ചെയ്യണം ഞാൻ ചെയ്യുന്ന പടമാണ്, അതിലെന്റെ ഒരു വേഷമുണ്ട്. പക്ഷെ എനിക്കിപ്പോൾ കോണ്ഫിഡൻസ് കിട്ടുന്നില്ല ചേട്ടനൊന്ന് ചെയ്യുമോയെന്ന് ഞാൻ പുള്ളീയോട് ചോദിച്ചു. എന്ത് ഉപകാരം വേണമെങ്കിലും ചെയ്യാമെന്നാണ് ഞാൻ പുള്ളിയോട് പറഞ്ഞത്.
നിവിൻ പോളിയുടെ ബോസ് ആൻഡ് കോ എന്ന ചിത്രത്തിലും ഒരു അച്ഛന്റെ വേഷമുണ്ട്. അത് അവർ ഒത്തിരി നിർബന്ധിച്ചപ്പോൾ ഞാൻ ചെയ്യാമെന്ന് സമ്മതിച്ചതാണ്. പിന്നീട് എന്റെ കോൺഫിഡൻസ് പോയി. അതിപ്പോൾ ഷാജി നടേശൻ ആണ് ചെയ്യുന്നത്.
പിന്നെ ബ്രദേഴ്സ് ഡേ എന്ന ചിത്രത്തിൽ ഒരു വേഷമുണ്ട്. ഒരു ഫോട്ടോയെടുക്കുന്ന രംഗമാണ്. ഞാൻ ഫോട്ടോ എടുത്തു കൊടുക്കുമ്പോൾ കൈകൊണ്ട് നീങ്ങി നിൽക്കാനും ഒപ്പം സ്‌മൈൽ പ്ലീസ് എന്ന് പറയുകയും വേണം. കൈകൊണ്ട് നീങ്ങാൻ പറയാനും ഒപ്പം സംസാരിക്കാനും എനിക്ക് പറ്റില്ലായിരുന്നു. ഞാൻ ടെൻഷൻ ആയിപോയി. അറിയാൻ മേലെങ്കിൽ ഇട്ടിട്ട് പോടോ എന്ന് പെട്ടെന്ന് പൃഥ്വിരാജ് അവിടുന്ന് വിളിച്ച് പറഞ്ഞു. അപ്പോൾ എന്റെ കോൺഫിഡൻസ് മൊത്തം കയ്യീന്ന് പോയി. പിന്നെ ആ ഡയലോഗുകൾ ഒക്കെ പാട്ടുകൾ വെച്ച് അഡ്ജസ്റ്റ് ചെയ്തു. കോൺഫിഡൻസ് ഉണ്ടെങ്കിൽ അതൊക്കെ ചെയ്യാം,’ ലിസ്റ്റിൻ പറഞ്ഞു.
Content Highlights: Listin Stephen on Prithviraj