കള്ളപ്പണം എന്നാൽ കള്ള നോട്ടാണെന്നാണ് മറ്റുള്ളവർ വിചാരിക്കുന്നതെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. തന്റെ വീട്ടിൽ ഇതിനു മുൻപ് ഇ.ഡിയുടെ നോട്ടീസും ജി.എസ്.ടിയുടെ റെയ്‌ഡും വന്നിട്ടുണ്ടെന്നും ആദ്യമായിട്ടാണ് ഇൻകം ടാക്സ് റെയ്ഡ് വന്നതെന്നും ലിസ്റ്റിൻ പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ് വന്നതിനെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘ഇൻകം ടാക്സ് റെയ്ഡ് എനിക്ക് ഇതാദ്യമായിട്ടാണ് വരുന്നത്. ഇ.ഡിയുടെ നോട്ടീസും ജി.എസ്.ടിയുടെ റെയ്‌ഡും ഇതിനു മുൻപ് വന്നിട്ടുണ്ട്. ഞാനും ഇതൊക്കെ ആദ്യമായിട്ടാണ് കാണുന്നത്.
നമ്മുടെ നാട്ടിൽ കള്ളപ്പണം എന്ന് വെച്ചാൽ കള്ള നോട്ടാണെന്നാണ് കരുതുന്നത്. ഇത് അതല്ലല്ലോ. കണക്കിൽ പെടാത്ത പണമാണ്. റബ്ബർ വെട്ടുന്നവന്റെ കയ്യിലും കൃഷി ചെയ്യുന്നവന്റെ കയ്യിലും ഉള്ള കണക്കിൽ കാണിക്കാത്ത പണം കള്ളപ്പണമാണ്. എല്ലാ വർഷവും ഞങ്ങൾ ഇൻകം ടാക്സ് അടക്കുന്നുമുണ്ട്, അതിൽ കണക്കിൽ പെടാത്ത പണമുണ്ടോ എന്ന് പരിശോധിക്കാൻ വരുന്നതാണ്.
ഇത്തരം കാര്യങ്ങൾ നമ്മുടെ വീട്ടിൽ മാത്രമല്ല. മിക്കവരുടെയും വീട്ടിൽ വരും. സിനിമ ആയതുകൊണ്ടാണ് എല്ലാവരും അറിയുന്നത്. ഈ ഒരു റെയ്ഡ് കഴിഞ്ഞ് ഒരു അൻപതോളം റെയ്‌ഡുകൾ വേറെ അവർ ചെയ്തിട്ടുണ്ടാകും. അതൊന്നും ആരും അറിഞ്ഞിട്ടുണ്ടാകില്ല. സിനിമ ഒരു പബ്ലിസിറ്റിയുടെ ഭാഗമാണ്. അതുകൊണ്ടാണ് സിനിമാക്കാരുടെ വീട്ടിൽ റെയ്ഡ് വന്നാൽ മാധ്യമം വഴി എല്ലാവരും അറിയുന്നത്. എന്റെ ഓഫീസിൽ ധാരാളം എംപ്ലോയീസ് ഉണ്ട്. അതിൽ ചാർട്ടേഡ് അക്കൗണ്ടന്റ്‌മാർ ഒക്കെയുമുണ്ട്. അവരോട് ചോദിച്ചിട്ടാണ് എല്ലാം ചെയ്യുന്നത്. അല്ലാതെ ഞാൻ തോന്നിയ കണക്ക് ഉണ്ടാകുന്നതല്ല.
നമുക്ക് ഇങ്ങനെയൊരു കേസ് വന്നതുകൊണ്ടാണ് ഇ.ഡി. എന്നൊരു സാധനം ഉണ്ടെന്ന് നമ്മൾ അറിയുന്നത് തന്നെ,’ലിസ്റ്റിൻ പറഞ്ഞു.
പൃഥ്വിരാജ് ഒരു ആർട്ടിസ്റ്റ് ആയതുകൊണ്ടാണ് അദ്ദേഹത്തെയും റെയ്‌ഡിലേക്ക് വലിച്ചിഴച്ചതെന്നും പൃഥ്വിരാജ് യഥാക്രമം ടാക്സ് അടക്കുന്ന ആളാണെന്നും ലിസ്റ്റിൻ പറഞ്ഞു.
‘പൃഥ്വിരാജ് ഒരു ആർട്ടിസ്റ്റ് ആയതുകൊണ്ടാണ് പുള്ളീടെ പേര് ഇതിലേക്ക് വലിച്ചിഴക്കപ്പെടുന്നത്. രാജു യഥാക്രമം ടാക്സ് അടക്കുന്ന ഒരാളാണ്. എക്സ്ട്രാ ഇൻകം വരുമ്പോൾ പുള്ളി അതിന്റെ ടാക്‌സും അഡ്വാൻസ് ആയിട്ട് അടക്കും. അതുകൊണ്ട് പുള്ളിക്ക് കള്ളത്തരം ഒന്നും കാണിക്കേണ്ട കാര്യമില്ല,’ ലിസ്റ്റിൻ പറഞ്ഞു.
Content Highlights: Listin Stephen on income tax raid