Advertisement
Entertainment
ഗോൾഡിന്റെ ഹാർഡ് ഡിസ്ക്കോന്നും കാണാതെപോയിട്ടില്ല; അൽഫോൺസ് നല്ലൊരു കഥയുമായി വന്നാൽ ഇനിയും ചെയ്യും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 25, 02:37 pm
Tuesday, 25th July 2023, 8:07 pm

പ്രേമം എന്ന ചിത്രത്തിന് ശേഷം അൽഫോൺസ് പുത്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഗോൾഡ്. പ്രേക്ഷകർ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന് പ്രതീക്ഷിച്ച വിജയം ലഭിച്ചില്ല. കൂടാതെ സിനിമയുടെ റിലീസ് വൈകിയപ്പോൾ പല അഭ്യൂഹങ്ങളും ഉയർന്നിരുന്നു. ചിത്രത്തിനേപ്പറ്റി സംസാരിക്കുകയാണ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ.

ഗോൾഡ് എന്ന ചിത്രത്തെപ്പറ്റി കേട്ട ഗോസിപ്പുകൾ ഒക്കെ വെറുതെയാണെന്ന് ലിസ്റ്റിൻ പറഞ്ഞു. ഗോൾഡിന് പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെന്നും നല്ല കഥയുമായി അൽഫോൻസ് പുത്രൻ വന്നാൽ ഇനിയും സിനിമ ചെയ്യുമെന്നും ലിസ്റ്റിൻ കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഗോൾഡിനെപ്പറ്റി കേൾക്കുന്ന ഗോസിപ്പുകൾ ഒക്കെ ചുമ്മാതെയാണ്. ഹാർഡ് ഡിസ്ക്ക് കാണാതെ പോയെന്നൊക്കെ വെറുതെ പറയുന്നതാണ്. അതൊക്കെ എവിടെ പോകാനാ (ചിരിക്കുന്നു). അത്തരം കാര്യങ്ങളൊക്കെ തമാശക്ക് പറയുന്നതാണ്.

ഉദ്ദേശിക്കുന്ന റിസൾട്ട് ലഭിച്ചില്ല എന്ന് മാത്രമാണ് ആ സിനിമക്ക് സംഭവിച്ചത്. അതായത് ആ സിനിമ നിർമിച്ചതിന്റെ പേരിൽ സാമ്പത്തിക നഷ്ടമൊന്നും ഉണ്ടായിട്ടില്ല. കൊവിഡ് ടൈമിൽ എടുത്ത പടമാണ് അത്.

ഞങ്ങളെ സംബന്ധിച്ചെടുത്തോളം നേരം, പ്രേമം തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം അൽഫോൺസ് പുത്രൻ നാളുകൾക്ക് ശേഷം എടുക്കുന്ന ചിത്രമാണ് പ്രൊഡ്യൂസ് ചെയ്യാൻ കിട്ടിയത്. അതിന് അതിന്റേതായ ഹൈപ്പ് ഉണ്ടായിരുന്നു. പക്ഷെ ആ പടത്തിന് എല്ലാവരും ഓവർ പ്രതീക്ഷ കൊടുത്തു. പിള്ളേരുടെ ഇടയിലും യൂത്തിന്റെ ഇടയിലും അൽഫോൺസ് പുത്രന്റെ സിനിമ എന്ന പേര് ആ ചിത്രത്തിന് ഉണ്ടായിരുന്നു. അൽഫോൺസ് പുത്രന്റെ ചിത്രം എന്ന ബ്രാൻഡ് വാല്യൂ ആ ചിത്രത്തിന് കിട്ടിയില്ല. അൽഫോൺസ് നല്ല സിനിമ പ്രേമിയാണ്, അപ്‌ഡേറ്റഡാണ്‌, എല്ലാ ചിത്രങ്ങളും കാണുകയും അഭിപ്രായം പറയുകയും ചെയ്യും,’ ലിസ്റ്റിൻ പറഞ്ഞു.

അഭിമുഖത്തിൽ ഇനി നല്ലൊരു കഥയുമായി അൽഫോൺസ് പുത്രൻ എത്തിയാൽ ഉറപ്പായും ആ സിനിമ ചെയ്യുമെന്ന് ലിസ്റ്റിൻ പറഞ്ഞു.

‘അൽഫോൺസ് പുത്രൻ നല്ലൊരു കഥയുമായി വന്നാൽ ഉറപ്പായും ചെയ്യും. ഗോൾഡിന് പുള്ളി പ്രതീക്ഷിച്ച വിജയം കിട്ടിയില്ല. പുള്ളിയുടെ ജീവിതത്തിൽ ജയം മാത്രമാണ് ഉണ്ടായിട്ടുള്ളത്. പ്രേമം പോലെ വലിയ ഹിറ്റുകൾ കണ്ട മനുഷ്യനാണ്. പോസിറ്റിവ് മാത്രം കേട്ടൊരാൾ പെട്ടെന്ന് നെഗറ്റീവ് റിവ്യൂസ് കേട്ടു. അതുകൊണ്ടാവാം ഇനി ചിത്രം ചെയ്യുന്നില്ലെന്ന് വരെ പറഞ്ഞത്,’ലിസ്റ്റിൻ പറഞ്ഞു.

Content Highlights: Listin Stephen on Gold movie and Alphonse Puthren