| Saturday, 13th April 2024, 9:41 pm

പി.വി.ആർ തർക്കത്തിൽ നിന്നും പിന്മാറിയതിന്റെ കാരണം വ്യക്തമാക്കി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന തീരുമാനത്തിൽ നിന്ന് മള്‍ട്ടിപ്ലെക്സ് ശൃംഖലയായ പി.വി.ആർ പിന്മാറിയതിന്റെ കാരണം വ്യക്തമാക്കുകയാണ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ഒരു സിനിമയും പി.വി. ആറിന് കൊടുക്കേണ്ട എന്നും അന്യഭാഷ ചിത്രങ്ങൾ കേരളത്തിൽ കളിക്കുകയും വേണ്ട എന്ന് തീരുമാനിച്ചെന്നും ലിസ്റ്റിൻ പറഞ്ഞു.

സംവിധായകരും തിരക്കഥാകൃത്തുക്കളും സിനിമയുമായി ബന്ധപ്പെട്ട എല്ലാവരും ഒന്നിച്ച് നിന്നെന്നും ലിസ്റ്റിൻ കൂട്ടിച്ചേർത്തു. ലുലുവിന്റെ ഉടമയായ യൂസഫലിക്ക് വരെ കത്ത് അയച്ചെന്നും ലിസ്റ്റിൻ മൂവി വേൾഡ് മീഡിയയോട് പറഞ്ഞു.

‘ആടുജീവിതം നന്നായിട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്. ആവേശം, വർഷങ്ങൾക്കുശേഷം, ജയ് ഗണേഷ് എന്നീ സിനിമകൾ റിലീസ് ആകുന്നു. അവരുടെ സൈഡിൽ നിന്ന് വലിയ പ്രഷർ കൊടുക്കുകയാണെങ്കിൽ ഇപ്പോൾ അവരുടെ കാര്യം സാധിക്കാം എന്നാണ് അവർ വിചാരിച്ചത്. ഞങ്ങൾ പ്രൊഡ്യൂസേഴ്സ് സംഘടനയുടെ ഒപ്പം നിന്നത് കൊണ്ട് അവർ പടം കൊടുക്കാനായിട്ട് തയ്യാറായില്ല.

അവർ പ്രതീക്ഷിച്ചതിന്റെ ഓപ്പോസിറ്റ് ആയിട്ടുള്ള കാര്യങ്ങളാണ് നടന്നത്. അപ്പോൾ അവർ നിലവിലുള്ള സിനിമകളും കൂടെ വിഡ്രോ ചെയ്യുന്നു എന്ന രീതിയായി. നല്ല രീതിയിൽ പോയ്കൊണ്ടിരിക്കുന്ന സിനിമയും അവർ ഒഴിവാക്കി.

എന്റെ സിനിമ വരാൻ പോകുന്നു, ആൻഡോ ജോസഫിന്റെ സിനിമ വരാൻ പോകുന്നു. പല നിർമാതാക്കളുടെയും സിനിമ വരാൻ പോകുന്നുണ്ട്. ആരും പി.വി.ആറിലേക്ക് കൊടുക്കേണ്ട. അന്യഭാഷ ചിത്രങ്ങൾ കേരളത്തിൽ കളിക്കുകയും വേണ്ട എന്ന തീരുമാനത്തിലേക്ക് വരികയും ചെയ്തിരുന്നു.

അപ്പോഴാണ് അവരുടെ കാര്യങ്ങൾ നടക്കില്ല എന്നവർക്ക് മനസിലായത്. സിനിമയുമായിട്ട് ബന്ധപ്പെട്ട എല്ലാവർക്കും ഞങ്ങളുടെ അസോസിയേഷനിൽ നിന്ന് കത്ത് അയച്ചിട്ടുണ്ട്. എല്ലാവരും ഒരുമിച്ച് നിന്നു. ലുലുവിന്റെ ഓണർ യൂസുഫലിക്ക് വരെ മെസേജ് പോയിട്ടുണ്ട്. പൊളിറ്റിക്കലി എല്ലാ സപ്പോർട്ടുകൾ സിനിമക്ക് വേണ്ടി നിന്നു. അവസാനം സംസാരിച്ച് കഴിഞ്ഞപ്പോഴാണ് അവർ ഞങ്ങളെ വിളിച്ചത്.

ഞങ്ങൾ ആദ്യം അവരോട് സംസാരിച്ചപ്പോൾ ഒരു സൊല്യൂഷൻ പറഞ്ഞിരുന്നു. ഇപ്പോഴുള്ള സിനിമകൾ റിലീസ് ചെയ്യട്ടെ എന്നും രണ്ട് തിയേറ്ററുകളെക്കുറിച്ച് പറ്റി പിന്നെ സംസാരിക്കാം എന്നും. ഞങ്ങൾ എടുത്ത തീരുമാനത്തിലേക്ക് അവർ വന്നു. ഇപ്പോൾ ആറുമണി മുതൽ ഉള്ള ഷോകൾ ഓപ്പൺ ആവുകയാണ്. കേരളത്തിലും കേരളത്തിന് പുറത്തും എല്ലാ സ്ഥലത്തും റിലീസാവുകയാണ്. രണ്ട് തിയേറ്ററുള്ള കാര്യം അടുത്ത ഒരാഴ്ചകൊണ്ട് സംസാരിച്ച് തീർക്കാം എന്ന തീരുമാനമാണ് ഇപ്പോൾ എടുത്തത്,’ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

Content Highlight: Listin Stephen explained the reason for withdrawing from the PVR controversy

We use cookies to give you the best possible experience. Learn more