| Friday, 8th December 2023, 1:53 pm

പലര്‍ക്കും മുന്‍പില്‍ കുനിഞ്ഞ് കുനിഞ്ഞ് നിന്നിട്ടുണ്ട്, പക്ഷേ ഒരു പരിധി കഴിഞ്ഞാല്‍ അത് ഉണ്ടാവണമെന്നില്ല: ലിസ്റ്റിന്‍ സ്റ്റീഫന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പറയുന്ന സമയങ്ങളിലൊന്നും ഒരു സിനിമകളും തീരാറില്ലെന്നും സിനിമയുടെ തുടക്കകാലത്തും ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്ന വലിയ വെല്ലുവിളികളുണ്ടെന്നും തുറന്നുപറയുകയാണ് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍.

തന്നെ സംബന്ധിച്ച് സിനിമയുടെ തുടക്കകാലം ഒട്ടും എളുപ്പമായിരുന്നില്ലെന്നും പലര്‍ക്കും മുന്‍പില്‍ കുനിഞ്ഞ് തന്നെ നില്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും ലിസ്റ്റിന്‍ പറയുന്നു. ദി ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തുടക്കകാലം സ്ട്രഗിളിങ് പിരീഡ് തന്നെയായിരുന്നു. ഒരു ആഗ്രഹത്തിന്റെ പിറകെയാണ് നമ്മള്‍. നമ്മുടെ കയ്യില്‍ വളരെ ചെറിയ ബാക്കപ്പേ ഉണ്ടാവുള്ളൂ. പക്ഷേ ആഗ്രഹം വലുതായിരിക്കും.

ഒരു സിനിമ ചെയ്യുമ്പോള്‍ ചിലപ്പോള്‍ അതിന്റെ ബഡ്ജറ്റ് കയറിപ്പോകും. 10 ലക്ഷം രൂപയ്ക്ക് നമ്മള്‍ പ്ലാന്‍ ചെയ്ത് വെച്ചിരിക്കുന്ന ആര്‍ടിസ്റ്റിന്റെ ഡേറ്റില്ലാത്തതുകൊണ്ട് 30 ലക്ഷത്തിന്റെ ആര്‍ടിസ്റ്റിനെ വിളിക്കേണ്ടി വരും.

40 ദിവസം പ്ലാന്‍ ചെയ്ത ഷൂട്ട് 60 ദിവസം പോകും. സിനിമ പൂര്‍ണമായും റിസ്‌കുള്ള ഇന്‍ഡസ്ട്രിയാണ്. നൂറോ ഇരുന്നൂറോ സിനിമ ഇറങ്ങുമ്പോള്‍ അഞ്ച് ശതമാനം മാത്രം സിനിമകളേ വിജയിക്കുന്നുള്ളൂ. ആ അഞ്ച് ശതമാനം വെച്ചാണ് ഇന്‍ഡസ്ട്രി ഓടുന്നത്.

അങ്ങനെ വരുമ്പോള്‍ ഞാന്‍ ഒരാളോട് അഞ്ച് ലക്ഷം രൂപ കടം ചോദിച്ചാല്‍ കിട്ടില്ല. ആര്‍ടിസ്റ്റുകളും സംവിധായകരും വലിയ നിലയിലാവും. നിര്‍മാതാക്കളുടേത് കഥന കഥകളാണ് വരാറ്. അപ്പോള്‍ മറ്റുള്ളവര്‍ക്ക് നമ്മളെ വിശ്വാസം ഉണ്ടാവില്ല.

ഈ ബോധ്യം ഉള്ളതുകൊണ്ട് ‘അത് പറ്റില്ല ഇത് പറ്റില്ല’ എന്ന് നമുക്ക് ആളുകളോട് പറയേണ്ടി വരും. അത് മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെടണമെന്നില്ല. കേള്‍ക്കുന്നവന് ഇറിറ്റേഷനായിരിക്കും.

വലിയ പാരമ്പര്യമില്ലാതെ സിനിമയിലെത്തിയ എന്നെപ്പോലൊരാള്‍ തീര്‍ച്ചയായും ഒരു അപകടം മുന്നില്‍ കാണും. ഒന്നുമില്ലാതെ നടുറോട്ടിലായിപ്പോകുന്ന കാലവും നമ്മളെ ആരും മൈന്‍ഡ് ചെയ്യാത്ത കാലവും നമ്മള്‍ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കാത്ത കാലവുമൊക്കെ നമ്മുടെ മനസില്‍ വന്നുപോകും.

ഈയൊരു ബോധ്യം ഉള്ളില്‍ വെച്ചാണ് ഞാന്‍ എല്ലാ കാര്യങ്ങളും ഡീല്‍ ചെയ്യുന്നത്. ചിലപ്പോള്‍ നമ്മള്‍ ചില കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയേണ്ടി വരും. തുടക്കസമയത്തൊക്കെ പലപ്പോഴും പലര്‍ക്കും മുന്‍പില്‍ ക്ഷമിച്ച് ഡിപ്ലോമസിയായി കുനിഞ്ഞ് കുനിഞ്ഞ് നില്‍ക്കാറുണ്ട്. അപ്പോഴേ ഈ പരിപാടി നടക്കൂ. എന്നാല്‍ ഒരു പരിധി കഴിയുമ്പോള്‍ അത് പോവുമല്ലോ.

പറഞ്ഞ ഡേറ്റിനേക്കാള്‍ കൂടുതല്‍ ദിവസം ആകുമ്പോഴോ പൈസ കൂടുതല്‍ പറയുമ്പോഴോ ഒക്കെ നമ്മുടെ സംസാരം കൈയില്‍ നിന്ന് പോകും. അതില്‍ പലര്‍ക്കും ഇഷ്ടക്കേടുണ്ടാകും. ഇത്തരത്തിലൊക്കെ സംഭവിച്ച തുടക്കകാലമാണ് എന്റേത്.

പറയുന്ന ബഡ്ജറ്റില്‍ ഒരു സിനിമ പോലും തീരാറില്ല. പൈസയുടെ കാര്യത്തില്‍ തീര്‍ച്ചയായും നമുക്ക് കാര്‍ക്കശ്യം ഉണ്ടാകും. എന്നാല്‍ ഇപ്പോള്‍ നമ്മള്‍ കുറച്ചുകൂടി സെറ്റായി കുറച്ച് പടങ്ങളൊക്കെ ചെയ്ത് കുറച്ചുകൂടി പൈസയൊക്കെയായി. ഇപ്പോള്‍ കുറച്ചുകൂടി പോളിഷ്ഡ് ആയി. ഇനിയിപ്പോള്‍ പോയാലും നമുക്ക് മാനേജ് ചെയ്യാന്‍ പറ്റുന്ന രീതിയില്‍ ഫൗണ്ടേഷന്‍സ് സെറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് പ്രശ്‌നമില്ല. മുന്‍പ് പക്ഷേ അങ്ങനെ അല്ലായിരുന്നു.

ഇപ്പോള്‍ ഒരു പൈസ സമയത്ത് കൊടുത്തില്ലെങ്കില്‍ അവര്‍ അഡ്ജസ്റ്റ് ചെയ്യും. ഇല്ലായ്മ സമയത്താണെങ്കില്‍ അഡ്ജസ്റ്റ്‌മെന്റ് ഉണ്ടാവില്ല. തിരിച്ച് തരാനുള്ള കപ്പാസിറ്റി ഇവനുണ്ടെന്ന തോന്നല്‍ ഇന്ന് അവര്‍ക്കുണ്ടാവും. ഇതെല്ലാം കാലം കൊണ്ടുവരുന്ന ചില മാറ്റങ്ങളാണ്. ഇത് എന്റെ മാത്രം കാര്യങ്ങളല്ല,’ ലിസ്റ്റിന്‍ പറഞ്ഞു.

Content Highlight: Listin Stephen about the struggles he faced

We use cookies to give you the best possible experience. Learn more