മലയാള സിനിമയില്‍ നിര്‍മാതാക്കള്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കുകയാണ് നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്‍. മിക്ക നടന്മാര്‍ക്കും അഞ്ച് സിനിമ പരാജയപ്പെട്ടാലും അടുത്ത സിനിമ ഹിറ്റായാല്‍ അവര്‍ക്ക് പിടിച്ച് നില്ക്കാമെന്നും എന്നാല്‍ നിര്‍മാതാക്കളുടെ കാര്യം അങ്ങനെയല്ലെന്നും ലിസ്റ്റിന്‍ പറഞ്ഞു. ഏഴോ എട്ടോ മെയിന്‍സ്ട്രീം നടന്മാര്‍ മാത്രമേ ഇവിടെ ഉള്ളൂവെന്നും അവരെ വെച്ച് സിനിമ ചെയ്യാനുള്ള ഓപ്ഷന്‍ മാത്രമേ മലയാളത്തില്‍ ഉള്ളൂവെന്നും ലിസ്റ്റിന്‍ പറഞ്ഞു.
ചില നടന്മാര്‍ നല്ല സബ്ജക്ട് കിട്ടുന്ന സമയത്ത് അത് പാര്‍ട്ണര്‍ഷിപ്പില്‍ പ്രൊഡ്യൂസ് ചെയ്യാറുണ്ടെന്നും ലിസ്റ്റിന്‍ പറഞ്ഞു. എന്നാല്‍ പ്രൊഡ്യൂസര്‍മാരുടെ അവസ്ഥ നോക്കുകയാണെങ്കില്‍ ഒരു സബ്ജക്ട് കേട്ട് അതിന് വേണ്ടി ആര്‍ട്ടിസ്റ്റുകളുടെ ഡേറ്റ് വാങ്ങി സിനിമ ചെയ്യുന്നത് ഒരുപാട് സമയമെടുക്കുന്ന പ്രൊസ്സസാണെന്നും ലിസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.
ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ലിസ്റ്റിന്‍ ഇക്കാര്യം പറഞ്ഞത്. മലയാളത്തിലെ മെയിന്‍സ്ട്രീം നടന്മാരില്‍ ചിലര്‍ അന്യഭാഷകളില്‍ കൂടുതല്‍ സിനിമ ചെയ്യുന്നതും സിനിമ വൈകുന്നതിന് കാരണമാണെന്നും ലിസ്റ്റിന്‍ പറഞ്ഞു.
‘നടന്മാരുടെ കാര്യം നോക്കുകയാണെങ്കില്‍ അഞ്ചോ ആറോ സിനിമ പരാജയപ്പെട്ടു കഴിഞ്ഞാലും അടുത്ത സിനിമ ഹിറ്റായിക്കഴിഞ്ഞാല്‍ അയാള്‍ പിന്നെ സേഫാണ്. അയാള്‍ക്ക് വീണ്ടും സിനിമ കിട്ടും. എന്നാല്‍ പ്രൊഡ്യൂസര്‍മാരുടെ കാര്യം അങ്ങനെയല്ല. ഇവിടെ ചില നടന്മാരുടെ മിനിമം പ്രതിഫലം ഒരു കോടിയൊക്കയാണ്. അതു മാത്രമല്ല, ഇവിടെ മെയിന്‍സ്ട്രീം നടന്മാര്‍ ഏഴോ എട്ടോ പേര് മാത്രമേയുള്ളൂ.
അവരെയൊക്കെ വെച്ച് സിനിമ ചെയ്യാന്‍ ഒരുപാട് കാത്തിരിക്കേണ്ടി വരും. ചില നടന്മാര്‍ കഥ കേട്ട് കഴിഞ്ഞാല്‍ അത് അവര്‍ തന്നെ പാര്‍ട്ണര്‍ഷിപ്പില്‍ പ്രൊഡ്യൂസ് ചെയ്യാറുണ്ട്. എന്നാല്‍ പ്രൊഡ്യൂസര്‍മാരുടെ കാര്യം നോക്കിയാല്‍ അവര്‍ ഒരു കഥ കേട്ട് അതിന് വേണ്ട ആര്‍ട്ടസിറ്റുകളുടെ ഡേറ്റ് വാങ്ങി സിനിമ ചെയ്ത് ഇറക്കുന്നതുവെര ഒരുപാട് സമയമെടുക്കും.
വേറൊരു പ്രശ്‌നം എന്താണെന്ന് വെച്ചാല്‍ ഇവിടുള്ള മെയിന്‍സ്ട്രീം നടന്മാര്‍ അന്യഭാഷയില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നതാണ്. അത് ഇവിടെ സിനിമകള്‍ ഇറക്കാന്‍ വൈകുന്നതിന് കാരണമാകുന്നുണ്ട്. ദുല്‍ഖറും ഫഹദും, പൃഥ്വിയുമൊക്കെ അന്യഭാഷയില്‍ ഒരുപാട് സിനിമകള്‍ ചെയ്യുന്നുണ്ട്. ഇന്‍ഡസ്ട്രി വളരാന്‍ അത് സഹായിക്കുമെങ്കിലും ഇവിടെ അത് കാരണം സിനിമ വൈകുന്നുണ്ട്,’ ലിസ്റ്റിന്‍ പറഞ്ഞു.
Content Highlight: Listin Stephen about the struggles facing by producers