Advertisement
Entertainment news
അത് ശരിയല്ല, ഇത് ശരിയല്ല എന്നൊക്കെ പറയുമ്പോള്‍ പുള്ളിക്ക് അത് ഫീല്‍ ചെയ്തേക്കും; അല്‍ഫോണ്‍സ് പുത്രന്റെ കോണ്‍ഫിഡന്‍സായിരുന്നു ഗോള്‍ഡ്: ലിസ്റ്റിന്‍ സ്റ്റീഫന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jan 01, 12:21 pm
Sunday, 1st January 2023, 5:51 pm

അല്‍ഫോണ്‍സ് പുത്രന്‍ – പൃഥ്വിരാജ് കൂട്ടുകെട്ടില്‍ തിയേറ്ററുകളിലെത്തി പ്രേക്ഷകരെ നിരാശപ്പെടുത്തിയ സിനിമയായിരുന്നു ഗോള്‍ഡ്. ചിത്രം പ്രേക്ഷകര്‍ക്ക് വര്‍ക്കാവാത്തതിനെ കുറിച്ചും പരാജയപ്പെട്ടതിനെ കുറിച്ചും തുറന്ന് സംസാരിക്കുകയാണ് ഇപ്പോള്‍ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍.

ഗോള്‍ഡ് ഒരു അല്‍ഫോണ്‍സ് പുത്രന്‍ സിനിമയാണെന്നും ആദ്യത്തെ രണ്ട് സിനിമകള്‍ സൂപ്പര്‍ ഹിറ്റാക്കിയ സംവിധായകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ കോണ്‍ഫിഡന്‍സായിരുന്നു ഈ സിനിമക്ക് പിന്നിലെന്നുമാണ് ലിസ്റ്റിന്‍ പറയുന്നത്.

”ഗോള്‍ഡ് ഒരു അല്‍ഫോണ്‍സ് പുത്രന്‍ സിനിമയാണ്. കാരണം ഒരു വലിയ ഹിറ്റ് കൊടുത്തിട്ടുള്ള, മുമ്പ് ചെയ്ത സിനിമകള്‍ ഹിറ്റാക്കിയ ഒരാളുടെ കോണ്‍ഫിഡന്‍സായിരുന്നു ഈ സിനിമ. ആ ആള് വേറൊരു ലെവലില്‍ നില്‍ക്കുന്നു.

ഒന്നുരണ്ട് സിനിമകള്‍ ചെയ്ത, അതില്‍ തന്നെ സിനിമകള്‍ പരാജയപ്പെട്ടിട്ടുള്ള ഡയറക്ടറുടെ അടുത്ത്, അല്ലെങ്കില്‍ പുതിയൊരു ഡയറക്ടറുടെ അടുത്ത് അപ്രോച് ചെയ്യുമ്പോള്‍ അത് വേറൊരു രീതിയാണ്.

വലിയ ഹിറ്റുകള്‍ ചെയ്ത് നില്‍ക്കുന്ന ആള്‍ക്ക് വേറൊരു രീതിയിലുള്ള കോണ്‍ഫിഡന്‍സ് സിനിമക്ക് മേലുണ്ടാകും. അപ്പോള്‍ പിന്നെ ആ വ്യക്തിയുടെ കൂടെ നില്‍ക്കുക എന്നുള്ളതിലാണ് കാര്യം.

നമ്മളിപ്പോള്‍ അത് ശരിയല്ല, ഇത് ശരിയല്ല എന്ന് പറയുമ്പോള്‍ ആ വ്യക്തിക്ക് കൂടി അത് ഫീല്‍ ചെയ്യും. വലിയ ഡയറക്ടര്‍മാരുടെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ അങ്ങനെ ഒരു സംഭവം കൂടിയുണ്ട്,” ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.

അതേസമയം ഒ.ടി.ടിയില്‍ റിലീസ് ചെയ്ത ഗോള്‍ഡിന് നേരെയും വലിയ വിമര്‍ശനവും ട്രോളുകളുമാണ് ഉയരുന്നത്. ചിത്രത്തിന്റെ മേക്കിങ് സ്‌റ്റൈലും എഡിറ്റിങ്ങും തന്നെയാണ് ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുന്നത്.

നയന്‍താര നായികയായെത്തിയ ചിത്രത്തില്‍ മല്ലിക സുകുമാരന്‍, ബാബുരാജ്, ദീപ്തി സതി തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്നിരുന്നു.

Content Highlight: Listin Stephen about the failure of the movie Gold