ജന ഗണ മനക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. നിവിന്‍ പോളിയാണ് ചിത്രത്തിലെ നായകന്‍. തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടിക്കൊണ്ട് മുന്നേറുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് ഷാരിസ് മുഹമ്മദാണ്. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഡിജോയും ഷാരിസും ഒന്നിക്കുന്നത്.
എന്നാല്‍ സിനിമ റിലീസാകുന്നതിന് മുമ്പ് തന്നെ ചില വിവാദങ്ങളും മലയാളി ഫ്രം ഇന്ത്യയെ തേടി വന്നിരുന്നു. നിരവധി സിനിമകള്‍ക്ക് തിരക്കഥ എഴുതിയ നിഷാദ് കോയയുടെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദത്തിന് കാരണമായത്. റിലീസിന് ഒരു ദിവസം ബാക്കിനില്‍ക്കെ നാളെ ഇറങ്ങുന്ന മലയാള സിനിമയുടെ കഥ പ്രവചിച്ചാലോ എന്ന് തുടങ്ങുന്ന പോസ്റ്റാണ് നിഷാദ് കോയ പങ്കുവെച്ചത്.
മലയാളി ഫ്രം ഇന്ത്യ റിലീസായ ദിവസം പ്രസ്തുത പോസ്റ്റില്‍ പറഞ്ഞ കഥ തന്നെയാണ് ചിത്രത്തിന്റെ കഥയെന്ന് ബോധ്യമായതോടെയാണ് കൂടുതല്‍ വിവാദമായത്. ഇതിന് പിന്നാലെ നിഷാദ് പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. ഇതിനെതിരെയാണ് മലയാളി ഫ്രം ഇന്ത്യയുടെ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പ്രതികരിച്ചത്. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് ലിസ്റ്റിന്‍ തന്റെ പ്രതികരണം അറിയിച്ചത്.
‘സിനിമ റിലീസാകുന്നതിന്റെ തലേ ദിവസം അയാള്‍ ഫേസ്ബുക്കില്‍ എഴുതിയിരിക്കുകയാണ്, നാളെ റിലീസാകുന്ന സിനിമയുടെ കഥ പ്രവചിച്ചാലോ എന്ന്. അയാളും ഒരുപാട് സിനിമകള്‍ എഴുതിയ റൈറ്ററല്ലേ, ഇങ്ങനെയാണോ ചെയ്യേണ്ടത്. വളരെ മോശമായിപ്പോയി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനായിക്കോട്ടെ, ഫെഫ്കയായിക്കോട്ടെ, അവരും പറഞ്ഞത് ഈ പ്രവര്‍ത്തി വളരെ മോശമായി എന്നാണ്.
അതുകൊണ്ടാണ് അയാള്‍ ആ പോസ്റ്റ് ഡിലീറ്റ് ചെയ്തത്. ഇങ്ങനെയാണോ അയാള്‍ ചെയ്യേണ്ടത്? ഒന്നേകാല്‍ വര്‍ഷം മുമ്പ് സ്റ്റാര്‍ട്ട് ചെയ്ത സിനിമയാണിത്. അപ്പോള്‍ അയാള്‍ പറയുന്നതില്‍ എന്ത് പ്രസക്തിയുണ്ട്?,’ ലിസ്റ്റിന്‍ പ്രതികരിച്ചു.
Content Highlight: Listin Stephen about the Facebook post of Nishad Koya