നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രമാണ് രാമചന്ദ്ര ബോസ് ആന്‍ഡ് കോ. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച ചിത്രം 2023ല്‍ ഓണം റിലീസായാണ് തിയേറ്ററുകളില്‍ എത്തിയത്. ദുല്‍ഖര്‍ സല്‍മാന്റെ കിങ് ഓഫ് കൊത്തയും, ഷെയ്ന്‍ നിഗം നായകനായ ആര്‍.ഡി.എക്‌സിനോടൊപ്പവും റിലീസായ ചിത്രം ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല.
റിലീസ് ചെയ്ത് ഒമ്പത് മാസം പിന്നിട്ടിട്ടും ചിത്രം ഒ.ടി.ടി റിലീസ് ചെയ്യാത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ഇതുവരെ ഒരു ഒ.ടി.ടി പ്ലാറ്റ്‌ഫോമിനും വില്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ് ചിത്രം ഒ.ടി.ടി റിലീസാകാത്തതെന്ന് ലിസ്റ്റിന്‍ പറഞ്ഞു.
സിനിമ ഇറങ്ങിയ സമയത്താണ് ജിയോ സിനിമ എന്നപേരില്‍ പുതിയൊരു ഒ.ടി.ടി പ്ലാറ്റ്‌ഫോം ഇറങ്ങിയതെന്നും നിവിന്‍ മുന്‍കൈയെടുത്ത് ജിയോസിനിമയില്‍ ചിത്രം റിലീസ് ചെയ്യാനുള്ള നീക്കങ്ങള്‍ നടത്തിയതെന്നും അധികം വൈകാതെ ചിത്രം ഒ.ടി.ടിയില്‍ ഇറങ്ങുമെന്നും ലിസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ലിസ്റ്റിന്‍ ഇക്കാര്യം പറഞ്ഞത്.
‘രാമചന്ദ്ര ബോസ് ആന്‍ഡ് കോ ഇതുവരെ ഒരു ഒ.ടി.ടി പ്ലാറ്റ്‌ഫോമിനും വിറ്റുപോകാന്‍ പറ്റിയിട്ടില്ല. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷനൊക്കെ കഴിഞ്ഞ് നില്‍ക്കുന്ന സമയത്ത് ജിയോ സിനിമ ലോഞ്ച് ചെയ്യാന്‍ പോകുന്നു എന്നറിഞ്ഞത്. പുതിയ പ്ലാറ്റ്‌ഫോമായതുകൊണ്ട് അതില്‍ സിനിമയിറക്കാമെന്ന് വിചാരിച്ചു.
നിവിനായിരുന്നു അതിന് മുന്‍കൈയെടുത്തത്. നിവിന്റെ ഓഫീസില്‍ നിന്ന് ജിയോസിനിമക്ക് മെയിലയച്ചിട്ടുണ്ടായിരുന്നു. പക്ഷേ അവരുടെ ഭാഗത്ത് നിന്ന് യാതൊരു മറുപടിയും ഇതുവരെ ലഭിച്ചില്ല. അപ്പോള്‍ ബാക്കിയുള്ള ഏതെങ്കിലും ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ സിനിമയിറക്കാനുള്ള വഴികള്‍ ഞങ്ങള്‍ നോക്കുന്നുണ്ട്. അധികം വൈകാതെ റിലീസാകും,’ ലിസ്റ്റിന്‍ പറഞ്ഞു.
Content Highlight: Listin Stephen about the delay of Boss and Co OTT release