ഷാജി കൈലാസ്- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ആക്ഷന്‍ മാസ് എന്റര്‍ടെയിന്‍മെന്റ് ചിത്രമാണ് കടുവ. ജൂലൈ ഏഴിനാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.
മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് നടന്നിരുന്നു.
റിയലിസ്റ്റിക് സിനിമകള്‍ തുടര്‍ച്ചയായി ഇറങ്ങുന്ന മലയാളത്തില്‍ ഒരു മാസ് ചിത്രം പരീക്ഷണാടിസ്ഥാനത്തില്‍ ഇറക്കിയതിനെക്കുറിച്ച് പറയുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍.
”ഈ സിനിമ മാര്‍ക്കറ്റ് ചെയ്തപ്പോള്‍ ആദ്യം, ഈ പാന്‍ ഇന്ത്യന്‍ എന്നാല്‍ എന്താണ് സംഭവം എന്ന് അറിയാന്‍ വേണ്ടി ഞങ്ങള്‍ ഹൈദരാബാദിലും ബാംഗ്ലൂരിലും ചെന്നൈയിലുമൊക്കെ പോയി ഇതിനകത്ത് പങ്കാളിയായിട്ടുണ്ട്, മലയാളം ഇന്‍ഡസ്ട്രി ഡെവലപ് ചെയ്യാന്‍ വേണ്ടി.
വേറെ ഭാഷകളില്‍ നിന്ന് വരുന്ന സിനിമകള്‍ നമ്മള്‍ ഇവിടെ എടുക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു. അതിന് ക്ലാപ്പടിക്കുന്നു, ഭയങ്കര ഇനീഷ്യലുണ്ടാകുന്നു. നമ്മള്‍ ഇവിടെ റിയലിസ്റ്റിക് സിനിമകളാണ് കൂടുതല്‍ എടുത്തുകൊണ്ടിരിക്കുന്നത്.
അതൊന്ന് മാറ്റാന്‍ രാജുവിന് തന്നെ ചില സമയത്ത് പേടിയായിരുന്നു. ഇതെന്താടാ, നമ്മള്‍ ചെയ്തുകഴിഞ്ഞാല്‍ ഇവര് ആ അര്‍ത്ഥത്തില്‍ തന്നെ എടുക്കുമോ, എന്ന് ചോദിച്ചു. രാജു തന്നെ ധൈര്യം കാണിച്ചാലല്ലേ മറ്റുള്ളവര്‍ക്ക് കൂടി ഇത് ചെയ്യാന്‍ പറ്റുകയുള്ളൂ, നമുക്ക് ഇത് ചെയ്യാം, എന്ന് ഞാന്‍ പറഞ്ഞു. ആ ഒരൊറ്റ തീരുമാനത്തിലാണ് ഇത് ചെയ്തത്.
നമ്മളിതൊക്കെ കാണിച്ച് കഴിഞ്ഞാല്‍ മറ്റുള്ളവര്‍ക്ക് അതിഷ്ടപ്പെടുമോ എന്ന തോന്നല്‍ രാജുവിന്റെ മനസില്‍ ഇപ്പോഴുമുണ്ട്. പിന്നെ രാജുവിന്റെ തീരുമാനം അറിയാമല്ലോ, കൂവുന്നെങ്കില്‍ കൂവട്ടെ കുഴപ്പമില്ല. ഇതല്ല ഇതിനപ്പുറവും കണ്ടിട്ടുള്ളതാണ് എന്നുള്ള ലെവലിലാണ് രാജു ഇരിക്കുന്നത്.
അതുകൊണ്ട് കടുവയില്‍ ഞങ്ങള്‍ വീണ്ടുമൊരു പരീക്ഷണം നടത്തുകയാണ്. ഒട്ടും കൊള്ളത്തില്ലെന്ന് ഫീല്‍ ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ നെഗറ്റീവ് തന്നെ എഴുതിക്കോളൂ.
പക്ഷെ, ഈ സിനിമ ബോറടിപ്പിക്കുന്ന ഒന്നായിരിക്കില്ല, കയ്യടിപ്പിക്കുന്ന സിനിമയാണ് എന്ന് കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട്,” ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.
ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്ന് മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറിലാണ് കടുവ നിര്‍മിക്കുന്നത്. ലൂസിഫറിന് ശേഷം വിവേക് ഒബ്‌റോയ് വില്ലന്‍ വേഷത്തില്‍ എത്തുന്ന മലയാള ചിത്രം കൂടിയാണ് കടുവ. സംയുക്ത മേനോനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.
ജൂണ്‍ 30ന് റിലീസ് ചെയ്യാനിരുന്ന ചിത്രം പിന്നീട് ജൂലൈ ഏഴിലേക്ക് മാറ്റി വെക്കുകയായിരുന്നു. കടുവക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. ജിനു എബ്രഹാമാണ് ‘കടുവ’യുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.
സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജേക്ക്‌സ് ബിജോയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
Content Highlight: Listin Stephen about Prithviraj’s attitude towards Kaduva movie