| Wednesday, 6th December 2023, 12:57 pm

ആന്റണി പെരുമ്പാവൂരിനോട് രണ്ട് കഥ പറഞ്ഞിരുന്നു, ലാലേട്ടനത് വര്‍ക്കായില്ല; ആനയേയും ആന പാപ്പാനേയും പേടിക്കേണ്ട അവസ്ഥ: ലിസ്റ്റിന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ ഇന്‍ഡസ്ട്രിയില്‍ എത്തി ഇത്രയും നാളുകളായിട്ടും മോഹന്‍ലാലിനേയും മമ്മൂട്ടിയേയും വെച്ച് ഒരു സിനിമയെടുക്കാന്‍ എന്തുകൊണ്ടാണ് തയ്യാറാവാതിരുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍.

മോഹന്‍ലാലുമായും മമ്മൂട്ടിയുമായും ചേര്‍ന്നുള്ള സിനിമകള്‍ നേരത്തെ തന്നെ ആലോചിച്ചിരുന്നല്ലോ പക്ഷേ ഇത്രയും നാളുകള്‍ക്കിടെ എന്തുകൊണ്ടാണ് ഇവരുമായി അസോസിയേറ്റ് ചെയ്യാത്തത് എന്നുമുള്ള ചോദ്യത്തിനായിരുന്നു ലിസ്റ്റിന്റെ മറുപടി. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലിസ്റ്റിന്‍.

‘എനിക്ക് മമ്മൂക്കയുമായും മോഹന്‍ലാലുമായും സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ചില കാര്യങ്ങള്‍ ഇതിന് പിന്നിലുണ്ട്. ചിലപ്പോള്‍ നമ്മള്‍ അവിടെ വരെ എത്തില്ല. അവരുടെ ചുറ്റുപാടുകളിലുമുള്ള ചിലരുണ്ടാകുമല്ലോ, നമ്മള്‍ ആനയേയും പേടിക്കണം ആന പാപ്പാനേയും പേടിക്കണം എന്ന് പറയുന്ന പോലെ ഒരു സംഭവമുണ്ട്.

അതുകൊണ്ട് നടന്നിട്ടില്ല. അവരുടെ കൂടെ ഇത്തരത്തില്‍ ശിങ്കിടികളായി നില്‍ക്കുന്നവര്‍ എത്രത്തോളം നല്ല കാര്യങ്ങളാണ് പറഞ്ഞുകൊടുക്കുന്നതെന്ന് അറിയില്ല. അതും സംഭവിക്കാം. ലാലേട്ടനെ വെച്ച് സിനിമ ചെയ്യാന്‍ വേണ്ടി ആന്റണി ചേട്ടന്റെ അടുത്ത് രണ്ട് കഥ പറഞ്ഞു. പക്ഷേ അത് രണ്ടെണ്ണവും വര്‍ക്കായില്ല.

ഇപ്പോള്‍ വേറൊരു കഥയില്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. ഈ അടുത്തായിട്ടാണ് രണ്ട് കഥ പറഞ്ഞത്. അത് എന്തോ ലാലേട്ടന് അത്ര ഇഷ്ടമായില്ല. അത് ഡിജോയുടെ ഒരു പടമായിരുന്നു. പിന്നെ ബോബി സഞ്ജയ്‌യുടെ ഒരു പടമുണ്ടായിരുന്നു,’ ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിനും ചേര്‍ന്ന് മോഹന്‍ലാലിന്റെ പടം ചെയ്യുന്നു എന്നൊരു വാര്‍ത്ത കേട്ടിരുന്നല്ലോ, അതിന്റെ സത്യാവസ്ഥയെന്താണെന്ന ചോദ്യത്തിന് അങ്ങനെയൊരു കഥ പോയി പറഞ്ഞിരുന്നെന്നും ഡിജോ സംവിധാനം ചെയ്യുന്ന കഥയായിരുന്നു അതെന്നുമായിരുന്നു ലിസ്റ്റിന്റെ മറുപടി.

അത് ലാലേട്ടന് വര്‍ക്കായില്ല. വര്‍ക്കാവുന്ന ഒരു പുതിയ കഥയിലേക്ക് നീങ്ങുക എന്നുള്ളതാണ്. ഞങ്ങള്‍ക്ക് അത് ഭയങ്കര ഇഷ്ടമായ കഥയായിരുന്നു. അറിയാലോ നല്ലതാണെങ്കിലും മോശമാണെങ്കിലും ആര്‍ടിസ്റ്റിന് ഇഷ്ടമായാലല്ലേ പടം ഓണാക്കാന്‍ പറ്റുകയുള്ളൂ. വലിയ സിനിമകളായിരുന്നു രണ്ടും. പക്ഷേ അത് നടന്നില്ല,’ ലിസ്റ്റിന്‍ പറഞ്ഞു.

Content Highlight: Listin Stephen about Mohanlal and mammootty Movie

We use cookies to give you the best possible experience. Learn more