| Wednesday, 13th December 2023, 4:29 pm

ആ സിനിമ പരാജയപ്പെട്ടിട്ടും പൃഥ്വിക്ക് കൊടുക്കാനുള്ള മുഴുവന്‍ തുകയും കൊടുത്തു, ഒപ്പം ഒരു ഡിമാന്‍ഡ് വെച്ചു: ലിസ്റ്റിന്‍ സ്റ്റീഫന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജുമായി ആദ്യം ചെയ്ത ചിത്രത്തെ കുറിച്ചും അതിന്റെ പരാജയത്തിന് ശേഷം അദ്ദേഹത്തെ വെച്ച് തന്നെ മറ്റൊരു പടം എടുത്തതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍.

വിമാനം പരാജയപ്പെട്ടെങ്കിലും പൃഥ്വിരാജിന് കൊടുക്കാനുള്ള പ്രതിഫലം മുഴുവന്‍ താന്‍ കൊടുത്തിരുന്നെന്നും ഒപ്പം പൃഥ്വിരാജിന് മുന്‍പില്‍ താന്‍ ഒരു ആവശ്യം കൂടി വെച്ചെന്നും ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ലിസ്റ്റിന്‍ പറഞ്ഞു. പൃഥ്വരാജിനും ലിസ്റ്റിനും ഇടയില്‍ നില്‍ക്കുന്ന ട്രസ്റ്റും അസോസിയേഷനും എങ്ങനെയാണെന്ന ചോദ്യത്തിനായിരുന്നു ലിസ്റ്റിന്റെ മറുപടി.

‘എന്നെ പൃഥ്വിക്ക് വിശ്വാസമുണ്ടെന്ന തോന്നല്‍ എനിക്കുണ്ട്. എന്നുവെച്ച് ഞങ്ങള്‍ ദിവസേന സംസാരിക്കുന്നവരൊന്നും അല്ല. ഞങ്ങള്‍ക്ക് എന്തും അങ്ങോട്ടും ഇങ്ങോട്ടും പറയാം. ഞാന്‍ ചിലപ്പോള്‍ ചളി പറയും. പുള്ളി സീരിയസ് ആയി പറയും. മറിച്ച് എന്റെ അടുത്ത് ഹ്യൂമറസായി സംസാരിക്കും. ഞങ്ങളുടെ പേഴ്‌സണല്‍ സംസാരങ്ങളിലൊക്കെ. അങ്ങനെയൊരു ബന്ധമുണ്ട്.

വിമാനം എന്ന സിനിമയാണ് ഞാന്‍ പൃഥ്വിവിനെ വെച്ച് ആദ്യം ചെയ്ത സിനിമ. അത് വലിയ പരാജയമായി. ട്രാഫിക് സിനിമയില്‍ റഹ്‌മാന്‍ ചെയ്ത റോളിന് വേണ്ടി ഞാന്‍ ആദ്യം പൃഥ്വിയെ സമീപിച്ചിരുന്നു. പക്ഷേ അത് നടന്നില്ല. പിന്നെ സംഭവിച്ച സിനിമ വിമാനമാണ്.

അത് ഒരു പരാജയപ്പെട്ട സിനിമയാണ്. ഒരു ചെറിയൊരു കഥയായിരുന്നു. പ്രതീക്ഷയുണ്ടായിന്നെങ്കിലും റിസള്‍ട്ട് അങ്ങനെയായി. അതിലൂടെയാണ് ഒരു റിലേഷന്‍ഷിപ്പ് ഞാനും രാജുവുമായിട്ട് ഉണ്ടാകുന്നത്.

എന്റെ ഓര്‍മ ശരിയാണെങ്കില്‍ ജി.എസ്.ടിയോ കുറച്ച് പേയ്‌മെന്റോ എന്തോ ഞാന്‍ റീലീസ് കഴിഞ്ഞിട്ടാണ് കൊടുത്തത്. ഞാന്‍ ഇത് ഇട്ടിട്ട് ഓടാനൊന്നും പോവുന്നില്ല. ഇന്‍ഡസ്ട്രിയില്‍ തന്നെ നില്‍ക്കും. നിങ്ങള്‍ക്ക് ഞാന്‍ പൈസ തരാനുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ കൂടെ അടുത്ത പടം ചെയ്യേണ്ട എന്ന നിലപാടെടുക്കുന്ന ആളാണ് ഞാന്‍.

വിമാനം പരാജയപ്പെട്ടപ്പോഴും പുള്ളിക്ക് കൊടുക്കേണ്ട പ്രതിഫലവും ജി.എസ്.ടിയുമൊക്കെ കൊടുത്തിരുന്നു. അങ്ങനെ എനിക്ക് നഷ്ടം വന്ന് കഴിഞ്ഞപ്പോള്‍ ഞാന്‍ രാജുവിനോട്, നമുക്ക് തമ്മില്‍ ഒരു പടം കൂടി ചെയ്യണമെന്നും ഇതൊന്ന് റീ കൂപ്പ് ചെയ്യേണ്ടതുണ്ടെന്നും പറഞ്ഞു.

നിങ്ങള്‍ക്ക് ഒരു ഉദ്ഘാടനത്തിന് പോയാല്‍ പൈസ കിട്ടും. പക്ഷേ ഒരു നിര്‍മാതാവിനെ സംബന്ധിച്ച് സിനിമ പരാജയപ്പെട്ടാല്‍ ഒന്നും ഇല്ല. അതുകൊണ്ട് തന്നെ വാല്യു ഉള്ള പ്രൊജക്ട് വേണം എന്ന് പറഞ്ഞു.

നീ ഏതെങ്കിലും സബ്ജക്ട് കേള്‍ക്ക് എന്നിട്ട് കൊള്ളാവുന്നതാണെങ്കില്‍ ഒരുമിച്ച് ചെയ്യാമെന്ന് പറഞ്ഞു. ഫ്‌ളോപ്പ് കിട്ടുമ്പോള്‍ നമ്മുടെ ജഡ്ജ്‌മെന്റ് എല്ലാം തെറ്റിപ്പോവും. എടുക്കുന്ന തീരുമാനം ശരിയാണോ എന്ന ആലോചന വരും. നൂറ് തവണ ഈ ചിന്ത വരും. എന്റെ കഴിഞ്ഞ ജഡ്ജ്‌മെന്റ് തെറ്റിപ്പോയല്ലോ എന്ന തോന്നല്‍ ഉണ്ടായിക്കൊണ്ടേയിരിക്കും.

അങ്ങനെ ഒരു സബ്ജക്ടും ശരിയായില്ല. അങ്ങനെ ഇരുന്നപ്പോള്‍ പേട്ട എന്ന രജീകാന്തിന്റെ ഒരു സിനിമ ഒരുമിച്ച് ഡിസ്ട്രിബ്യൂട്ട് ചെയ്യാനുള്ള തീരുമാനത്തിലെത്തി. ബിഗില്‍ പോലുള്ള സിനിമകള്‍ ഞങ്ങള്‍ ഒരുമിച്ച് ഡിസ്ട്രിബ്യൂട്ട് ചെയ്തു. അങ്ങനെ ഡെയ്‌ലി ഒരു കമ്യൂണിക്കേഷന്‍ ഉണ്ടായി. അതിന് ശേഷമാണ് രാജു എന്നോട് ബ്രദേഴ്‌സ് ഡേ എന്ന കഥയുണ്ടെന്നും കലാഭാവന്‍ ഷാജോണ്‍ ഡയറക്ട് ചെയ്യുന്ന സിനിമയാണെന്നും പറഞ്ഞത്.

വേറെ ഒരു പ്രൊഡ്യൂസറായിരുന്നു ആ സിനിമ ചെയ്യേണ്ടിയിരുന്നത്. അദ്ദേഹം മാറിയെന്നും പറഞ്ഞു. അത് ഒന്ന് കേട്ടുനോക്ക് എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കഥ കേള്‍ക്കുന്നില്ലെന്നായിരുന്നു എന്റെ മറുപടി.

കഥ കേള്‍ക്കാതെ തന്നെ ഞാന്‍ ആ പടം കമ്മിറ്റ് ചെയ്തു. പിന്നെ ഒരുമിച്ച് മുന്നോട്ടു പോയി ബ്രദേഴ്‌സ് ഡേ എന്ന സിനിമ എനിക്ക് പോയ നഷ്ടത്തിന്റെ 80 ശതമാനം തിരിച്ചു കിട്ടിയ സിനിമയായിരുന്നു. ബ്രദേഴ്‌സ് ഡേ ഒരു മഹത്തരമായ സിനിമയാണെന്നും ഞാന്‍ പറയുന്നില്ല. പക്ഷേ എനിക്ക് ലാഭം കിട്ടി.

അങ്ങനെ അടുത്ത സിനിമ ചെയ്യുന്നു. ഡ്രൈവിങ് ലൈസന്‍സ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ചെയ്യാന്‍ വേണ്ടി വെച്ച സിനിമയായിരുന്നു. അങ്ങനെ അത് നമുക്ക് ഒരുമിച്ച് ചെയ്യാമെന്ന് രാജു പറഞ്ഞു. അങ്ങനെ ഒരുമിച്ച് ചെയ്തു. അതൊരു വലിയ ഹിറ്റായിരുന്നു. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും നല്ല ലാഭം കിട്ടി.

അതിന് ശേഷം ജന ഗണ മന എന്ന സബ്ജക്ട് എന്റെ കയ്യില്‍ വന്നപ്പോള്‍ ഞാന്‍ രാജുവിനെ വിളിച്ചു. ഇങ്ങനെ ഒരു സംഭവം കിട്ടിയിട്ടുണ്ട്. സൂപ്പര്‍കഥയാണ്. ഒന്ന് കേള്‍ക്കണം എന്ന് പറഞ്ഞു. അന്ന് വേറെ പല പടങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഈ പടം അദ്ദേഹം കമ്മിറ്റ് ചെയ്തു.

അതുപോലെ കടുവ പുള്ളിയുടെ അടുത്ത് വന്ന കഥയാണ് അത് രാജു എന്നോട് പറഞ്ഞു. അത്തരത്തിലാണ് ഒന്നിച്ച് ചെയ്യാമെന്ന തീരുമാനം വരുന്നത്. അത്തരത്തില്‍ ഞങ്ങള്‍ അസോസിയേറ്റ് ചെയ്ത എല്ലാ സിനിമകളും ഭയങ്കര കാശ് കിട്ടിയ സിനിമകളാണ്.

ഡിസ്ട്രിബ്യൂഷനാവട്ടെ, പ്രൊഡക്ഷന്‍ ആയിക്കോട്ടെ ഹിന്ദിയില്‍ ആയിക്കോട്ടെ ഞങ്ങള്‍ക്ക് ലാഭം ലഭിച്ചിട്ടുണ്ട്. ഞങ്ങളെ സംബന്ധിച്ച് ഞങ്ങളുടെ അസോസിയേഷന്‍ എന്നത് പരസ്പര വിശ്വാസമുള്ള പ്രോഫിറ്റായിട്ടുള്ള പാര്‍ട്ണര്‍ഷിപ്പ് തന്നെയാണ്.

Content Highlight: Listin Stephen about His Association with prithviraj

We use cookies to give you the best possible experience. Learn more