| Wednesday, 29th June 2022, 4:59 pm

അക്ഷയ് കുമാര്‍ വിളിച്ച് എപ്പോഴാണ് അടുത്ത സിനിമയെന്ന് ചോദിച്ചു; ഈ വര്‍ഷം എപ്പൊ വേണമെങ്കിലും ചെയ്യാം, നോ പ്രോബ്ലം എന്നുള്ള രീതിയില്‍ ഞാനും പറഞ്ഞു; തഗ്ഗ് കമന്റുമായി ലിസ്റ്റിന്‍ സ്റ്റീഫന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ആക്ഷന്‍ മാസ് എന്റര്‍ടെയിന്‍മെന്റ് ചിത്രം കടുവ റിലീസിനൊരുങ്ങിയിരിക്കുകയാണ്. ജൂലൈ ഏഴിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

സംയുക്ത മേനോന്‍ നായികയായെത്തുന്ന ചിത്രത്തില്‍ വിവേക് ഒബ്രോയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. കടുവയുടെ പ്രൊമോഷന്‍ പരിപാടികള്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് നടന്നിരുന്നു.

ചിത്രത്തില്‍ വിവേക് ഒബ്രോയ് കാണിച്ച ഡെഡിക്കേഷനെക്കുറിച്ച് സംസാരിക്കുകയാണ് നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്‍.

”ഈ സിനിമയില്‍ രാജുവിനെ പോലെ തന്നെ ഏറ്റവും ഡെഡിക്കേറ്റഡായി അഭിനയിച്ച ആളാണ് വിവേക് ഒബ്‌റോയ്. ആളുകള്‍ പറയും സിനിമയില്‍ അഭിനയിച്ച് കഴിഞ്ഞ്, ഡബ്ബിങ്ങിന് മുമ്പ് പൈസ വാങ്ങിപ്പോകുന്നവരാണ് പലരും എന്ന്. കാരണം അത് കഴിഞ്ഞാല്‍ അവര്‍ക്കൊരു ആത്മവിശ്വാസമില്ല.

പക്ഷെ, വിവേക് ഒബ്രോയ് കംപ്ലീറ്റ് അഭിനയിച്ച് കഴിഞ്ഞാണ്, എല്ലാം തീര്‍ന്ന് കഴിഞ്ഞാണ് ഫുള്‍ പൈസ പോലും വാങ്ങിയത്. അതൊക്കെ ഞങ്ങളെ സംബന്ധിച്ച് ഒരു വണ്ടറിങാണ്.

ഷാജോണിനൊക്കെ ചിലപ്പൊ സംശയമുണ്ടാകും. കാരണം ഒരു പിടിയുമില്ലല്ലോ, ചിലപ്പൊ കിട്ടിയില്ലെങ്കിലോ എന്ന് വിചാരിച്ച്, എന്തെങ്കിലുമൊക്കെ പറഞ്ഞ്, സ്ഥലം വാങ്ങാനുണ്ട്, ഫ്‌ളാറ്റ് വാങ്ങാനുണ്ട്, ഫ്‌ളാറ്റ് മെയിന്റനന്‍സുണ്ട് എന്നൊക്കെ പറഞ്ഞ് ഷാജോണ്‍ പൈസ വാങ്ങും.

അതുകൊണ്ട് ഒരു വ്യത്യസ്ത അനുഭവമായിരുന്നു വിവേക് ഒബ്‌റോയിയില്‍ നിന്ന്,” ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.

മലയാളത്തില്‍ വമ്പന്‍ ഹിറ്റായി മാറിയ പൃഥ്വിരാജ് ചിത്രം ഡ്രൈവിങ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കായ ‘സെല്‍ഫി’യും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സുമായി അസോസിയേറ്റ് ചെയ്തുകൊണ്ട് ലിസ്റ്റിന്‍ സ്റ്റീഫന്റെയും പൃഥ്വിരാജിന്റെയും മാജിക് ഫ്രെയിംസ് തന്നെയാണ് സെല്‍ഫി നിര്‍മിക്കുന്നത്.

ഈ ചിത്രത്തെക്കുറിച്ചുറിച്ചുള്ള ചോദ്യത്തിനും രസകരമായാണ് ലിസ്റ്റിന്‍ മറുപടി പറയുന്നത്. ”അക്ഷയ് കുമാര്‍ ഇന്നലെ വൈകീട്ടോടെ വിളിച്ചേ ഉള്ളൂ. എപ്പോഴാണ് അടുത്ത സിനിമ എന്ന് ചോദിച്ചു.

ഈ വര്‍ഷം എപ്പൊ വേണമെങ്കിലും ചെയ്യാം, നോ പ്രോബ്ലം എന്നുള്ള രീതിയില്‍ ഞാന്‍ പറഞ്ഞു,” എന്നായിരുന്നു ലിസ്റ്റിന്റെ മറുപടി.

പിന്നീട്, പൃഥ്വിരാജ് സുകുമാരന്‍ ലിസ്റ്റിന്‍ സ്റ്റീഫന്റെ ഭാഗ്യമാണോ അതോ ലിസ്റ്റിന്‍ പൃഥ്വിരാജിന്റെ ഭാഗ്യമാണോ എന്നുള്ള അവതാരകന്റെ ചോദ്യത്തിനും കിടിലന്‍ കമന്റാണ് ലിസ്റ്റിന്‍ നല്‍കുന്നത്.

”പൃഥ്വി ഇപ്പൊ സമ്മതിക്കത്തില്ല. പക്ഷെ, എടാ നീയാടാ എന്റെ ഭാഗ്യം, നീയാടാ എന്റെ ഭാഗ്യം, എന്ന് മനസില്‍ പറയുന്നുണ്ട്. നോ പ്രോബ്ലം, കാലം തെളിയിക്കട്ടെ,” എന്നായിരുന്നു ലിസ്റ്റിന്‍ നല്‍കിയ മറുപടി.

മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് കടുവ റിലീസ് ചെയ്യുന്നത്. ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

കടുവക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. ജിനു എബ്രഹാമാണ് ‘കടുവ’യുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.

സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജേക്‌സ് ബിജോയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

Content Highlight: Listin Stephen about Akshay Kumar during Kaduva movie promotions

We use cookies to give you the best possible experience. Learn more