നടൻ കലാഭവൻ ഷാജോണിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ബ്രദേഴ്സ് ഡേ. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ വമ്പൻ താരനിര അണിനിരന്നിരുന്നു. ലിസ്റ്റിൻ സ്റ്റീഫൻ ആയിരുന്നു ചിത്രത്തിന്റെ നിർമാണം.
ബ്രദേഴ്സ് ഡേയുടെ ഷൂട്ടിങ് ടൈമിൽ ഉണ്ടായ ഒരു അനുഭവം പങ്കുവെക്കുകയാണ് ലിസ്റ്റിൻ സ്റ്റീഫൻ. തനിക്ക് സിനിമയിൽ അഭിനയിക്കാൻ ഒരുപാട് ആഗ്രഹമുണ്ടെന്നും എന്നാൽ പലപ്പോഴും ടെൻഷൻ കാരണം വേണ്ടെന്ന് വെക്കാറുണ്ടെന്നും ലിസ്റ്റിൻ പറയുന്നു.
അത്തരത്തിൽ ബ്രദേഴ്സ് ഡേയുടെ ഒരു സീനിൽ അഭിനയിക്കുമ്പോൾ താനാകെ ടെൻഷനായെന്നും പൃഥ്വിരാജ് തന്നോട് കഴിയില്ലെങ്കിൽ നിർത്തി പോവാൻ പറഞ്ഞെന്നും ലിസ്റ്റിൻ പറഞ്ഞു. ശേഷം തന്റെ ഭാഗം ഒരു പാട്ട് സീനിൽ മാത്രം ഉൾപ്പെടുത്തിയെന്നും വേൾഡ് ബിസിനസ് മലയാളിക്ക് നൽകിയ അഭിമുഖത്തിൽ ലിസ്റ്റിൻ പറഞ്ഞു.
‘ബ്രദേഴ്സ് ഡേ എന്ന സിനിമയിൽ ചെറിയൊരു സീനിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. ആളുകൾ എല്ലാവരും ഒന്നിച്ച് നിൽക്കുന്ന ഒരു സീൻ ആണ്. എനിക്കത് കണ്ടപ്പോൾ എന്റെ മൈൻഡ് വിട്ട് പോയി. ജസ്റ്റ് സ്മൈൽ പ്ലീസ് എന്ന് പറയാൻ മാത്രമേയുള്ളൂ. അതിന്റെ കൂടെ കൈകൊണ്ട് ഒരു ആക്ഷൻ കാണിക്കാനും ഉണ്ട്.
പക്ഷെ എനിക്ക് ഡയലോഗ് പറയുന്നതും കൈകൊണ്ട് ആക്ഷൻ കാണിക്കുന്നതും എല്ലാംകൂടി ഒരുമിച്ച് പറ്റുന്നില്ല. എനിക്ക് ടെൻഷനായി. അതിന്റെ ഇടയിൽ പൃഥ്വിരാജ് ഉറക്കെ വിളിച്ച് പറഞ്ഞു, എടോ അറിയാൻ മേലേൽ ഇട്ടിട്ട് പോടോയെന്ന്.
അപ്പോഴേക്കും എനിക്ക് മൊത്തം കൈയ്യിന്ന് പോയി. പിന്നെ ആ സീനും ഡയലോഗുമെല്ലാം ഒരു പാട്ടിലൂടെ ഷാജോൺ പറഞ്ഞുവിട്ടു,’ലിസ്റ്റിൻ സ്റ്റീഫൻ പറയുന്നു.
നിവിൻ പോളി ചിത്രമായ രാമചന്ദ്ര ബോസ്സ് ആൻഡ് കോയിലെ ഒരു വേഷവും എന്താടാ സജി ചിത്രത്തിലെ ഒരു കഥാപാത്രവുമെല്ലാം തന്റെ ആത്മവിശ്വാസമില്ലായ്മ കാരണം തനിക്ക് നഷ്ടമായെന്നും ലിസ്റ്റിൻ കൂട്ടിച്ചേർത്തു.
Content Highlight: Listin Stephan Talk About Brothers Day Movie Shooting Experience