| Wednesday, 26th July 2023, 12:31 pm

ആഗ്രഹിച്ച സമയത്ത് പ്രിഥ്വിയുമായി സിനിമ ചെയ്യാന്‍ പറ്റിയില്ല: ലിസ്റ്റിന്‍ സ്റ്റീഫന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രിഥ്വിരാജുമായി സിനിമ ചെയ്യാന്‍ ആഗ്രഹിച്ച സമയത്ത് അത് സാധിച്ചില്ലെന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. പ്രിഥ്വിരാജിനെ കുറെ നാളായിട്ടറിയാമെന്നും അതുകൊണ്ട് തന്റെ പെരുമാറ്റം അദ്ദേഹത്തിന് നന്നായി അറിയാമെന്നും ലിസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു. പ്രിഥ്വിരാജിന് അദ്ദേഹത്തിന്റേതായ സ്‌പേസുണ്ടെന്നും ലിസ്റ്റിന്‍ മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘പ്രിഥ്വിയുമായി സിനിമ ചെയ്യാന്‍ ആഗ്രഹിച്ച സമയത്ത് പല കാരണങ്ങള്‍ കൊണ്ട് അത് നടന്നിട്ടില്ല. പിന്നീട് വിമാനം എന്ന പ്രിഥ്വിരാജ് കമ്മിറ്റ് ചെയ്ത സിനിമയില്‍ ഞാന്‍ എത്തിപ്പെടുകയായിരുന്നു.

പ്രിഥിക്ക് കുറേ നാളായി എന്നെ അറിയാം. ഞാനെന്താണ്, എന്റെ സംസാര രീതി എന്താണ്, ഞാനെവിടെ വരെ പോകും, എങ്ങനെയൊക്കെ സംസാരിക്കുമെന്ന് അറിയുന്നൊരാളാണ്. എന്റെ പെരുമാറ്റത്തിലും മറ്റ് ഡീലിങ്ങുകളിലും ഒരു പരിധി വരെയുള്ള ധാരണ അദ്ദേഹത്തിനുണ്ട്. അതുകൊണ്ട് തന്നെയാണ് ഞാന്‍ പറയുന്ന കാര്യങ്ങള്‍ക്ക് അദ്ദേഹം തിരിച്ചും മറുപടി തരുന്നത്.

അല്ലെങ്കില്‍ പുള്ളി ഒരു സ്‌പേസില്‍ നില്‍ക്കുന്നൊരാളാണ്. ഇത്രയും ബന്ധമുണ്ടെങ്കില്‍ പോലും പുള്ളി പുള്ളിയുടെ സ്‌പേസില്‍ നില്‍ക്കുന്നൊരാളാണ്.

നമ്മളൊക്കെ കുറച്ച് കൂടെ ഇടപെട്ട് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കൊന്നാരാളാണ്. എന്നാല്‍ പുള്ളി അങ്ങനെയല്ല. വേറെ തരം പ്രത്യേകതയുള്ള, ഇതാണെന്റെ സ്‌പേസ്, ഞാനിങ്ങനെയൊക്കെ മതിയെന്ന് തീരുമാനിക്കുന്ന ഒരാളാണ് പ്രിഥ്വിരാജ്. പക്ഷേ നമ്മള്‍ വെള്ളം പോലെയാണ്. എല്ലാ സാഹചര്യത്തിനനുസരിച്ചും നില്‍ക്കാറുണ്ട്. ഇവര്‍ക്ക് അങ്ങനെ നില്‍ക്കണ്ട ഒരു ആവശ്യമില്ല. അത്രയേയുള്ളൂ,’ ലിസ്റ്റിന്‍ പറഞ്ഞു.

സാധാരണ ഫാമിലിയില്‍ നിന്നാണ് താന്‍ വരുന്നതെന്നും സാമ്പത്തികം നോക്കാതെ ആഗ്രഹം നോക്കിയാണ് വളര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.

‘വളരെ സാധാരണയായിട്ടുള്ള ഫാമിലിയില്‍ നിന്നാണ് ഞാന്‍ വരുന്നത്. പക്ഷേ ഞങ്ങള്‍ ആഗ്രഹങ്ങളൊത്താണ് വളര്‍ന്നത്. അല്ലാതെ സാമ്പത്തികം അത്രയേയുള്ളൂ എന്ന് വിചാരിച്ച് നിന്നില്ല. ആഗ്രഹങ്ങള്‍ക്കൊപ്പം ട്രാവല്‍ ചെയ്തു.

ഒരു പരിധി വരെ എല്ലാവരും അങ്ങനെയാണ്. ഈ ഫീല്‍ഡാണെങ്കിലും രാഷ്ട്രീയത്തിലാണെങ്കിലും സ്‌പോര്‍ട്‌സിലാണെങ്കിലും അങ്ങനെ തന്നെയാണ്. അതിന്റെ ഒരു ബേസ്‌മെന്റ് ആകേണ്ടത് നമ്മളാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍,’ ലിസ്റ്റിന്‍ പറഞ്ഞു.

content highlights: listin about prithviraj

We use cookies to give you the best possible experience. Learn more