| Friday, 22nd July 2016, 3:10 pm

ഞങ്ങള്‍ എന്തിന് ആത്മഹത്യയ്ക്കു ശ്രമിച്ചു; ഗുജറാത്തിലെ ദളിത് യുവാക്കള്‍ക്ക് പറയാനുള്ളത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചത്ത പശുവിന്റെ തോലുരിഞ്ഞതിന്റെ പേരില്‍ നാലു ദളിത് യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച ഗോരക്ഷാ സേനയുടെ നടപടി ഗുജറാത്തില്‍ ദളിത് പ്രക്ഷോഭത്തിനു വഴിവെച്ചിരിക്കുകയാണ്. പ്രക്ഷോഭത്തിന്റെ ഭാഗമായി 18 ദളിത് യുവാക്കളാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇവരില്‍ പലരും അഹമ്മദാബാദ്, രാജ്‌കോട്ട് ആശുപത്രികളില്‍ ചികിത്സയിലാണ്.


ചത്ത പശുവിന്റെ തോലുരിഞ്ഞതിന്റെ പേരില്‍ നാലു ദളിത് യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച ഗോരക്ഷാ സേനയുടെ നടപടി ഗുജറാത്തില്‍ ദളിത് പ്രക്ഷോഭത്തിനു വഴിവെച്ചിരിക്കുകയാണ്. പ്രക്ഷോഭത്തിന്റെ ഭാഗമായി 18 ദളിത് യുവാക്കളാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇവരില്‍ പലരും അഹമ്മദാബാദ്, രാജ്‌കോട്ട് ആശുപത്രികളില്‍ ചികിത്സയിലാണ്.

എന്തുകൊണ്ടാണ് തങ്ങള്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതെന്ന് അവരില്‍ ചിലര്‍ വിശദീകരിക്കുകയാണ്.

അംറത് പാര്‍മര്‍ (22 വയസ്സ്) ജാംകണ്ടോരന, രാജ്‌കോട്ട്

വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച പാര്‍മര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുകയാണ്. “ഞാന്‍  ഇതു ചെയ്തിരുന്നില്ലെങ്കില്‍ മര്‍ദ്ദനത്തിന് ഇരയായവര്‍ക്ക് നീതി തേടി ദളിത് സമൂഹം ഒന്നടങ്കം മുന്നോട്ടുവരില്ലായിരുന്നു” എന്നാണ് പാര്‍മര്‍ പറയുന്നത്.

“ബുധനാഴ്ച മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ എന്നെ കാണാന്‍ വന്നിരുന്നു. ഇതുപോലുള്ള അവിവേകം ഇനി കാണിക്കരുതെന്ന് പറഞ്ഞു. ദളിതനുവേണ്ടി ആരെങ്കിലും ഇത്തരമൊരു ത്യാഗം ചെയ്യണം എന്നാണ് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത്.” പാര്‍മര്‍ വ്യക്തമാക്കി.

ജൂലൈ 17നാണ് പാര്‍മറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹമിപ്പോള്‍ അപകടനില തരണം ചെയ്തു കഴിഞ്ഞതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കൂലിവേല ചെയ്താണ് പാര്‍മര്‍ കഴിയുന്നത്.


ജഗദിഷ് മക്‌വാന (27 വയസ്സ്) ഭഗവതിപുര, ഗൊണ്ടാല്‍

ആസിഡ് കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു ജഗദിഷ്. എത്രയും പെട്ടെന്ന് തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നാണ് അദ്ദേഹത്തിന് ആവശ്യപ്പെടാനുള്ളത്.

” രാഷ്ട്രീയക്കാരുടെ ഈ സന്ദര്‍ശനങ്ങള്‍ക്കു പിന്നിലെ ലക്ഷ്യമെന്താണെന്ന് എനിക്ക് മനസിലാവും. എന്നാല്‍ ഞങ്ങളുടെ പ്രതിഷേധത്തെ അണയ്ക്കാന്‍ ഇതുകൊണ്ടൊന്നും കഴിയില്ല. ദളിതരോട് അവര്‍ക്ക് പെട്ടെന്നൊരു സ്‌നേഹം വന്നിരിക്കുന്നു. എത്രയും പെട്ടെന്ന് ഞങ്ങള്‍ക്ക് നീതി വേണം.”


“ഞങ്ങള്‍ക്ക് സമാധാനം വേണം. എന്നാല്‍ നിയമ വ്യവസ്ഥ ഞങ്ങളുടെ സമൂഹത്തെ അകറ്റിനിര്‍ത്തുകയാണ്.” ജഗദിഷ് വ്യക്തമാക്കി.

തൊഴിലാളിയും ഏഴുവയസുകാരന്റെ അച്ഛനുമാണ് ജഗദിഷ്. ദളിതര്‍ക്കുനേരെ നടക്കുന്ന അനീതിയ്‌ക്കെതിരെ തന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. ജൂലൈ 20നാണ് ജഗദിഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


മനോജ് മക്‌വാന (30 വയസ്സു) അംബേദ്കര്‍നഗര്‍, രാജ്‌കോട്ട്

വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു മനോജ്. ദളിതര്‍ക്കുവേണ്ടി സര്‍ക്കാറിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ തങ്ങള്‍ എന്തെങ്കിലും ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്.

” ദളിതരുടെ അവകാശങ്ങള്‍ക്കുവേണ്ടി സര്‍ക്കാറിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞങ്ങള്‍ എന്തെങ്കിലും ചെയ്യും. വിഷം കഴിക്കുമ്പോള്‍ എന്റെ മനസില്‍ ആക്രമണത്തിന് ഇരയായ ദളിത് സഹോദരങ്ങളെക്കുറിച്ചുള്ള ചിന്തമാത്രമായിരുന്നു. അധികൃതര്‍ ഇനിയെങ്കിലും കണ്ണുതുറക്കണം.” താന്‍ ചെയ്തത് മറ്റാര്‍ക്കും ചെയ്യേണ്ടി വരരുത് എന്നു പറഞ്ഞുകൊണ്ട് മനോജ് പറയുന്നു.

“ദളിത് സഹോദരങ്ങള്‍ വര്‍ഷങ്ങളായി അനുഭവിക്കുകയാണ്. കാരണം സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. തന്‍ഗന്ദ് കേസില്‍ ഒന്നും സംഭവിച്ചില്ല. ആത്മഹത്യ ചെയ്യുമ്പോള്‍ ഞാന്‍ കുടുംബത്തെക്കുറിച്ച് ഓര്‍ത്തിരുന്നു. പക്ഷെ എന്റെ ദളിത് സഹോദരങ്ങള്‍ക്കെതിരെ നടക്കുന്ന അനീതിയ്‌ക്കെതിരെ പോരാടുന്നതിനാണ് ഞാന്‍ എന്റെ കുടുംബത്തേക്കാളും പ്രാധാന്യം നല്‍കിയത്.” നാലുവര്‍ഷം മുമ്പ് മൂന്ന് ദളിതര്‍ കൊല്ലപ്പെട്ട തന്‍ഗന്ദ് സംഭവം ഓര്‍ത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

“ഇരകള്‍ക്ക് നീതി ലഭിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നുമാണ് എന്റെ ആവശ്യം. കുറ്റക്കാര്‍ക്കുള്ള ശിക്ഷ മറ്റുള്ളവര്‍ക്ക് ഒരു പാഠമാകണം. അതുവഴി ഭാവിയില്‍  ഇത്തരം സംഭവങ്ങള്‍ ഉണ്ടാവരുത്.” അദ്ദേഹം വ്യക്തമാക്കി.

മൂന്നുപെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമടക്കം നാലു കുട്ടികളുടെ അച്ഛനാണ് മനോജ്.


ദിനേഷ് റാത്തോഡ് (22 വയസ്സ്) ഭത്വ, ജുനഗഥ്

തന്റെ ചെയ്തിയില്‍ യാതൊരു കുറ്റബോധവുമില്ലെന്നാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച ദിനേഷ് റാത്തോഡിനു പറയാനുള്ളത്. “ഗോ രക്ഷയുടെ പേരില്‍ ഞങ്ങളുടെ സമുദായത്തോട് അവര്‍ അനീതി കാണിക്കുന്നു.” ദിനേഷ് പറയുന്നു.

“രാഷ്ട്രീയക്കാര്‍ ഇവിടെ സന്ദര്‍ശിക്കുന്നത് ഞങ്ങളുടെ മനുസു കീഴടക്കാനാണ്. ഇതെല്ലാം 2017ലെ തെരഞ്ഞെടുപ്പിനുവേണ്ടിയാണ് ഞങ്ങള്‍ക്കറിയാം. അവര്‍ക്ക് ഞങ്ങളുടെ വോട്ടുവേണം. ഞങ്ങളുടെ സമരം നീതിക്കുവേണ്ടിയാണ്. ഈ പ്രശ്‌നത്തില്‍ രാഷ്ട്രീയം കളിക്കരുത്.” അദ്ദേഹം വ്യക്തമാക്കി.


ഭാരത് ബോറിച്ച (വയസ്സ് 37) ബിലായാഡ, ഗോണ്ടാല്‍

വിഷം കഴിച്ച നിലയില്‍ വളരെ ഗുരുതരാവസ്ഥയിലാണ് ബോറിച്ചയെ എമര്‍ജന്‍സി വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.

“ഇതാദ്യമായല്ല ഞങ്ങള്‍ അതിക്രമങ്ങളും അനീതിയും നേരിടുന്നത്. സൗരാഷ്ട്രയിലെയും ഗുജറാത്തിലെയും ദളിതര്‍ നേരത്തെയും ഇരകളായിട്ടുണ്ട്. സര്‍ക്കാറില്‍ നിന്നും നീതി ലഭിക്കണമെന്നതാണ് ഞങ്ങളുടെ ആവശ്യം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം.” ബോറിച്ച പറയുന്നു.


പരേഷ്ഭായ് ദയാഭായ് റാത്തോഡ് (വയസ്സ് 32) ജാലിയ, ഭാവ്‌നഗര്‍

തീക്കൊളുത്തി ആത്മഹത്യയ്ക്കുശ്രമിച്ച പരേഷ്ഭായിക്ക് 40% പൊള്ളലേറ്റിട്ടുണ്ട്. ഒരു രു സര്‍ക്കാര്‍ ഡിസ്‌പെന്‍സറിയില്‍ പ്രാഥമിക ചികിത്സ തേടിയ പരേഷ് ഭായിയെ പിന്നീട് ലാത്തിയാദ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും ബൊടാഡ് സിവില്‍ ഹോസ്പിറ്റലിലും മാറ്റി. ഇപ്പോള്‍ അഹമ്മദാബാദ് സിവില്‍ ഹോസ്പിറ്റലിലാണ് അദ്ദേഹം.

പൊള്ളലേറ്റ് വെള്ളം പോലും കുടിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് അദ്ദേഹം. സംസാരിക്കാന്‍ പറ്റാത്ത അവസ്ഥയിലായതിനാല്‍ പരേഷ് ഭായിക്കുവേണ്ടി ബന്ധുക്കളാണ് പറഞ്ഞത്. ഗ്രാമത്തിലെ ഉയര്‍ന്ന ജാതിക്കാരായ ആളുകളുടെ രണ്ടുവര്‍ഷത്തോളമായുള്ള പീഡനത്തിന്റെ” തുകയാണ് അദ്ദേഹത്തിന്റെ ആത്മഹത്യാശ്രമമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

“ഉന സംഭവവും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ കാണിച്ച വീഴ്ചയും അദ്ദേഹത്തിന്റെ എല്ലാ പ്രതീക്ഷയും തകര്‍ത്തു.” പരേഷിന്റെ സഹോദരന്‍ പ്രവീണ്‍ ഭായ് പറയുന്നു.

ഗ്രാമത്തിലെ ഉയര്‍ന്ന ജാതിക്കാരുമായുണ്ടായ ഭൂതര്‍ക്കത്തെ തുടര്‍ന്ന് തനിക്കും തന്റെ കുടുംബത്തിനും ഗ്രാമം വിടേണ്ടി വന്നു എന്നു പറഞ്ഞ് പരേഷ് നേരത്തെ പോലീസില്‍ പരാതിപ്പെട്ടിരുന്നതായും ബന്ധുക്കള്‍ പറയുന്നു.

“എന്റെ മകളെയും ഭര്‍ത്താവിനെയും പഞ്ചായത്ത് ഓഫീസില്‍ കെട്ടിയിട്ട് കമ്പുകൊണ്ടും ബെല്‍റ്റുകൊണ്ടും മര്‍ദ്ദിച്ചു. അതോടെ വീടും ഭൂമിയും ഉപേക്ഷിച്ച് ബൊടാഡ് നഗരത്തില്‍ സെറ്റില്‍ ചെയ്യാന്‍ അവര്‍ തീരുമാനിച്ചു. ദിവസക്കൂലിക്കാരായി ജോലി ചെയ്യുന്ന ഇവര്‍ ഇപ്പോള്‍ വാടകവീട്ടിലാണ് കഴിയുന്നത്.” പരേഷിന്റെ ഭാര്യാ പിതാവ് കല്യാണ്‍ഭായ് റാത്തോഡ് പറയുന്നു.

” പരേഷ് പറഞ്ഞത് അദ്ദേഹത്തെയും ഭാര്യയെയും സെഷന്‍സ് കോടതിക്ക് ഉള്ളില്‍വെച്ച് ശാരീരികമായി മര്‍ദ്ദിച്ചു എന്നാണ്. മൂന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും നീതി ലഭിച്ചില്ല.” അദ്ദേഹം പറയുന്നു.

“ഞങ്ങള്‍ കീഴ്ജാതിക്കാരാണ്. പാവങ്ങളാണ്. അത് ഞങ്ങളുടെ കുറ്റമാണോ? വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്തതിനാല്‍ സര്‍ക്കാര്‍ നിയമങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് അധികമൊന്നും അറിയില്ല. ദൈവഭയമുള്ള നിഷ്‌കളങ്കരാണ് ഞങ്ങള്‍. ഞങ്ങളുടെ കുട്ടികളുടെ ഭാവി എന്താകും.” പരേഷിന്റെ ഭാര്യ പ്രഭാബെന്‍ റാത്തോഡ് ചോദിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more